മനുഷ്യർ കഴിക്കുന്ന ഭക്ഷണത്തോട് കുരങ്ങുകൾക്കും ഏറെ പ്രിയമുണ്ട്. ഇതിനാലാണ്  വിനോദസഞ്ചാരികളുടെ ബാ​ഗുകളും ബാക്ക് പാക്കുകളുമൊക്കെ ഇവ പരിശോധിക്കുന്നത്.

ഇന്ത്യ ഉൾപ്പടെ മൂന്ന് രാജ്യങ്ങളിൽ കുരങ്ങുകളുടെ ആക്രമണം വർദ്ധിക്കുന്നതായി ഗവേഷകരുടെ റിപ്പോർട്ട്. ജപ്പാനും തായ്ലൻഡുമാണ് ഭീഷണി നേരിടുന്ന മറ്റ് രണ്ട് രാജ്യങ്ങൾ. 

ജപ്പാനിലെ ജാപ്പനീസ് മക്കാക്കുകൾ (Japanese macaques), തായ്‌ലൻഡിലെ പന്നിവാലുള്ളതും നീളമുള്ള വാലുള്ളതുമായ മക്കാക്കുകൾ (pig-tailed and long-tailed macaques ), ഇന്ത്യയിലെ ഹനുമാൻ ലംഗൂറുകൾ (Hanuman Langurs) എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2022 -ൽ ജപ്പാനിലെ ഒരു നഗരത്തിൽ കുരങ്ങുകളുടെ ആക്രമണത്തിൽ 42 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തായ്‌ലൻഡിൽ കുരങ്ങുകൾ ഒരു ഡ്രൈവറെ വാഹനത്തിൽ നിന്ന് തള്ളിയിട്ട് ആക്രമിച്ച സംഭവവും ഇന്ത്യയിലെ അഹമ്മദാബാദിൽ കുരങ്ങുകളുടെ ആക്രമണത്തിൽ ഒരു പത്തുവയസ്സുകാരൻ മരണമടഞ്ഞ അസുഖകരമായ സംഭവവും കഴിഞ്ഞ വർഷം ഉണ്ടായിരുന്നു.

ഇന്ത്യ, ജപ്പാൻ, തായ്ലാൻഡ് എന്നീ മൂന്ന് രാജ്യങ്ങളിലും വിവിധ ഇനത്തിൽപ്പെട്ട മക്കാക്ക് കുരങ്ങുകളുണ്ട്. ഇത്തരം കുരങ്ങുകൾ ബുദ്ധിയുള്ളവയും, സാമൂഹികബന്ധമുള്ളവരുമാണ്. ഭക്ഷണം സൂക്ഷിക്കാൻ ഇവയ്ക്ക് വായയിൽ പ്രത്യേക അറകളും സമീകൃതമായ ഒരു ഡയറ്റുമുണ്ട്. നാലു മുതൽ 5 കിലോ വരെയാണ് ഇവയുടെ ഭാരം. ഇവ ഇപ്പോൾ മനുഷ്യനെ കൂടുതലായി ആക്രമിക്കാനുള്ള കാരണമായി ശാസ്ത്രജ്ഞർ പറയുന്നത് അതിപരിചയമാണ്. മനുഷ്യരുമായി ദീർഘകാലം ബന്ധപ്പെട്ട് ജീവിക്കുന്ന മൃ​ഗങ്ങൾ ക്രമേണ മനുഷ്യരുമായി ഇണങ്ങുകയും അതോടെ ഈ മൃ​ഗങ്ങൾക്ക് മനുഷ്യരോടുള്ള പേടി നഷ്ടമാവുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.

മനുഷ്യർ കഴിക്കുന്ന ഭക്ഷണത്തോട് കുരങ്ങുകൾക്കും ഏറെ പ്രിയമുണ്ട്. ഇതിനാലാണ് വിനോദസഞ്ചാരികളുടെ ബാ​ഗുകളും ബാക്ക് പാക്കുകളുമൊക്കെ ഇവ പരിശോധിക്കുന്നത്. എന്നാൽ, കുരങ്ങുകൾ ആക്രമണത്തിനു മുൻപ് മുന്നറിയിപ്പുകൾ നൽകാറുണ്ടന്നും അവ തിരിച്ചറിയാൻ മനുഷ്യർക്ക് കഴിയാതെവരുന്നതും ആക്രമണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.

മൃ​ഗങ്ങളുമായി ഇടപഴകുമ്പോൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും തുടരാൻ മൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടത് പ്രധാനമാണ്. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ശുപാർശ ചെയ്യുന്നത് മൃഗങ്ങളിൽ നിന്ന് ഏഴ് മീറ്റർ അകലം പാലിക്കണമെന്നാണ്. കൂടാതെ കുരങ്ങുകളുമായി നേരിട്ട് കണ്ണുകളിലേക്ക് നോക്കുന്നതും പല്ലുകൾ പ്രദർശിപ്പിക്കുന്നതും ഒഴിവാക്കണം. കുരങ്ങുകൾ ഈ ആംഗ്യങ്ങൾ ആക്രമണാത്മകമായിട്ടാണത്രേ കാണുന്നത്. കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്നും ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ശുപാർശ ചെയ്യുന്നുണ്ട്. 

ആക്രമണത്തിന് മുമ്പ് ഇവ സാധാരണ കാണിക്കുന്ന ലക്ഷണങ്ങൾ, പല്ലുകൾ കാണിക്കുക, തല കുനിച്ചു പിടിച്ചുള്ള തുറിച്ചുനോട്ടങ്ങൾ, അല്ലെങ്കിൽ കൈകൊണ്ട് നിലത്തടിക്കുക എന്നിവയാണന്നാണ് വിദ​ഗ്ദർ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ നിശബ്ദമായി പിന്മാറണമെന്നും നിർദ്ദേശിക്കുന്നു.

വായിക്കാം: ഫോണില്‍ വീട്ടിലെ ക്യാമറ പരിശോധിച്ച ദമ്പതികൾ ഞെട്ടി, അപരിചിതന്റെ കുളിസീൻ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം