Asianet News MalayalamAsianet News Malayalam

തന്റെ മൂന്ന് ആൺമക്കളെ പീഡിപ്പിച്ച 77 -കാരൻ അയൽവാസിയെ കുത്തിക്കൊന്ന അമ്മ

ഏതായാലും, 2018 -ൽ സാറ ജയിലിൽ നിന്നും ഇറങ്ങി. ഇപ്പോഴവൾ പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കുന്നവർക്കൊപ്പം പ്രവർത്തിക്കുകയാണ്. അവളുടെ മക്കൾക്ക് ആദ്യം അവളോട് പരിഭവം ഉണ്ടായിരുന്നു.

mother who killed pedophile abused her sons
Author
First Published Nov 24, 2022, 10:16 AM IST

ഏഴര വർഷത്തെ തടവിന് ശേഷം സാറ സാൻഡ്സ് എന്ന സ്ത്രീ ജയിലിൽ നിന്നും ഇറങ്ങി. സാറ ചെയ്ത കുറ്റം അയൽവാസിയായ വൃദ്ധനെ കുത്തിക്കൊന്നു. സാറയ്ക്ക് മൂന്ന് ആൺമക്കളാണ്. എന്നാൽ, കൊലപാതകിയായ അമ്മയോട് മക്കൾക്ക് പരിഭവം തെല്ലുമില്ല. കാരണം വേറൊന്നുമല്ല, അമ്മ കൊന്നത് തങ്ങളെ മൂവരേയും പീഡിപ്പിച്ച ഒരു ശിശുപീഡകനെയാണ്. 

ഈസ്റ്റ് ലണ്ടനിലാണ് സംഭവം. സാറയുടെ കുത്തിൽ കൊല്ലപ്പെട്ടത് 77 -കാരനായ മൈക്കൽ പ്ലീസ്റ്റഡ്. 2014 -ലെ ഒരു രാത്രി സാറ കയ്യിൽ കത്തിയുമായി അയൽക്കാരനായ മൈക്കലിന്റെ വീട്ടിലെത്തി. ഒന്നും രണ്ടും തവണയല്ല. എട്ട് തവണയാണ് അവൾ മൈക്കലിനെ കുത്തിയത്. അതിൽ അയാൾ കൊല്ലപ്പെടുകയും ചെയ്തു. സിൽവർ‍ടൗണിൽ അവർ താമസിച്ചിരുന്ന എസ്റ്റേറ്റിലെ പല ചെറിയ ആൺകുട്ടികളെയും മൈക്കൽ പീഡിപ്പിച്ചിരുന്നു. 

കൊലപാതകം നടക്കുന്നതിന് വളരെ കുറച്ച് മാസങ്ങൾക്ക് മുമ്പ് മാത്രമാണ് സാറയും കുട്ടികളും സിൽവർ‍ടൗണിലെ ആ പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. അയൽവാസിയായ മൈക്കലിനോട് സാറയ്ക്കും കുടുംബത്തിനും സൗഹൃദവും ഉണ്ടായിരുന്നു. അയാൾക്ക് ആ പ്രദേശത്തെ അയൽക്കാരുമൊക്കെയായി നല്ല ബന്ധമുണ്ടായിരുന്നു. മാന്യനായ ഒരു വൃദ്ധനായിട്ടാണ് അയാളെ എല്ലാവരും കണ്ടിരുന്നതും. 

മൈക്കൽ കടയിൽ പത്രങ്ങൾ അടുക്കി വയ്ക്കുന്നതിൽ പ്രദേശത്തെ കുട്ടികൾ അയാളെ സഹായിക്കാനെത്താറുണ്ടായിരുന്നു. പലരും ശനിയാഴ്ച അവിടെ ജോലി ചെയ്തു. സാറയുടെ മകന് തന്നെ സഹായിക്കാനാകുമോ എന്ന് മൈക്കൽ ചോദിച്ചതിനെ തുടർന്നാണ് അവളുടെ മൂത്ത മകൻ അവിടേക്ക് ചെല്ലുന്നത്. അവന് അങ്ങനെ ഒരു ജോലി തന്നെ ഏൽപ്പിക്കുന്നതിൽ വളരെ സന്തോഷവും ആവേശവും ഉണ്ടായിരുന്നു. അധികം വൈകാതെ ഇരട്ടകളായ ഇളയ കുട്ടികളും മൈക്കലിന്റെ അടുത്തേക്ക് ചെല്ലാൻ തുടങ്ങി. 

എന്നാൽ, അധികം വൈകാതെ ഒരു ദിവസം ഇരട്ടകളായ മക്കൾ സാറയോട് മൈക്കൽ തങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു എന്ന് വെളിപ്പെടുത്തി. ഒരാഴ്ച കഴിഞ്ഞില്ല അവളുടെ മൂത്ത മകനും തന്നെയും അയാൾ പീഡിപ്പിച്ചു എന്ന് അമ്മയോട് വെളിപ്പെടുത്തി. സാറ പൊലീസിൽ പരാതി നൽകി. മൈക്കൽ അറസ്റ്റിലായി. പക്ഷേ, അധികം നാൾ കഴിയുന്നതിന് മുമ്പ് തന്നെ വിചാരണയ്ക്കിടയിൽ മൈക്കലിന് ജാമ്യം കിട്ടി. അയാൾ എസ്റ്റേറ്റിലേക്ക് തന്നെ തിരികെ വന്നു. 

ഇത് സാറയെ വളരെ അധികം നിരാശയാക്കി. അവൾ തന്റെ കുട്ടികളുമായി തന്റെ അമ്മയുടെ ചെറിയ വീട്ടിലേക്ക് താമസം മാറി. അങ്ങനെയിരിക്കെ ഒരു ദിവസമാണ് അവൾ മൈക്കലിന്റെ ഫ്ലാറ്റിലേക്ക് കത്തിയുമായി ചെല്ലുന്നത്. എന്നാൽ, മൈക്കൽ അവളുടെ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു. 'നിന്റെ മക്കൾ കള്ളം പറയുകയാണ്' എന്നാണ് അയാൾ സാറയോട് പറഞ്ഞത്. ഇത് കേട്ടതോടെ ദേഷ്യം വന്ന സാറ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് അയാളെ കുത്തുകയായിരുന്നു, പലവട്ടം. എന്നാൽ, 'അയാളെ കൊല്ലുക എന്നൊരുദ്ദേശം തനിക്കുണ്ടായിരുന്നില്ല' എന്ന് പിന്നീട് സാറ പറയുകയുണ്ടായി. 

കൊലപാതകത്തിന് ശേഷം അവൾ ചോരപുരണ്ട കത്തിയുമായി നേരെ പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങി. കൊലപാതകത്തിന് പകരം നരഹത്യയ്ക്കാണ് അവൾക്കെതിരെ കേസെടുത്തത്. ആദ്യം അവൾക്ക് മൂന്നര വർഷത്തെ ശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അത് ഏഴര വർഷമായി ഉയർത്തി. മൈക്കൽ മരിക്കുന്നത് കണ്ടിട്ടും അയാളെ സഹായിക്കാൻ സാറ എമർജൻസി സർവീസിൽ വിളിക്കുകയോ ഒന്നും ചെയ്തില്ല എന്നും കോടതി പറഞ്ഞു. 

അമ്മ ജയിലിൽ ആയിരിക്കെ അവളുടെ പീഡനം നേരിട്ട മൂന്ന് ആൺമക്കളും ഇളയ രണ്ട് ആൺമക്കളും അമ്മമ്മയുടെ കൂടെയാണ് താമസിച്ചത്. പെട്ടെന്ന് അമ്മ കൂടെയില്ലാതായത് അവരെ വല്ലാതെ ബാധിച്ചു. മാത്രമല്ല, അവരുടെ പല സഹപാഠികൾക്കും എന്താണ് സംഭവിച്ചത് എന്ന് അറിയാമായിരുന്നു. 

എന്നാൽ, വിചാരണ വേളയിലെ അന്വേഷണത്തിൽ മൈക്കലിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടിരുന്നു. അയാളുടെ യഥാർത്ഥ പേര് മൈക്കൽ എന്നായിരുന്നില്ല. റോബിൻ മൗൾട്ട് എന്നായിരുന്നു. അയാൾക്കെതിരെ നേരത്തെ തന്നെ പീഡനത്തിന് 24 കേസുകളുണ്ടായിരുന്നു. അതിനാൽ പേരും സ്വന്തം വ്യക്തിത്വവും മറച്ചു വച്ചാണ് അയാൾ അവിടെ കഴിഞ്ഞിരുന്നത്. 

ഏതായാലും, 2018 -ൽ സാറ ജയിലിൽ നിന്നും ഇറങ്ങി. ഇപ്പോഴവൾ പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കുന്നവർക്കൊപ്പം പ്രവർത്തിക്കുകയാണ്. അവളുടെ മക്കൾക്ക് ആദ്യം അവളോട് പരിഭവം ഉണ്ടായിരുന്നു. കാരണം, അവരുടെ ബാല്യം ആരുമില്ലാത്ത ഒന്നായി മാറിയത് കൊണ്ട്. 'സാധാരണ കുട്ടികളെ പോലെ ഔട്ടിം​ഗിനോ സിനിമയ്ക്കോ ഷോപ്പിം​ഗിനോ ഒന്നും പോകാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അമ്മ ജയിലിൽ ആയതോടെ അനാഥരെ പോലെയാണ് തങ്ങൾ ജീവിച്ചത്' എന്ന് അവളുടെ മക്കൾ പറയുന്നു. 

'പീഡനത്തിന്റെ വിവരം അമ്മയോട് പറയാതിരുന്നാൽ മതിയായിരുന്നു എന്നാണ് ഞാനന്ന് ചിന്തിച്ചത്. അങ്ങനെയാണ് എങ്കിൽ അമ്മ നമുക്കൊപ്പം തന്നെ ഉണ്ടായിരുന്നേനെ. എന്നാൽ, ഇന്ന് പീഡിപ്പിക്കപ്പെടുന്നവർ അത് തുറന്നു പറയേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് തനിക്കറിയാം' എന്ന് അവളുടെ മൂത്ത മകൻ പറയുന്നു. 'ഇപ്പോൾ തന്റെ അമ്മ എന്ത് ചെയ്തുവെന്ന് തനിക്ക് വ്യക്തതയുണ്ട്. ഞാനത് നിഷേധിക്കുന്നില്ല. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഞാൻ' എന്നും അവൻ പറഞ്ഞു. കൊലപാതകം നടക്കുന്ന സമയത്ത് 11 വയസ് മാത്രമുണ്ടായിരുന്ന അവളുടെ മറ്റൊരു മകൻ പറയുന്നത് 'അയാൾ മരിച്ചു എന്ന വാർത്ത തനിക്ക് സമാധാനവും സുരക്ഷിതത്വവുമാണ് നൽകിയത്' എന്നാണ്. 

ഏതായാലും, ആ കാലത്തെ കുറിച്ചുള്ള ഭയവും ഓർമ്മകളും എല്ലാം ഉണ്ടെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അമ്മയും മക്കളും അവരുടെ ജീവിതം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios