ബാഗിനുള്ളിൽ എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കാണുമെന്ന് കരുതിയാണ് കക്ഷി ബാഗ് കൈക്കലാക്കിയത്. ഒരു മരത്തിന് മുകളിൽ കയറിയിരുന്ന് സ്വസ്ഥമായി ബാഗ് തുറന്നപ്പോൾ കണ്ടതോ കുറെ നോട്ടുകെട്ടുകൾ മാത്രം.
പണ്ട് തൊപ്പിക്കാരന്റെ കൈയിൽനിന്ന് തൊപ്പിക്കൂട തട്ടിയെടുത്ത കുരങ്ങൻ്റെ കഥ കേട്ടിട്ടില്ലേ. ഏകദേശം ആ കഥയോട് ചേർന്നു നിൽക്കുന്ന മറ്റൊരു സംഭവം ഉത്തർപ്രദേശിലെ ഔറയ്യയിൽ നിന്നുള്ള ഒരു സ്കൂൾ അധ്യാപകന്റെ കാര്യത്തിലും ഉണ്ടായി. ഇദ്ദേഹത്തിൻ്റെ കൈവശം ഉണ്ടായിരുന്ന ബാഗ് ഒരു വികൃതിക്കുരങ്ങൻ തട്ടിയെടുത്തു. പക്ഷേ, ആ ബാഗ് വെറും ബാഗ് ആയിരുന്നില്ല അതിനുള്ളിൽ 80,000 രൂപയോളം ഉണ്ടായിരുന്നു. ബാഗുമായി മരത്തിനു മുകളിൽ കയറിയ കുരങ്ങൻ പിന്നെ വൈകിയില്ല ബാഗ് തുറന്ന് അതിനുള്ളിലെ നോട്ടുകൾ താഴേക്ക് വാരിവിതറി.
പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ? ഇതുകണ്ട് ആ പ്രദേശത്തുണ്ടായിരുന്നവർ മുഴുവൻ അവിടെ തടിച്ചുകൂടി. പരമാവധി നോട്ടുകൾ എല്ലാവരും കൈക്കലാക്കി. പാവം സ്കൂൾ അധ്യാപകന് കിട്ടിയതാകട്ടെ ഉണ്ടായിരുന്ന പണത്തിന്റെ മുക്കാൽ ഭാഗം മാത്രമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ദോദാപൂർ ഗ്രാമത്തിൽ നിന്നുള്ള സ്വകാര്യ സ്കൂൾ അധ്യാപകനായ രോഹിതാഷ് ചന്ദ്രയുടെ പണം അടങ്ങിയ ബാഗാണ് കുരങ്ങൻ തട്ടിയെടുത്തത്. തഹസിൽദാർ ഓഫീസിൽ ഒരു ഭൂമി ഇടപാട് നടത്താൻ എത്തിയപ്പോഴായിരുന്നു സംഭവം. തന്റെ മോട്ടോർസൈക്കിളിന്റെ ബൂട്ടിനുള്ളിൽ ആയിരുന്നു ഇദ്ദേഹം ബാഗ് സൂക്ഷിച്ചിരുന്നത്. ഓഫീസിലെ രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോൾ ആണ് എവിടെനിന്നോ എത്തിയ ഒരു കുരങ്ങൻ ബൂട്ട് തുറന്ന് ബാഗ് കൈലാക്കിയത്.
ബാഗിനുള്ളിൽ എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കാണുമെന്ന് കരുതിയാണ് കക്ഷി ബാഗ് കൈക്കലാക്കിയത്. ഒരു മരത്തിന് മുകളിൽ കയറിയിരുന്ന് സ്വസ്ഥമായി ബാഗ് തുറന്നപ്പോൾ കണ്ടതോ കുറെ നോട്ടുകെട്ടുകൾ മാത്രം. പിന്നെ വൈകിയില്ല നോട്ടുകെട്ടുകൾ എടുത്ത് വലിച്ചെറിയാൻ തുടങ്ങി. മരത്തിനു മുകളിൽ നിന്നും പണം വീഴുന്നത് കണ്ട് അത്ഭുതപ്പെട്ട് അവിടെയുണ്ടായിരുന്ന ആളുകൾ മുഴുവൻ തടിച്ചുകൂടി. കിട്ടിയവർ കിട്ടിയവർ തങ്ങൾക്കു കിട്ടിയ പണവുമായി മുങ്ങിക്കളഞ്ഞു.
സംഭവത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ മരത്തിനു മുകളിൽ നിന്നും 500 രൂപാ നോട്ടുകൾ കുരങ്ങൻ താഴേക്ക് വലിച്ചെറിയുന്നതും താഴെ കൂടി നിൽക്കുന്ന ആളുകൾ അത് കൈക്കലാക്കുന്നതും കാണാം. എല്ലാത്തിനും ഒടുവിൽ പണത്തിന്റെ യഥാർത്ഥ ഉടമയായ അധ്യാപകന് കിട്ടിയതാകട്ടെ 52,000 രൂപ മാത്രമാണ്. ബാക്കി 28,000 രൂപ അവിടെ കൂടിയിരുന്നവരുടെ കൈകളിലായി എന്ന് ചുരുക്കം.
