മകന്റെ ബിസിനസ്സിനെക്കുറിച്ച് അറിഞ്ഞ ശേഷം, അവന്റെ മാതാപിതാക്കൾ ആശങ്കാകുലരാണ്. അവന്റെ ബിസിനസ്സ് സ്കൂളിൽ അവനെ കുഴപ്പത്തിലാക്കുമോ എന്ന് അവർ സംശയിക്കുന്നു. 

പണമുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച്, കുട്ടികൾക്ക്(Children) അതിനുള്ള പ്രാപ്തിയില്ല എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, കുട്ടികളെ ഒരിക്കലും വിലകുറച്ച് കാണാൻ സാധിക്കില്ലെന്ന് യുകെയിലുള്ള ഒരു പതിനാലുകാരൻ തെളിയിക്കുന്നു. ബിസിനസ്സ് കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെ എല്ലാത്തിനും അവർ പ്രാപ്തരാണ്. ഈ ആൺകുട്ടി തന്റെ സ്‌കൂളിൽ നിന്ന് ഒരു ദിവസം 10 പൗണ്ട് വരെ സമ്പാദിക്കുന്നു. ഏകദേശം 1000 രൂപ വരുമിത്. കുറച്ചുകാലം മുമ്പ് ആരംഭിച്ച ബിസിനസ്സ് വഴിയാണ് മകൻ ഈ തുക സമ്പാദിച്ചതെന്നാണ് ആ കുട്ടിയുടെ അമ്മ Mumsnet എന്ന വെബ്‌സൈറ്റിൽ പറയുന്നത്.

തനിക്ക് മകന്റെ വിജയത്തിൽ അഭിമാനമാണ് എന്നും അവർ പറയുന്നു. മാതാപിതാക്കൾക്കായുള്ള Mumsnet എന്ന വെബ്‌സൈറ്റിലാണ് അമ്മ ഈകാര്യം പറഞ്ഞിരിക്കുന്നത്. മകൻ അവന്റെ സ്‌കൂളിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയെന്നും, അവന്റെ 'ബിസിനസ്' അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും അമ്മ വെബ്സൈറ്റിൽ പങ്കുവെച്ചു. അവൻ ഇപ്പോൾ ഒരു ദിവസം ആയിരം രൂപ വരെ സമ്പാദിക്കുന്നു. അവന്റെ അടുത്ത് വരുന്നത് കൂടുതലും അവിടത്തെ കുട്ടികൾ തന്നെയാണ്. അവൻ ഇപ്പോൾ ഒരു ദിവസം ഏകദേശം ആയിരം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്ന് അവർ പറയുന്നു. "ഇത് ശരിക്കും അത്ഭുതമാണ്." അമ്മ പറയുന്നു.

സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് തന്റെ മകൻ വഴിയിലുള്ള ഒരു കടയിൽ കയറി മധുരപലഹാരങ്ങളും ചോക്ലേറ്റുകളും വാങ്ങാറുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു. പിന്നീട് സ്‌കൂളിലെത്തി അവയെല്ലാം കുട്ടികൾക്ക് ഇരട്ടി വിലയ്ക്ക് വിൽക്കും. അവന്റെ ഒപ്പമുള്ള കുട്ടികൾ ആ മധുരപലഹാരങ്ങൾക്ക് എത്ര പണം നൽകാനും തയ്യാറാണ് എന്നതാണ് കൂടുതൽ ഞെട്ടിപ്പിക്കുന്ന കാര്യം. കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ അവന്റെ ബിസിനസ് അതിവേഗം വളർന്നു. അത് മാത്രവുമല്ല, എല്ലാ ബിസിനസ്സ് ഇടപാടുകളും എഴുതി വയ്ക്കുന്ന ഒരു കണക്ക് പുസ്തകവുമുണ്ട് അവന്.

അവൻ തന്റെ ബിസിനസ്സ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിൽ അവിശ്വസനീയമാംവിധം തല്പരനാണ് എന്നും അമ്മ കൂട്ടിച്ചേർത്തു. തന്റെ ബാക്ക്‌പാക്കിൽ എത്ര മധുരപലഹാരങ്ങളും മിഠായികളും കൊണ്ടുപോകാം എന്നതിനെ ആശ്രയിച്ചാണ് തന്റെ ബിസിനസിന്റെ പുരോഗതിയെന്ന് അവൻ മാതാപിതാക്കളോട് പറഞ്ഞു. അതിനാൽ ഇപ്പോൾ ചെറിയതും ഉയർന്ന മൂല്യമുള്ളതുമായ മധുരപലഹാരങ്ങളിൽ അവൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മകന്റെ ബിസിനസ്സിനെക്കുറിച്ച് അറിഞ്ഞ ശേഷം, അവന്റെ മാതാപിതാക്കൾ ആശങ്കാകുലരാണ്. അവന്റെ ബിസിനസ്സ് സ്കൂളിൽ അവനെ കുഴപ്പത്തിലാക്കുമോ എന്ന് അവർ സംശയിക്കുന്നു. സ്കൂളിൽ ഇത് മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നതിനാൽ കുട്ടിയുടെ പിതാവ് അവന്റെ ബിസിനസ്സിനെ അനുകൂലിക്കുന്നില്ല. അതേസമയം, Mumsnet-ലെ അമ്മയുടെ ബ്ലോഗിനെ ഒരുപാട് പേർ അഭിനന്ദിച്ചു. ചിലർ ആൺകുട്ടിയെ "മിടുക്കൻ" എന്ന് വിളിച്ചു. മറ്റുള്ളവർ അവന്റെ ബിസിനസ്സ് കഴിവുകളെ പ്രശംസിച്ചു.