തട്ടിക്കൊണ്ടുപോകൽ, പാമ്പ് കടി, വാഹനാപകടം തുടങ്ങിയ എന്തും തദ്ദ്യൂസിന് സംഭവിക്കുമായിരുന്നുവെന്ന് അറസ്റ്റിംഗ് ഓഫീസർ ഡെപ്യൂട്ടി ഷെരീഫ് മാർക്ക് പൈലറ്റ് തന്റെ അറസ്റ്റ് റിപ്പോർട്ടിൽ എഴുതി.
പകർച്ചവ്യാധി(pandemic)യുടെ തുടക്കത്തിൽ ഇളയ കുട്ടികളെ മൂത്തമകളെ ഏല്പിച്ച് ജോലിക്ക് പോയതിന് ഒരു അമ്മ ഇപ്പോൾ വിചാരണ നേരിടുകയാണ്. അഞ്ച് മക്കളുള്ള മെലിസ ഹെൻഡേഴ്സൺ(Melissa Henderson) തനിച്ചാണ് താമസിക്കുന്നത്. 2020 മെയ് മാസത്തിൽ, മഹാമാരി മൂലം കുഞ്ഞുങ്ങളുടെ ഡേകെയർ സെന്റർ അടച്ചുപൂട്ടി. മക്കളെ വിശ്വസിച്ച് ഏല്പിക്കാൻ മറ്റൊരിടവുമില്ല. തനിച്ച് കുടുംബം നോക്കുന്ന അവർക്ക് ജോലിക്ക് പോകാതെ വേറെ നിവർത്തിയുമുണ്ടായില്ല. അങ്ങനെയാണ് ഇളയ മക്കളെ തന്റെ മൂത്ത കുട്ടിയായ 14 വയസ്സുള്ള ലിൻലിയുടെ സംരക്ഷണയിൽ ഏൽപ്പിച്ച് അവർ ജോലിയ്ക്ക് പോയത്. എന്നാൽ, ആ അമ്മ ഇപ്പോൾ അശ്രദ്ധമായ പെരുമാറ്റത്തിന് വിചാരണ നേരിടുകയാണ്.
മഹാമാരിയ്ക്ക് ശേഷം ലിൻലി ഓൺലൈൻ വഴിയായിരുന്നു പഠിച്ചിരുന്നത്. ഒരു ദിവസം ലിൻലി ഓൺലൈൻ ക്ലാസ്സ് ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, അവളുടെ നാല് വയസ്സുള്ള സഹോദരൻ തദ്ദ്യൂസ് വീട്ടിൽ നിന്ന് പുറത്തിറങ്ങി. അവന്റെ സുഹൃത്ത് പുറത്ത് നിന്ന് കളിക്കുന്നത് കണ്ടുകൊണ്ടാണ് അവനും പുറത്തിറങ്ങി പോയത്. ലിൻലി ഇതിനിടയിൽ അനിയനെ ശ്രദ്ധിച്ചുമില്ല. എന്നാൽ ഏകദേശം 10-15 മിനിറ്റുകൾക്കുള്ളിൽ, ലിൻലി അവനെ തേടി ഇറങ്ങി. തെരുവിന്റെ ഓരത്തുള്ള അവന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് അവനെ അവൾ കണ്ടെത്തി. എന്നാൽ അതിനിടയിൽ ആ സുഹൃത്തിന്റെ അമ്മ പൊലീസിനെ വിളിച്ചു.
ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, ഹെൻഡേഴ്സനെ അവളുടെ മക്കളുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാൽ, ഹെൻഡേഴ്സണിന് പരമാവധി ഒരു വർഷത്തെ തടവും 1,000 ഡോളർ പിഴയും ലഭിക്കും. സംഭവത്തിന് തൊട്ടുപിന്നാലെ, പൊലീസ് അവളുടെ വിവരങ്ങൾ ശേഖരിച്ചുവെങ്കിലും, നടപടി ഒന്നുമുണ്ടായില്ല. എന്നാൽ തദ്ദ്യൂസ് മുൻപും ഇതുപോലെ വീടിന് വെളിയിൽ പോയിട്ടുണ്ട് എന്ന് കണ്ടെത്തിയതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയത്.
തട്ടിക്കൊണ്ടുപോകൽ, പാമ്പ് കടി, വാഹനാപകടം തുടങ്ങിയ എന്തും തദ്ദ്യൂസിന് സംഭവിക്കുമായിരുന്നുവെന്ന് അറസ്റ്റിംഗ് ഓഫീസർ ഡെപ്യൂട്ടി ഷെരീഫ് മാർക്ക് പൈലറ്റ് തന്റെ അറസ്റ്റ് റിപ്പോർട്ടിൽ എഴുതി. തുടർന്ന് അമ്മയെ യൂണിയൻ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ഒടുവിൽ, മുൻ ഭർത്താവ് വന്ന് അവളെ ജാമ്യത്തിലെടുത്തു. ക്രിമിനൽ നടപടികൾ ഇപ്പോൾ രണ്ട് വർഷമായി തുടരുകയാണ്. ഇതൊരു പേടിസ്വപ്‌നം പോലെയാണ് തോന്നുന്നതെന്നാണ് അവൾ 11 ലൈവിനോട് പറഞ്ഞത്. അവളുടെ അഭിഭാഷകൻ ഡേവിഡ് ഡെലുഗാസ് ഈ കുറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് വാദിക്കുന്നു. ഇതുപോലുള്ള കേസുകൾക്കെതിരെ പോരാടാൻ നിലനിൽക്കുന്ന പേരന്റ്സ് യുഎസ്എയുടെ സ്ഥാപകനാണ് ഡെലൂഗാസ്. മൂന്നാഴ്ച മുമ്പ് അദ്ദേഹം കേസ് തള്ളിക്കളയാൻ പുതിയ പ്രമേയം സമർപ്പിച്ചിരുന്നു. അതേസമയം, ഇപ്പോൾ തന്റെ മക്കളെ തനിച്ചാക്കി പോകാൻ തനിക്ക് ഭയമാണെന്ന് ഹെൻഡേഴ്സൺ പറയുന്നു. അറസ്റ്റിന് ശേഷം താൻ ജോലിയിൽ തിരിച്ചെത്തിയിട്ടില്ലെന്നും അവൾ കൂട്ടിച്ചേർത്തു. അവൾ എവിടെയാണ് ജോലി ചെയ്തിരുന്നതെന്ന് വ്യക്തമല്ല.
