Asianet News MalayalamAsianet News Malayalam

'എന്നെയും അനിയത്തിയേയും ലൈം​ഗികവ്യാപാരത്തിലേക്കിറക്കി വിട്ടത് ഞങ്ങളുടെ അമ്മയായിരുന്നു' -അനുഭവം

അവിടെനിന്നും രക്ഷപ്പെടുത്തിയ ശേഷം എന്നെ ഒരു അഭയകേന്ദ്രത്തിലാക്കി. സ്കൂളിലും ചേർത്തു. എന്നാൽ, അതുവരെയുണ്ടായിരുന്ന അനുഭവങ്ങളുടെ ആഘാതത്തിൽ നിന്നും പുറത്തുകടക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. 

mother forces us into sex trade. experience
Author
Kolkata, First Published Feb 13, 2021, 2:50 PM IST

(പലപ്പോഴും അമ്മമാർ തന്നെ മക്കളെ വിൽക്കുന്നതും അച്ഛൻ തന്നെ മകളെ പീ‍ഡിപ്പിക്കാൻ കൂട്ടുനിൽക്കുന്നതുമായ സംഭവങ്ങളെല്ലാം നാം കേട്ടിട്ടുണ്ട്. അത് കുട്ടികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ ഭീകരമാണ്. ചില കുട്ടികൾ അതിൽ നിന്നും രക്ഷപ്പെടും. ചിലർ രക്ഷപ്പെടാനാവാത്തവണ്ണം കാലാകാലങ്ങളോളം അതിൽ അകപ്പെട്ടു പോകും. ഇത് അങ്ങനെ രക്ഷപ്പെടാൻ കഴിഞ്ഞൊരു പെൺകുട്ടിയുടെ അനുഭവമാണ്. അവൾ രക്ഷപ്പെടുക മാത്രമല്ല സഹോദരിയെ മോചിപ്പിക്കാനും അവൾക്ക് കഴിഞ്ഞു. അഹാന എന്ന പെൺകുട്ടിയുടെ അനുഭവം വായിക്കാം.)

mother forces us into sex trade. experience

എനിക്കന്ന് 12 വയസായിരുന്നു പ്രായം. അച്ഛൻ മരിച്ചു. അമ്മയും ഞാനും സഹോദരങ്ങളും അമ്മമ്മയുടെ വീട്ടിലായിരുന്നു. എൻറെ അന്നത്തെ ഓർമ്മകളിലെല്ലാം ഗാർഹിക പീഡനത്തിന് ഇരയാവുന്ന എൻറെ അമ്മയാണ്. എന്നാൽ, അച്ഛന്റെ മരണശേഷം അമ്മ വീണ്ടും വിവാഹം കഴിച്ചു. രണ്ടാനച്ഛനുമായി എനിക്കത്ര നല്ല ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, കാര്യങ്ങൾ വഷളായത് അപ്പോഴൊന്നുമായിരുന്നില്ല. എൻറെ സ്വന്തം അമ്മ തന്നെ എന്നെ ലൈംഗികവ്യാപാരത്തിലേക്ക് ഇറക്കി വിട്ടപ്പോഴാണ്. 

എൻറെ കുടുംബം വലിയ സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. അതിനാൽത്തന്നെ നാലാം ക്ലാസിൽ വച്ച് എനിക്ക് പഠനം നിർത്തേണ്ടി വന്നിരുന്നു. പതിനഞ്ച് വയസായപ്പോഴേക്കും ലൈംഗിക വ്യാപാരത്തിനിറങ്ങി വീട്ടിലെ പട്ടിണി മാറ്റേണ്ട ചുമതല എൻറേതായി. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കൽക്കത്തയിലെ വിവിധ ഹോട്ടലുകളിൽ വേശ്യാവൃത്തി നടത്താൻ അമ്മ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. അമ്മ എപ്പോഴും എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒപ്പം ഞാൻ കൊണ്ടുവരുന്ന ഓരോ രൂപയും അവർ എടുത്തു. നാലുമാസത്തോളം ഇങ്ങനെ പണവുമായെത്തിയ മുതിർന്ന ആണുങ്ങളെന്നെ ഉപയോഗിച്ചു.

mother forces us into sex trade. experience

2015 മെയ് 14 -ന് കൽക്കത്ത ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെൻറും ഇൻറർനാഷണൽ ജസ്റ്റിസ് മിഷനും ചേർന്ന് രക്ഷപ്പെടുത്തും വരെ ഈ പീഡനം തുടർന്നു. ആ രക്ഷാപ്രവർത്തനത്തിൻറെ ഭാഗമായി എൻറെ അമ്മ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് അവർ ജാമ്യത്തിലിറങ്ങി. എൻറെ 13 വയസുള്ള സഹോദരി പിങ്കിയെ കുറിച്ചും ഞാൻ രക്ഷയ്ക്കെത്തിയവരോട് പറഞ്ഞു. അവളെയും അമ്മ ലൈംഗികവ്യാപാരത്തിലേക്കിറങ്ങാൻ നിർബന്ധിച്ചിട്ടുണ്ടാവുമെന്ന് ഞാൻ ഭയന്നിരുന്നു. 

അവിടെനിന്നും രക്ഷപ്പെടുത്തിയ ശേഷം എന്നെ ഒരു അഭയകേന്ദ്രത്തിലാക്കി. സ്കൂളിലും ചേർത്തു. എന്നാൽ, അതുവരെയുണ്ടായിരുന്ന അനുഭവങ്ങളുടെ ആഘാതത്തിൽ നിന്നും പുറത്തുകടക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഉറക്കമില്ലായ്മയും പേടിയും എല്ലായ്പ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു. എൻറെ ഭൂതകാലത്തെ കുറിച്ച് മനസ് തുറക്കുക എന്നത് തന്നെ എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. എൻറെ സഹോദരിയുടെ സുരക്ഷയെക്കുറിച്ചോർത്ത് എല്ലായ്പ്പോഴും ഞാൻ ആകുലപ്പെട്ടു. ഒരിക്കൽ ഞാൻ തള്ളപ്പെട്ട അതേ ഇരുണ്ട ലോകത്തേക്ക് തന്നെ അവളും തള്ളപ്പെട്ടിട്ടുണ്ടാവുമോ എന്ന് ഞാൻ ഭയന്നു.

mother forces us into sex trade. experience

അങ്ങനെ ഞാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പൊലീസിനും കത്തുകളെഴുതി തുടങ്ങി. അമ്മ അവളെയും ചൂഷണം ചെയ്യാൻ വിട്ടുകൊടുക്കുന്നുണ്ടാകുമോ എന്ന പേടിയും സംശയവും ഞാനാ കത്തുകളിൽ വ്യക്തമാക്കി. 2016 ജൂണിൽ പൊലീസും സാമൂഹിക പ്രവർത്തകരും ചേർന്ന് എൻറെ ഇളയ സഹോദരിയെ കണ്ടെത്തി. എൻറെ ഭയം സത്യമായിരുന്നു. അമ്മയും മറ്റ് രണ്ടാളുകളും ചേർന്ന് ഒരു സ്വകാര്യ അപാർട്മെൻറിൽ വച്ച് അവളെ വിറ്റ് കാശുണ്ടാക്കുകയായിരുന്നു. പിന്നീടുള്ള കുറച്ച് മാസത്തിനുള്ളിൽ കൽക്കത്ത പൊലീസും ഇൻറർനാഷണൽ ജസ്റ്റിസ് മിഷൻ സംഘവും ചേർന്ന് രക്ഷപ്രവർത്തനത്തിനുള്ള പദ്ധതി തയ്യാറാക്കുകയും പിങ്കിയെ മോചിപ്പിക്കുകയും അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

2018 ഒക്ടോബർ 18 -ന് കൽക്കത്ത പൊലീസ് പിങ്കിയെ കുറിച്ചുള്ള എല്ലാം വിവരവും കണ്ടെത്തി. അപ്പാർട്മെൻറ് റെയ്ഡ് ചെയ്തു. അമ്മയുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. അതേ അപാർട്മെൻറിൽ 17 വയസുള്ള മറ്റൊരു പെൺകുട്ടി കൂടി ചൂഷണത്തിനിരയാകുന്നുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഒരുപാട് കാലം വേണ്ടി വന്നു, ശാരീരികമായ പീഡനങ്ങളുടെ വേദനയും അമ്മ ചതിച്ചതിലെ വേദനകളും പേടിയുമെല്ലാം മറികടക്കാൻ. അമ്മയ്ക്കെതിരെ സാക്ഷ്യം പറഞ്ഞതാണ് മറ്റുള്ളുവർക്ക് കൂടി നീതിതേടിക്കൊടുക്കാനും അമ്മയെ നിയമത്തിന് മുന്നിലെത്തിക്കാനും സഹായിച്ചത്. 

ഏതായാലും ഞാൻ പഠിക്കാനും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടാനും തീരുമാനിച്ചു. ഒരുനാൾ ഒന്നുകിൽ ഞാനൊരു എയർഹോസ്റ്റസാകും അല്ലെങ്കിൽ ബ്യൂട്ടീഷനാകും. അങ്ങനെ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചതെല്ലാം മറക്കും.

(പേരുകൾ സാങ്കൽപികം, ചിത്രങ്ങൾ പ്രതീകാത്മകം. വിവരങ്ങൾക്ക് കടപ്പാട്: ഇൻറർനാഷണൽ ജസ്റ്റിസ് മിഷൻ)
 

Follow Us:
Download App:
  • android
  • ios