തനിക്ക് മോശം ദിവസമാണ് എങ്കിൽ തന്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് താനങ്ങനെ ചെയ്യുന്നത്. എല്ലാവർക്കും വേണ്ടി ഭക്ഷണം വാങ്ങാനുള്ള പണം ഉണ്ടാകാറില്ല എന്നും സ്ത്രീ പറയുന്നു.

കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള ജോലി തന്നെയാണ്. അവരുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധയെത്തണം. അവരുടെ കൂടെ നിൽക്കണം അങ്ങനെ അങ്ങനെ... അതിനിടയിൽ അമ്മമാർക്ക് മിക്കവാറും തങ്ങളുടെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടുന്നത് വളരെ വിരളമാണ്. അത്തരത്തിൽ ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. കുഞ്ഞുങ്ങളുറങ്ങിയ ശേഷം ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ച ഒരു സ്ത്രീയെ അവരുടെ മുൻപങ്കാളി 'മോശം അമ്മ' എന്ന് വിശേഷിപ്പിച്ചത്രെ. 

റെഡ്ഡിറ്റിലാണ് സ്ത്രീ തന്റെ അനുഭവം വിവരിച്ചത്. ചിലപ്പോഴെല്ലാം തന്റെ നാല് മക്കൾ ഉറങ്ങാൻ തുടങ്ങി കഴിഞ്ഞാൽ താൻ ഊബർ ഈറ്റ്സിലോ ഡോർഡാഷിലോ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാറുണ്ട്. അപ്പോൾ കുട്ടികളുമായി തനിക്ക് ഭക്ഷണം ഷെയർ ചെയ്ത് കഴിക്കേണ്ടി വരില്ല എന്നാണ് സ്ത്രീ എഴുതിയത്. പിന്നെ കുട്ടികൾ ഉണരുമ്പോഴേക്കും അതിന്റെ ബോക്സുകളും മറ്റും കളയും. എന്നാൽ, ഒരുദിവസം കുഞ്ഞുങ്ങൾ ഇത് കാണുകയും അവർക്കും വേണമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, താനത് മുഴുവൻ കഴിച്ചു എന്നാണ് മറുപടി നൽകിയത്.

ശേഷം കുട്ടികൾ ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ അവർ ഇക്കാര്യം ഭർത്താവിനോട് പറഞ്ഞു. അയാൾ തന്നെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരുപാട് മെസ്സേജുകൾ അയച്ചു. താൻ കുട്ടികൾക്ക് വേണ്ടി അയക്കുന്ന പണത്തിൽ നിന്നാണ് അവൾ ഭക്ഷണം വാങ്ങി കഴിക്കുന്നത് എന്നായിരുന്നു ആദ്യം കുറ്റപ്പെടുത്തിയത്. എന്നാൽ, താൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന കാശിൽ നിന്നുമാണ് താൻ തനിക്കുള്ള ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് എന്ന് സ്ത്രീ പോസ്റ്റിൽ പറയുന്നു. എന്നാൽ, ഇതിനെല്ലാം പുറമേ കുട്ടികൾ ഉറങ്ങിയ ശേഷം ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് കൊണ്ട് താനൊരു മോശം അമ്മയാണ് എന്ന് മുൻഭർത്താവ് ആരോപിച്ചു എന്നും സ്ത്രീ പോസ്റ്റിൽ പറയുന്നു. 

തനിക്ക് മോശം ദിവസമാണ് എങ്കിൽ തന്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് താനങ്ങനെ ചെയ്യുന്നത്. എല്ലാവർക്കും വേണ്ടി ഭക്ഷണം വാങ്ങാനുള്ള പണം ഉണ്ടാകാറില്ല എന്നും സ്ത്രീ പറയുന്നു. എന്നാൽ, സ്ത്രീക്ക് വളരെ അധികം പേരാണ് പിന്തുണ അറിയിച്ചത്. അങ്ങനെ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല എന്നും മിക്കവരും അഭിപ്രായപ്പെട്ടു.