Asianet News MalayalamAsianet News Malayalam

'നാട്ടിലും റോട്ടിലും വീട്ടിലും ഒരുപോലെ ഹിംസ വളർന്നു' -എംഎൻ കാരശ്ശേരി

രണ്ടാം പിണറായി വിജയൻ സർക്കാരിലെ ഏറ്റവും കുത്തഴിഞ്ഞ വകുപ്പ് ആഭ്യന്തരമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു

MN Karassery about Goonda Raj in Kerala and inefficient policing
Author
Trivandrum, First Published Jan 20, 2022, 3:36 PM IST

കൊവിഡ് ഉപജീവനം തകർത്ത നമ്മുടെ നാട്ടിൽ കൂനിന്മേൽ കുരു എന്ന പോലെ അക്രമത്തിന്റേതായ, കൊലയുടേതായ ഒരു അന്തരീക്ഷം വളർന്നുവരികയാണ് എന്ന് സാമൂഹിക നിരീക്ഷകൻ എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍‌‌ലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഇന്ന് കൊട്ടേഷനെന്നത് ഒരു അംഗീകൃത ഉപജീവനമാർഗം പോലെ വളർന്നു വന്നിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു കണക്കു പ്രകാരം 13,000 -ൽ പരം പേരെയാണ് ഗുണ്ടാ ലിസ്റ്റിൽ പെടുത്തിയിട്ടുള്ളത്." അദ്ദേഹം പറഞ്ഞു. 

ഈ അവസ്ഥയ്ക്ക് വലിയൊരളവുവരെ ഉത്തരവാദികൾ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ആലപ്പുഴയിൽ എസ്ഡിപിഐയുടെ സംസ്ഥാന നേതാവ് കൊല്ലപ്പെട്ട സംഭവമാണ്. ആ കൊലപാതകം നടന്ന് എട്ടു മണിക്കൂറിനുള്ളിൽ തന്നെ തിരിച്ചടിക്കാൻ നിയോഗിക്കപ്പെട്ടത് പ്രൊഫഷണൽ ആയ കൊട്ടേഷൻ സംഘമാണ്. അവർ മറുപക്ഷത്തെ നേതാവിനെ വിളിച്ചിറക്കി വെട്ടിനുറുക്കിയത് പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത്താണ്. ജനാധിപത്യം ഹിംസാധിപത്യത്തിനും, ധനാധിപത്യത്തിനും വഴിമാറിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും ശത്രുക്കൾക്ക് സന്ദേശം നൽകുക എന്നൊരു ലക്‌ഷ്യം കൂടി നിവർത്തിക്കുന്നുണ്ട്. ഉദാ. ടിപി ചന്ദ്രശേഖരനെ വധിക്കാൻ പറഞ്ഞയച്ച സംഘത്തിന് വേണമെങ്കിൽ അദ്ദേഹത്തെ  വാഹനം ഇടിച്ചു കൊല്ലാമായിരുന്നു. എന്നാൽ, വാഹനം കൊണ്ട് ആളെ ഇടിച്ചിട്ട ശേഷം വടിവാളുകളുമായി ഇറങ്ങിച്ചെന്ന്  വെട്ടി നുറുക്കുന്നതിലൂടെ അവർ നൽകാൻ ആഗ്രഹിച്ചത് ഒരു മുന്നറിയിപ്പ് കൂടിയാണ്. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് ഇനിയങ്ങോട്ടും ഉണ്ടാകാവുന്ന ദുർഗതിയെക്കുറിച്ചുള്ള സൂചന. ഇത്തരത്തിൽ പാർട്ടിക്ക് വേണ്ടി ക്വട്ടേഷൻ കൊലപാതകങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജയിലിൽ വിഐപി പരിഗണന, ഇടയ്ക്കിടെ മാസങ്ങൾ നീണ്ടു നിൽക്കുന്ന പരോളുകൾ, വിവാഹങ്ങളിൽ എംഎൽഎമാർ അടക്കം ഉള്ളവരുടെ സാന്നിധ്യം, ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ശേഷം വെള്ളപൂശാനുള്ള സൈബർ എഴുത്തുകാരുടെ സേവനങ്ങൾ തുടങ്ങി പലതും ലഭ്യമാണ് എന്നിരിക്കെ, ഈ സംഘങ്ങളിൽ ആളുകൾക്ക് യാതൊരു ക്ഷാമവുമില്ല എന്ന അവസ്ഥയാണുള്ളത്. 

എന്നാൽ ഈ സാഹചര്യത്തിന് കാരണം കൊവിഡ് കാരണം ഉണ്ടായ സാമ്പത്തിക പരാധീനതകളോ തൊഴിൽ ക്ഷാമമോ അല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കാരണം, മഹാമാരി ജനങ്ങളിൽ ഉത്പാദിപ്പിക്കുന്നത് നിസ്സഹായതയാണ്. നിസ്സഹായതയിൽ നിന്ന് ജനിക്കേണ്ടത് സഹജീവികളോടുള്ള അനുകമ്പയും സഹതാപവുമാണ്. അല്ലാതെ അവരെ കൊന്നുതള്ളാനുള്ള വെറിയല്ല. ഈ സാഹചര്യത്തിന് കാരണം നാട്ടിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വെറുപ്പാണ്. എവിടെ നോക്കിയാലും വെറുപ്പ് പ്രചരിപ്പിക്കുന്ന പ്രസംഗങ്ങളാണ്.  ജാതിമതഭേദമെന്യേ ആളുകൾ പരസ്പരം വെറുപ്പ് പ്രസരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തി, അത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയക്കാർ ചാനലുകളിൽ വന്നിരുന്നുകൊണ്ട് പരസ്പരം ആക്രോശങ്ങൾ മുഴക്കുന്നതാണ് നമ്മൾ ചാനൽ ചർച്ചകളിൽ നിരന്തരം കാണുന്നത്. കെ റെയിൽ പോലുള്ള വിഷയങ്ങളിൽ വളരെ ന്യായമായ ആശങ്കകൾ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമ്പോൾ, അത്തരത്തിലുള്ള വിമർശനങ്ങളെ മതവിദ്വേഷത്തിന്റെ ആലയിൽ കൊണ്ട് കെട്ടുന്ന നയമാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുപോലും ഉണ്ടാവുന്നത് എന്നും കാരശ്ശേരി ആക്ഷേപിച്ചു. 

പണ്ടൊക്കെ വളരെ ഗുരുതരമായ കാരണങ്ങൾ കൊണ്ടായിരുന്നു ജനം ആത്മഹത്യക്ക് ഒരുമ്പെട്ടിരുന്നത്. അന്നൊക്കെ പള്ളവേദന, ക്ഷയം ഇത്യാദി വ്യാധികൾ ജനത്തെ പൊറുതിമുട്ടിച്ചിരുന്നു. പട്ടിണിയും പരിവട്ടവും അവരുടെ കഴുത്തിന് പിടിച്ചിരുന്നു. എന്നിട്ടും അവർ അതിന്റെ പേരിലൊന്നും ജീവനൊടുക്കുന്നതിലേക്ക് നീങ്ങിയിരുന്നില്ല. ഇന്നങ്ങനെയല്ല,"നാളെ പരീക്ഷയാണ്. ടിവി കാണാതെ പോയിക്കിയടന്നുറങ്ങ്..'' എന്ന് സ്വന്തം അച്ഛൻ പറഞ്ഞതിന്റെ പേരിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥി നമ്മുടെ കേരളത്തിലുണ്ട്. ആരാധനയോടെ പിന്തുടർന്നിരുന്ന ക്ലബ്ബ് ഒരു ടൂർണമെന്റിന്റെ സെമിയിൽ കയറില്ല എന്ന സംശയം ഒന്നുകൊണ്ടുമാത്രം പറമ്പിലെ പറങ്കിമാവിൻ കൊമ്പിൽ തൂങ്ങി ആത്മാഹുതി ചെയ്ത ഒരു ചെറുപ്പക്കാരനും നമ്മുടെ നാട്ടുകാരൻ തന്നെ. ഇങ്ങനെ വളരെ നിസ്സാരമായ കാര്യങ്ങൾക്കു പോലും ആത്മഹത്യയെ പറ്റി ചിന്തിക്കുന്നത്ര വിഷാദം നമ്മുടെ പുതുതലമുറയെ ഗ്രസിക്കാൻ ഒരു പ്രധാന കാരണം നവമാധ്യമങ്ങളിലൂടെ അവർ പരിചയിച്ച അക്രമത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം തന്നെയാണ്. നാട്ടിൽ നടക്കുന്ന അക്രമങ്ങൾ കണ്ടു ശീലിക്കുന്ന മനസ്സിന് അവനവനോടും അക്രമം പ്രവർത്തിക്കാൻ മടിയില്ലാത്ത അവസ്ഥ സംജാതമാവുന്നു എന്നും അദ്ദേഹം പറഞ്ഞു. 

വലിയൊരളവു വരെ നാട്ടിലെ കൊലയുടേതായ സാഹചര്യത്തിന് ഉത്തരവാദി ഇവിടത്തെ പൊലീസ് ആണെന്നും കാരശ്ശേരി പറഞ്ഞു. 'രണ്ടാം പിണറായി വിജയൻ സർക്കാരിലെ ഏറ്റവും കുത്തഴിഞ്ഞ വകുപ്പ് ആഭ്യന്തരമാണ്' എന്നും അദ്ദേഹം സൂചിപ്പിച്ചു. "സംസ്ഥാനത്തെ പൊലീസിൽ ആർഎസ്എസിന്റെ സ്വാധീനമുണ്ട്" എന്നാക്ഷേപിച്ചത് പ്രതിപക്ഷ നേതാവല്ല, കൂടെ നിൽക്കുന്ന ആനിരാജയാണ് എന്നതും ഓർക്കണം. നാട്ടിൽ എന്തെങ്കിലും പ്രതിഷേധമുണ്ടായാൽ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളെ മുഴുവൻ യുഎപിഎ ചുമത്തി അനിശ്ചിതകാലത്തേക്ക് ജയിലിൽ തള്ളുന്ന പൊലീസിന് ഗുണ്ടകൾ കണ്ണിൽ പെടുകയില്ല. അവർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല. ഇനി കാപ്പ ചുമത്തി ജില്ലക്ക് പുറത്തേക്ക് നാടുകടത്തിയാൽ തന്നെ നിസ്സാരമായ കാരണങ്ങൾ ബോധിപ്പിച്ച് തിരികെ നാട്ടിലേക്ക് എത്താനുള്ള ലൂപ്പ് ഹോളുകളും പൊലീസിന്റെ പക്ഷത്തുണ്ടാവും. ഈ അടുത്ത്, ഗുണ്ടാ കുടിപ്പകയുടെ പേരിൽ ഒരു പത്തൊമ്പതുകാരനെ മർദ്ദിച്ചു കൊന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിൽ കൊണ്ടുചെന്നിട്ട്, കൊന്നത് താനാണ് എന്ന് ജോമോൻ എന്നൊരു ഗുണ്ട പരസ്യമായി വിളിച്ചു പറഞ്ഞ സംഭവം വളരെ ആശങ്കാജനകമാണ് എന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios