ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായ, വില അഞ്ച് ലക്ഷം മുതൽ എട്ടരക്കോടി വരെ
ബെർമുഡ, മാലിദ്വീപ് തുടങ്ങിയ ചിലയിടങ്ങൾ ടിബറ്റൻ മാസ്റ്റിഫുകളെ നിരോധിച്ചിട്ടുണ്ട്. മറ്റ് ഇനങ്ങളുമായി ഇണങ്ങി ചേരാൻ ഏറെ ബുദ്ധിമുട്ടുള്ള ഇവ ഏറെ ആക്രമണകാരികളായ നായകളാണ്.

ഒരുപക്ഷേ വളർത്തുമൃഗങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് നായ്ക്കൾ തന്നെയായിരിക്കും. ഉടമസ്ഥനോട് ഏറെ കൂറുള്ള വളർത്തുമൃഗവും നായ തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു വളർത്തുനായ എങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ അപൂർവ്വമായിരിക്കും. നായ്ക്കൾ മനുഷ്യൻറെ നല്ല കാവൽക്കാർ ആയതു തന്നെയാണ് ഇതിന് കാരണം.
പല ഇനങ്ങളിൽ പെട്ട വളർത്തുനായകൾ നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകും. ഓരോ ഇനത്തിൽപ്പെട്ട നായ്ക്കൾക്കും അതിന്റേതായ സ്വഭാവ സവിശേഷതകളും കാണും. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായ ഏതാണ് എന്ന് അറിയാമോ? ടിബറ്റൻ മാസ്റ്റിഫ് (Tibetan Mastiff) എന്നറിയപ്പെടുന്ന ഇനത്തിൽപ്പെട്ട നായ്ക്കളാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഇനം നായ്ക്കളായി അറിയപ്പെടുന്നത്. ഇനി ഇവയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. 6000 ഡോളർ മുതൽ ഒരു മില്യൺ ഡോളർ വരെ വില വരും ഇവയ്ക്ക്. അതായത് അഞ്ച് ലക്ഷം മുതൽ എട്ടരക്കോടി രൂപ വരെ.
2011-ൽ ഒരു ചൈനീസ് വ്യവസായി ബിഗ് സ്പ്ലാഷ് എന്നു പേരുള്ള ഒരു റെഡ് ടിബറ്റൻ മാസ്റ്റിഫിനുവേണ്ടി മുടക്കിയത് 1.5 മില്യൺ ഡോളർ ആണ്. 2014 -ൽ, മറ്റൊരു ചൈനീസ് സംരംഭകൻ 1.9 മില്യൺ ഡോളർ നൽകിയാണ് 1 വയസ്സ് പ്രായമുള്ള ഗോൾഡൻ ഹെയർ മാസ്റ്റിഫിനെ സ്വന്തമാക്കിയത്.
ബെർമുഡ, മാലിദ്വീപ് തുടങ്ങിയ ചിലയിടങ്ങൾ ടിബറ്റൻ മാസ്റ്റിഫുകളെ നിരോധിച്ചിട്ടുണ്ട്. മറ്റ് ഇനങ്ങളുമായി ഇണങ്ങി ചേരാൻ ഏറെ ബുദ്ധിമുട്ടുള്ള ഇവ ഏറെ ആക്രമണകാരികളായ നായകളാണ്. തങ്ങൾ വളരുന്ന സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് അന്യർ എന്ന് തോന്നുന്ന എല്ലാ ജീവജാലങ്ങളെയും ഇവ ആക്രമിക്കും. അതുകൊണ്ടുതന്നെ ശരിയായ പരിശീലനം നൽകിയാൽ മാത്രമേ ഇവയെ ഇണക്കി വളർത്താൻ സാധിക്കുകയുള്ളൂ. മാത്രമല്ല ഈ നായ്ക്കളെ വളർത്തുമ്പോൾ മറ്റ് ഇനങ്ങളിൽ പെട്ട ഒരു നായ്ക്കളെയും വളർത്താൻ സാധിക്കില്ല. കാരണം അവയോട് ഒന്നിനോടും ഇണങ്ങിച്ചേരുന്ന സ്വഭാവക്കാർ അല്ല ഇവർ. 10 മുതൽ 16 വർഷം വരെയാണ് പൊതുവിൽ ഇവയുടെ ജീവിത കാലയളവ്.