എന്നാൽ, മകളെ പീഡിപ്പിച്ചു എന്ന വലിയ വിമർശനത്തെ തുടർന്നാണെന്ന് തോന്നുന്നു പിന്നാലെ അമ്മ മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തു. അതിൽ ഞാൻ നിന്നെ പീഡിപ്പിച്ചു എന്ന് തോന്നുന്നുണ്ടോ എന്ന് സ്ത്രീ മകളോട് ചോദിക്കുന്നത് കാണാം.
കുട്ടികളെ മാതാപിതാക്കൾ ശിക്ഷിക്കുന്ന വഴികൾ പലപ്പോഴും അതിര് കടന്നതാകാറുണ്ട്. അത് കുട്ടികളിൽ ഏൽപ്പിക്കുന്ന മാനസികാഘാതം ചിലപ്പോൾ വലുതായിരിക്കും. ഇവിടെ ഒരമ്മയും ചെയ്തത് അതാണ്. മകളെ ശിക്ഷിക്കുന്നതിനായി അമ്മ കണ്ടെത്തിയ മാർഗം അവളുടെ മുടി മുറിച്ച് കളയുക എന്നതാണ്. സംഭവത്തിന്റെ വീഡിയോ വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ആളുകൾ അമ്മയുടെ നടപടിയെ വിമർശിക്കുകയും ചെയ്തു.
ആദ്യം ഈ വീഡിയോ ടിക്ടോക്കിലാണ് പോസ്റ്റ് ചെയ്തത്. പിന്നാലെ ഇത് ട്വിറ്ററിലും വൈറലായി. വലിയ തരത്തിലാണ് സോഷ്യൽ മീഡിയയിൽ ആളുകൾ അമ്മയുടെ പ്രവൃത്തിയെ വിമർശിച്ചത്. ഇത് കുട്ടിയെ ബാധിച്ചിട്ടുണ്ടാകും എന്ന് പലരും കുറ്റപ്പെടുത്തി.
വീഡിയോയിൽ അമ്മ മകളോട് അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാം. തുടർന്ന്, മെടഞ്ഞിട്ട മുടിയിൽ പിടിച്ചു കൊണ്ട് ഓരോ ഭാഗമായി മുറിക്കുകയാണ്. അധികം വൈകാതെ അവളുടെ മുടിയുടെ നീളം കുറയുന്നത് കാണാം. ആദ്യമെല്ലാം മകൾ അമ്മയുടെ പ്രവൃത്തി തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, പയ്യെ പയ്യെ അവൾ പ്രതികരിക്കുന്നത് നിർത്തുകയാണ്. അമ്മയുടെ പ്രവൃത്തിയിൽ അവൾ ഞെട്ടിപ്പോയിട്ടുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്.
മകളെ അച്ചടക്കം പഠിപ്പിക്കാനാണ് താനിത് ചെയ്തത് എന്നാണ് പിന്നാലെ അമ്മ പറയുന്നത്. തന്നെ എപ്പോഴും അനുസരിക്കണമെന്നും സ്കൂളിൽ നന്നായി പഠിക്കണമെന്നും താൻ പറഞ്ഞതാണ് എന്നും എന്നാൽ അത് ചെയ്യാത്തതിനുള്ള ശിക്ഷയായിട്ടാണ് മുടി മുറിച്ചത് എന്നുമാണ് അമ്മയുടെ വാദം.
എന്നാൽ, ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് അമ്മയുടെ രീതി എന്ന് സോഷ്യൽ മീഡിയോ വിമർശിച്ചു. മകളെ പിടിച്ചു നിർത്തി. പലതായി പിന്നിയിട്ടിരിക്കുന്ന നീണ്ട മുടി മുഴുവനും മുറിച്ച് അത് വീഡിയോ പകർത്തി ടിക്ടോക്കിലിടുകയാണ് അവർ ചെയ്തത്. കുട്ടി ആകെ തകർന്നിരിക്കുന്നതായും വീഡിയോയിൽ നിന്നും മനസിലാവും.
അമ്മ മകളെ ഉപദ്രവിക്കുക തന്നെയാണ് ചെയ്തത് എന്നും പലരും പറഞ്ഞു. ഇത്തരം പീഡനമുറകൾ തങ്ങളുടെ കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്നത് തങ്ങളുടെ ജീവിതം എങ്ങനെയാണ് മാറ്റിമറിച്ചതെന്നും എത്രയധികം അത് തങ്ങളെ വേദനിപ്പിച്ചിരുന്നു എന്നും പലരും ഓർത്തെടുത്തു.
എന്നാൽ, മകളെ പീഡിപ്പിച്ചു എന്ന വലിയ വിമർശനത്തെ തുടർന്നാണെന്ന് തോന്നുന്നു പിന്നാലെ അമ്മ മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തു. അതിൽ ഞാൻ നിന്നെ പീഡിപ്പിച്ചു എന്ന് തോന്നുന്നുണ്ടോ എന്ന് സ്ത്രീ മകളോട് ചോദിക്കുന്നത് കാണാം. ഇല്ല എന്നാണ് കുട്ടിയുടെ മറുപടി. ഒപ്പം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എന്ന് നിനക്കറിയില്ലേ എന്നും ചോദിക്കുന്നുണ്ട്. കുട്ടി അതിന് ഉണ്ട് എന്നാണ് മറുപടി പറയുന്നത്. അതിലും കുട്ടി ആകെ തകർന്നിരിക്കുന്നത് പോലെയാണ് കാണാനാവുന്നത്. ഈ വീഡിയോയ്ക്കും വലിയ വിമർശനമാണ് ഉണ്ടായത്.
