പത്തുകൊല്ലം സൂക്ഷ്മതയോടെ സമ്പാദിച്ചാലും തന്റെ ലക്ഷ്യത്തിലേക്ക് അടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാണ് യുവാവ് പറയുന്നത്.
ബെംഗളൂരുവിലെ 27 വയസ്സുള്ള ഒരു ടെക്കി അടുത്തിടെ റെഡ്ഡിറ്റിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തു. നഗരത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. പ്രതിമാസം 1.9 ലക്ഷം താൻ സമ്പാദിക്കുന്നുണ്ട്. ചെലവുകൾ കഴിഞ്ഞ് ഏകദേശം 1.5 ലക്ഷം കയ്യിലുണ്ടാവും. എന്നിട്ടും, ബെംഗളൂരുവിൽ ഒരു വീട് വാങ്ങുന്നത് തനിക്ക് അസാധ്യമാണെന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. 3BHK അപ്പാർട്ടുമെന്റുകളുടെ വില ഇപ്പോൾ 1.8 കോടി മുതൽ 2.2 കോടി വരെയാണ്. പത്തുകൊല്ലം സൂക്ഷ്മതയോടെ സമ്പാദിച്ചാലും തന്റെ ലക്ഷ്യത്തിലേക്ക് അടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നാണ് യുവാവ് പറയുന്നത്.
തന്റെ ജീവിതം മുഴുവൻ ഇഎംഐകൾ അടച്ചുകൊണ്ടിരിക്കേണ്ടി വരുമോ എന്നാണ് യുവാവിന്റെ ചോദ്യം. മാത്രമല്ല, ഈ ജീവിതത്തിൽ ആകെ തനിക്ക് ചെയ്യാനാവുക ഒരു ഫ്ലാറ്റ് സ്വന്തമാക്കൽ മാത്രമാണോ എന്നും യുവാവിന് സംശയമുണ്ട്. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി വന്നത്. പെട്ടെന്ന് ഒരു വീടെടുക്കാം എന്ന് ചിന്തിക്കുന്നതിന് പകരം ആവശ്യത്തിന് പണം സമ്പാദിക്കുകയും ശേഷം ഒരു വീടെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്യാവുന്നതാണ് എന്നാണ് ഒരാൾ കമന്റ് നൽകിയത്. ജീവിതം നമ്മെ ഏത് ദിശയിലേക്കാണ് കൊണ്ടുപോവുക എന്ന് അറിയില്ല. വിവാഹിതനായാൽ, ചിലപ്പോൾ നിങ്ങൾക്ക് ഈ നഗത്തിൽ നിന്ന് മാറേണ്ടി വരികയോ, നിങ്ങളുടെ മുൻഗണന മാറുകയോ ചെയ്തേക്കാം എന്നും കമന്റിൽ പറയുന്നു.
മറ്റ് ചിലർ എത്ര രൂപ ഇഎംഐ അടക്കേണ്ടി വരും എന്നാണ് കണക്ക് കൂട്ടിയത്. അതേസമയം, ഒരാളുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് ലോൺ എടുക്കുക എന്നത് റിസ്കാണ് എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറച്ച് തുക കയ്യിൽ കരുതിയ ശേഷം വീടെടുക്കുക എന്നതാണ് മികച്ച തീരുമാനം എന്നും പലരും അഭിപ്രായപ്പെട്ടു.


