Asianet News MalayalamAsianet News Malayalam

അമ്മയെന്നും കൂടെയുണ്ട്; സ്വവർ​ഗാനുരാ​ഗിയായ മകനൊപ്പം പ്രൈ‍ഡ് പരേഡിൽ പങ്കെടുത്ത് അമ്മ

'ഒരുപാട് കുട്ടികൾ താൻ ഇതിൽ പങ്കെടുത്തു കണ്ടതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞു. അതിൽ പലരുടേയും മാതാപിതാക്കൾ അവരെ അം​ഗീകരിക്കുന്നില്ല. തന്നെ കണ്ടത് അവർക്ക് പ്രതീക്ഷയാകുന്നു എന്ന് പലരും പറഞ്ഞു' എന്ന് മീനാക്ഷി പറഞ്ഞു. 

mom participated in pride parade to support son
Author
First Published Jan 14, 2023, 3:30 PM IST

ഇന്ത്യയിൽ സ്വവർ​ഗാനുരാ​ഗം ക്രിമിനൽ കുറ്റമല്ല. എങ്കിലും ഇപ്പോഴും നമ്മുടെ സമൂഹം സ്വവർ​ഗാനുരാ​ഗികളെയോ മറ്റ് LGBTQ+ കമ്മ്യൂണിറ്റിയിൽ പെടുന്നവരെയോ അം​ഗീകരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ, ഒരമ്മ തന്റെ മകനു വേണ്ടി എടുത്ത നിലപാടാണ് ഇപ്പോൾ വാർത്തയാവുന്നത്. സ്വവർ​ഗാനുരാ​ഗിയായ ആ മകന്റെയും അവനൊപ്പം പ്രൈഡ് പരേഡിൽ പങ്കെടുത്ത അമ്മയുടേയും ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ജനുവരി എട്ടിന് ദില്ലിയിൽ നടന്ന 13 -ാമത് പ്രൈഡ് പരേഡിലാണ് 24 -കാരനായ യാഷിനൊപ്പം അവന്റെ അമ്മയായ 41 -കാരി മീനാക്ഷിയും പങ്കെടുത്തത്. 

2019 -ൽ ആദ്യമായി പ്രൈഡ് പരേഡിൽ പങ്കെടുക്കുമ്പോൾ യാഷിന് പേടിയായിരുന്നു. ആരെങ്കിലും തന്റെ ചിത്രങ്ങൾ പകർത്തി ഓൺലൈനിൽ പങ്ക് വയ്ക്കുമോ? തന്റെ വീട്ടുകാർ ആരെങ്കിലും കാണുമോ എന്നതൊക്കെയായിരുന്നു പേടി. എന്നാൽ, നാല് വർഷത്തിന് ശേഷം ധൈര്യത്തോടെ അവൻ പരേഡിൽ പങ്കെടുക്കുകയും കൂടെ പങ്കെടുത്ത അമ്മയ്ക്കും കൂട്ടുകാർക്കും ഒപ്പമുള്ള അനേകം ചിത്രങ്ങൾ പകർത്തുകയും പങ്കു വയ്ക്കുകയും ചെയ്തു. 

'എന്റെ മാതാപിതാക്കൾ എന്നെ അം​ഗീകരിച്ചു. മറ്റുള്ളവരെ കൂടി അവർ അം​ഗീകരിക്കണം എന്നുള്ളതുകൊണ്ടാണ് അമ്മയെ പ്രൈഡ് പരേഡിൽ കൂടെ കൂട്ടിയത്' എന്നാണ് യാഷ് പറയുന്നത്. ഡെൽഹി സ്കൂൾ ഓഫ് സോഷ്യൽ‌ വർക്കിലെ അവസാന വർഷ വിദ്യാർത്ഥിയാണ് യാഷ്. 

'ഒരുപാട് കുട്ടികൾ താൻ ഇതിൽ പങ്കെടുത്തു കണ്ടതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞു. അതിൽ പലരുടേയും മാതാപിതാക്കൾ അവരെ അം​ഗീകരിക്കുന്നില്ല. തന്നെ കണ്ടത് അവർക്ക് പ്രതീക്ഷയാകുന്നു എന്ന് പലരും പറഞ്ഞു' എന്ന് മീനാക്ഷി പറഞ്ഞു. 

രണ്ടര വർഷം മുമ്പാണ് യാഷിന്റെ ഒരു കുടുംബാം​ഗം അവന്റെ മാതാപിതാക്കളെ അവൻ സ്വവർ​ഗാനുരാ​ഗിയാണെന്ന് അറിയിച്ചത്. ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു അവർക്കത് അം​ഗീകരിക്കാൻ. '2020 -ലാണ് യാഷ് ഹോമോസെക്ഷ്വലാണ് എന്ന് അറിയുന്നത്. ഞാൻ ഒരുപാട് കരഞ്ഞു. യാഷ് എന്റെ മൂത്ത മകനായിരുന്നു. എന്റെ എന്തോ തെറ്റ് കൊണ്ടാണ് മോൻ അങ്ങനെ ആയത് എന്നൊക്കെയായിരുന്നു അന്ന് ചിന്തിച്ചിരുന്നത്' എന്ന് മീനാക്ഷി പറഞ്ഞു. 

മോനോട് താൻ ഒരുപാട് തവണ സംസാരിച്ചു എന്നും അവസാനം അവനെ മനസിലാക്കാൻ സാധിച്ചു എന്നും മീനാക്ഷി പറഞ്ഞു. 'ഇന്ന് LGBTQ+ കമ്മ്യൂണിറ്റിയിൽ പെടുന്നവരുടെ വേദന മനസിലാക്കാൻ തനിക്ക് സാധിക്കുന്നുണ്ട്. അവരുടെ അവസ്ഥ ഓർത്ത് വേദനയുണ്ട്. അവരെ കുടുംബത്തിൽ ആരും പിന്തുണക്കാൻ ഇല്ലാത്തതിന്റെ വേദന അവർക്കുണ്ട്. കുടുംബം അവരെ അം​​ഗീകരിക്കണം. അവർക്കൊപ്പം നിൽക്കണം. അവരുടെ സന്തോഷം തിരികെ നൽകണം' എന്നും മീനാക്ഷി പറയുന്നു. 
 

Follow Us:
Download App:
  • android
  • ios