പതിവുപോലെ ഈ വർഷവും അവർ മകനുമായി മാനസികാരോഗ്യ ആശുപത്രിയിലെത്തി. എന്നാൽ ഇത്തവണ അവർ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി മറ്റൊന്ന് സംഭവിച്ചു.
മക്കൾ വിവാഹം കഴിക്കണമെന്നതും സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കണം എന്നതും എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. അതുകൊണ്ടുതന്നെ പ്രായപൂർത്തിയാകുന്നത് മുതൽ തന്നെ മക്കളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ പല മാതാപിതാക്കളും ആരംഭിക്കാറുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല മാതാപിതാക്കളിൽ നിന്ന് ഇത്തരത്തിലുള്ള സമ്മർദ്ദം മക്കൾക്ക് നേരിടേണ്ടിവരുന്നത്. സമാനമായ രീതിയിൽ ചൈനയിൽ നിന്ന് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത ഒരു സംഭവം ചിലപ്പോൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
കാരണം ചൈനയിൽ നിന്നുള്ള ഒരു അമ്മ തന്റെ 38 വയസ്സുകാരനായ മകൻ വിവാഹം കഴിക്കാൻ താല്പര്യം കാണിക്കുന്നില്ല എന്ന പരാതിയുമായി എത്തിയത് മാനസികാരോഗ്യ വിദഗ്ധന്റെ മുൻപിലാണ്. ഏകാകിയായ തൻറെ മകന് എന്തോ മാനസിക പ്രശ്നം ഉണ്ടെന്നാണ് ഈ അമ്മയുടെ വിലയിരുത്തൽ. ഇതേത്തുടർന്ന് 2020 മുതൽ തന്റെ മകന് മാനസികരോഗാശുപത്രിയിൽ ചികിത്സ ആരംഭിച്ചിരിക്കുകയാണ് ഇവർ. എല്ലാ ചാന്ദ്ര പുതുവർഷത്തിലും ഇവർ മകനുമായി ആശുപത്രിയിൽ എത്തും എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നത്. അമ്മയുടെ ഈ സമ്മർദ്ദത്തിൽ സഹികെട്ട മകൻ തന്നെയാണ് തൻറെ ദുരവസ്ഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
മധ്യ ചൈനീസ് പ്രവിശ്യയായ ഹെനനിൽ നിന്നുള്ള ടെന്നീസ് കോച്ചായ വാങ് എന്ന ചെറുപ്പക്കാരൻ ആണ് വിവാഹത്തിൻറെ പേരിൽ താൻ നേരിടുന്ന ദുരിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. താൻ തന്റെ കാമുകിമാരെ വീട്ടിലേക്ക് കൊണ്ടുവരുന്നില്ല എന്നതാണ് അമ്മയുടെ പ്രധാന പരാതി എന്നും അയാൾ പറയുന്നു.
പതിവുപോലെ ഈ വർഷവും അവർ മകനുമായി മാനസികാരോഗ്യ ആശുപത്രിയിലെത്തി. എന്നാൽ ഇത്തവണ അവർ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി മറ്റൊന്ന് സംഭവിച്ചു. കാരണം മകനല്ല അമ്മയ്ക്കാണ് അസുഖം എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. തന്റെ മകനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുക എന്ന മാനസിക വിഭ്രാന്തിയാണ് ഈ അമ്മയെ പിടികൂടിയിരിക്കുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഏതായാലും തന്റെ അമ്മയുടെ മാനസികാവസ്ഥ താൻ മനസ്സിലാകുന്നുണ്ടെന്ന് വാങ്ങ് പറഞ്ഞു. ഒരു ടെന്നീസ് കോച്ചും സ്വന്തമായി ഒരു വീട് വാങ്ങാൻ പണം സമ്പാദിച്ചിട്ടുമുള്ള ചെറുപ്പക്കാരനുമായ തന്നെ ആരെങ്കിലും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ അറിയിക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
