Asianet News MalayalamAsianet News Malayalam

കള്ളനെ പിടികൂടാൻ സഹായമായത് ചത്ത രണ്ട് കൊതുകുകൾ, സംഭവം ഇങ്ങനെ

രക്തക്കറ കള്ളന്റേത് തന്നെയാകാമെന്ന് പൊലീസ് അനുമാനിച്ചു. തുടർന്ന് പൊലീസ് രക്ത സാമ്പിളുകൾ എടുത്ത് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ സാമ്പിൾ ചായി എന്ന് വിളിക്കപ്പെടുന്ന ഒരു കുറ്റവാളിയുടെ സാമ്പിളുമായി പൊരുത്തപ്പെട്ടു. അങ്ങനെ കവർച്ച നടന്ന് 19 ദിവസങ്ങൾക്ക് ശേഷം, ചായിയെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു.

Mosquito helps police to catch Burglar
Author
China, First Published Jul 18, 2022, 12:25 PM IST

ചൈനയിൽ ഒരു മോഷ്ടാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് രണ്ട് കൊതുകുകൾ. കള്ളന്റെ രക്തം ഊറ്റികുടിച്ച കൊതുകിന്റെ ഡിഎൻഎ പരിശോധിച്ചാണ് പൊലീസ് കുറ്റവാളിയെ കണ്ടെത്തിയത്. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് മോഷണം നടന്നത്. ജൂൺ 11 -ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ കള്ളൻ അവിടെയുള്ള വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ മോഷ്ടിച്ചു. മാത്രവുമല്ല, അകത്ത് കടന്ന കള്ളൻ അടുക്കളയിൽ പോയി മുട്ടയും നൂഡിൽസും പാകം ചെയ്തു കഴിച്ചു. തുടർന്ന് ഉടമയുടെ കിടപ്പുമുറിയിൽ ചെന്ന് നല്ലൊരു ഉറക്കവും കഴിഞ്ഞാണ് സ്ഥലം വിട്ടത്. പിന്നാലെ പൊലീസ് സംഭവ സ്ഥലത്തെത്തി. എന്നാൽ, ഫ്ലാറ്റിന്റെ വാതിൽ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. മോഷ്ടാവ് ബാൽക്കണി വഴി ഫ്ലാറ്റിൽ കടന്നതായി പൊലീസ് തിരിച്ചറിഞ്ഞു. കള്ളൻ ഉപയോഗിച്ച പുതപ്പും, മുറിയിൽ കത്തിച്ചിരുന്ന കൊതുക് തിരികളും പൊലീസ് കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലം അരിച്ചു പെറുക്കുന്നതിനിടയിലാണ് പൊലീസ് ആ കാര്യം കണ്ടത്, ചുവരിൽ രക്തക്കറകറകൾ. സ്വീകരണമുറിയുടെ ചുമരിൽ രണ്ട് ചത്ത കൊതുകുകളും രക്തക്കറകളും പൊലീസ് കണ്ടെത്തി.    

രക്തക്കറ കള്ളന്റേത് തന്നെയാകാമെന്ന് പൊലീസ് അനുമാനിച്ചു. തുടർന്ന് പൊലീസ് രക്ത സാമ്പിളുകൾ എടുത്ത് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ സാമ്പിൾ ചായി എന്ന് വിളിക്കപ്പെടുന്ന ഒരു കുറ്റവാളിയുടെ സാമ്പിളുമായി പൊരുത്തപ്പെട്ടു. അങ്ങനെ കവർച്ച നടന്ന് 19 ദിവസങ്ങൾക്ക് ശേഷം, ചായിയെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 30 നായിരുന്നു അത്. ചോദ്യം ചെയ്യലിൽ അയാൾ മോഷണ കുറ്റം സമ്മതിച്ചു. ഇത് കൂടാതെ മറ്റ് നാല് മോഷണങ്ങൾ കൂടി താൻ ചെയ്തതായി അയാൾ പൊലീസിനോട് തുറന്ന് പറഞ്ഞു.  വിചാരണ കാത്ത് കിടക്കുകയാണ് അയാൾ ഇപ്പോൾ.  

ചൈനയിൽ ഇതുപോലെ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസ് പ്രധാനമായും ആശ്രയിക്കുന്ന ഒരു മാർഗ്ഗമാണ് ഡിഎൻഎ പരിശോധന. ജൂണിൽ കിഴക്കൻ ചൈനയിലെ സെജിയാങിൽ പൊലീസ് 69 -കാരിയായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതും ഈ ഡിഎൻഎ പരിശോധന വഴിയാണ്. ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് അവർ എറിഞ്ഞ ഒരു ചോളം എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തലയിൽ അടിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ചോളത്തിലുണ്ടായ ഉമിനീർ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ചോളം അവരുടേതാണ് എന്ന് പൊലീസ് മനസ്സിലാക്കിയത്. 

ചോങ്‌കിംഗ് പൊലീസിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സമീപ വർഷങ്ങളിൽ, അവർ പരിഹരിച്ച 10 ശതമാനത്തിലധികം ക്രിമിനൽ കേസുകളിലും നിർണായക തെളിവുകൾ കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെയാണ്.  

Follow Us:
Download App:
  • android
  • ios