ബൈക്കോടിക്കുന്ന യുവാവ് തന്നെയാണ് വീഡിയോയും പകർത്തുന്നത്. വളരെ സ്പീഡിലാണ് ആ യുവാവ് ബൈക്കോടിക്കുന്നത്. അന്നേരം അവന്റെ അമ്മ റോഡരികിൽ കൂടി എതിർവശത്തേക്ക് നടക്കുന്നത് കാണാം.

അനേകം തരത്തിലുള്ള വീഡിയോകൾ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ ട്രാഫിക് വീഡിയോകളും അനേകമുണ്ട്. റോഡിൽ പലതരത്തിലുള്ള അഭ്യാസങ്ങളും കാണിക്കുന്ന മനുഷ്യർ ഇന്ന് അനേകമുണ്ട്. അതുകൊണ്ട് തന്നെ അപകടത്തിനും പഞ്ഞമില്ല. ഇതിനെ ബോധവൽക്കരിക്കുന്നതിന് വേണ്ടി അനേകം വീഡിയോകളും ചിത്രങ്ങളും പൊലീസ് അടക്കം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഉത്തരാഖണ്ഡ് ട്രാഫിക് പൊലീസ് ഷെയർ ചെയ്തിരിക്കുന്നതും. 

വേ​ഗത്തിൽ വാഹനമോടിക്കുന്ന മകന് താക്കീത് നൽകുന്ന അമ്മയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതേ സമയം തന്നെ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. സുരക്ഷിതമായി വാഹനമോടിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് കൊണ്ടാണ് പൊലീസ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ ഒരു KTM RC സ്‌പോർട്‌സ് ബൈക്കുമായി ഒരു യുവാവിനെ കാണാം. ബൈക്കോടിക്കുന്ന യുവാവ് തന്നെയാണ് വീഡിയോയും പകർത്തുന്നത്. വളരെ സ്പീഡിലാണ് ആ യുവാവ് ബൈക്കോടിക്കുന്നത്. അന്നേരം അവന്റെ അമ്മ റോഡരികിൽ കൂടി എതിർവശത്തേക്ക് നടക്കുന്നത് കാണാം. യുവാവ് വണ്ടി നിർത്തി അമ്മയെ വിളിക്കുന്നുണ്ട്. എന്നാൽ, അമ്മ അവനെ വഴക്ക് പറയുകയാണ്. 'എത്ര തവണ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, ഇത്ര വേ​ഗത്തിൽ വണ്ടി ഓടിക്കരുത് എന്ന്. ഇതുകൊണ്ടാണ് എല്ലാവരും നിന്റെ മകൻ വളരെ വേ​ഗത്തിലാണ് വണ്ടി ഓടിക്കുന്നത് എന്ന് പറയുന്നത്. മേലാൽ ഇത് ആവർത്തിക്കരുത്' എന്നെല്ലാം അമ്മ പറയുന്നുണ്ട്. ഒപ്പം വണ്ടിയുടെ താക്കോലും അമ്മ എടുക്കുന്നത് കാണാം. അവരുടെ മിഴികളും നിറഞ്ഞിട്ടുണ്ട്. 

അതേസമയം, നിരവധി അപകടങ്ങളാണ് ഓരോ ദിവസവും വേ​ഗക്കൂടുതലും ശ്രദ്ധക്കുറവും കൊണ്ട് റോഡിൽ നടക്കുന്നത് എന്ന് കണക്കുകൾ പറയുന്നു.