Asianet News MalayalamAsianet News Malayalam

പീഡനം സഹിക്കവയ്യ, കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്നു, സിനിമാക്കഥയെ വെല്ലുന്ന അമ്മയുടേയും മകളുടേയും ജീവിതം

ജിപ്സിയെ ഒരു നിത്യരോഗിയായി അവൾ ചിത്രീകരിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ താൻ ഒരു രോഗിയാണ് എന്ന് മകളെ സ്വയം വിശ്വസിപ്പിക്കാൻ തുടങ്ങി ഡീ ഡീ.

mothers murder Gypsy Rose Blanchard released from prison rlp
Author
First Published Dec 31, 2023, 5:36 PM IST

കാമുകനൊപ്പം ചേർന്ന് അമ്മയെ കൊന്ന കുറ്റത്തിന് അറസ്റ്റിലായ 32 -കാരി ഒടുവിൽ ശിക്ഷ തീർന്ന് പുറത്തേക്ക്. ജിപ്‍സി റോസ് ബ്ലാഞ്ചാർഡ് എന്ന യുവതിയാണ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതും അത് നടപ്പിലാക്കിയതും. അവൾക്ക് വേണ്ടി ആ കൃത്യം നടപ്പിലാക്കിയത് സുഹൃത്തായിരുന്ന നിക്കോളാസ് ഗോഡെജോൺ. അയാളെ പരോൾ പോലുമില്ലാത്ത ജീവപര്യന്തത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്. 

നിരന്തരമായ അമ്മയുടെ പീഡനത്തെ തുടർന്നാണ് താനവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു ജിപ്സിയുടെ പക്ഷം. എന്നാൽ, പിന്നീട് അമ്മയെ കൊന്നതിൽ താൻ പശ്ചാത്തപിക്കുന്നു എന്നും അവൾ പറയുകയുണ്ടായി. 

എന്താണ് സംഭവിച്ചത്? 

ചെറുപ്പം മുതലേ പല അസുഖങ്ങളും ഉണ്ടായിരുന്ന ആളാണ് ജിപ്സി റോസ് ബ്ലാഞ്ചർഡ്. ജീവിതത്തിലെ ഭൂരിഭാ​ഗം സമയവും അവൾ വീൽചെയറിലാണ് കഴിച്ചുകൂട്ടിയത്. എന്നാൽ, അക്കാലത്തെല്ലാം അവളുടെ അമ്മ ഡീ ഡീ ബ്ലാഞ്ചർഡ് അവൾക്ക് താങ്ങും തണലുമായി നിന്നു. അവൾക്ക് വേണ്ടതെല്ലാം അവർ നൽകിയിരുന്നു. എന്നാൽ, ഒരുദിവസം ആ ന​ഗരം പുലർന്നത് ഡീ ഡീയുടെ മരണവാർത്ത കേട്ടുകൊണ്ടാണ്. 

സ്വന്തം വീട്ടിലിട്ട് അവരെ ആരോ കുത്തിക്കൊന്നിരിക്കുന്നു. വാർത്ത കേട്ടവർ കേട്ടവർ‌ ജിപ്സിയെ കുറിച്ചോർത്ത് സഹതപിച്ചു. രോ​ഗിയായ ആ പാവം പെൺകുട്ടിയെ ഇനി ആര് നോക്കും എന്നതായിരുന്നു അവരുടെ ആശങ്ക. എന്നാൽ ജിപ്‍സിയെ അവിടെയെങ്ങും കാണാനില്ലായിരുന്നു. ഡീ ഡീയെ കൊന്നവർ മകളെ കടത്തിക്കൊണ്ടുപോയിക്കാണുമെന്ന് ആളുകൾ സംശയിച്ചു. അവൾക്കു വേണ്ടി തിരച്ചിലും ആരംഭിച്ചു. അങ്ങനെ ദിവസങ്ങൾക്കുള്ളിൽ ജിപ്സിയെ കണ്ടെത്തി. പക്ഷേ, അത് അവർക്കറിയാവുന്ന ജിപ്സി ആയിരുന്നില്ല. മെലിഞ്ഞ, അംഗവൈകല്യമുള്ള ഒരു കാൻസർ രോഗിയെക്കാൾ, ശക്തയായ, സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള ആരുടേയും സഹായമില്ലാതെ നടക്കാനും, ആഹാരം കഴിക്കാനും സാധിക്കുന്ന പുതിയ ജിപ്സിയായിരുന്നു അത്. അവളെ കണ്ട് എല്ലാവരും അന്തംവിട്ടു. 

1991 ജൂലൈ 27 -ന് ലൂസിയാനയിലായിരുന്നു ജിപ്സി ജനിച്ചത്. അവളുടെ ജനനത്തിനു തൊട്ടുമുമ്പാണ് അവളുടെ അച്ഛനും അമ്മയും പിരിയുന്നത്. അവളുടെ അച്ഛന്റെ പേര് റോഡ് ബ്ലാഞ്ചർഡ് എന്നായിരുന്നു. ജിപ്സിയെ ​ഗർഭം ധരിക്കുമ്പോൾ 24 -കാരിയായിരുന്നു ഡീ ഡീ. റോഡിന് വെറും 17 വയസ്സും. ഡീ ഡീയുടെ ഗർഭധാരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം റോഡ് അവളെ വിവാഹം കഴിച്ചു. ഒത്തുപോകാൻ സാധിക്കാത്തത് മൂലം പിന്നീട് വേർപിരിഞ്ഞു. എന്നാൽ, റോഡ് അവരുമായി സമ്പർക്കം പുലർത്തുകയും, അവർക്ക് പതിവായി പണം അയയ്ക്കുകയും ചെയ്തിരുന്നു.  

എന്നാൽ, അച്ഛൻ പോലുമില്ലാതെ മകളെ താനെത്ര നന്നായിട്ടാണ് നോക്കുന്നതെന്ന് ലോകം പറയണം എന്ന് തോന്നിയ ഡീ ഡീ പിന്നീട് അതിനുള്ള ശ്രമത്തിലായി. ജിപ്സിയ്ക്ക് ഏകദേശം എട്ട് വയസ്സുള്ളപ്പോൾ, മുത്തച്ഛന്റെ മോട്ടോർ സൈക്കിളിൽ നിന്ന് അവൾ താഴെ വീണു. ഡീ ഡീ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. മുട്ടിന് ചെറിയ പൊട്ടൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, മകൾ സുഖം പ്രാപിച്ചുവെന്ന് ഡീ ഡിക്ക് സമ്മതിച്ചില്ല. നിരവധി ശസ്ത്രക്രിയകൾ നടത്തിയാൽ മാത്രമേ അവൾ ഇനി നടക്കൂവെന്ന് ഡീ ഡീ മകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതുവരെ, ജിപ്സി വീൽചെയറിൽ ജീവിച്ചാൽ മതിയെന്നും ഡീ ഡീ തീരുമാനിച്ചു.

ഡീ ഡീയുടെ കുടുംബം ജിപ്‌സിയുടെ ഈ അവസ്ഥയെ ചോദ്യം ചെയ്തപ്പോൾ, ഡീ ഡീ അവരിൽ നിന്ന് മാറി ലൂസിയാനയിലെ മറ്റൊരു പട്ടണത്തിലേക്ക് പോയി. അവിടെ ഒരു അപ്പാർട്ട്മെന്റ് കണ്ടെത്തി, അവിടെ താമസം തുടങ്ങി. ജിപ്സിയെ ഒരു നിത്യരോഗിയായി അവൾ ചിത്രീകരിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ താൻ ഒരു രോഗിയാണ് എന്ന് മകളെ സ്വയം വിശ്വസിപ്പിക്കാൻ തുടങ്ങി ഡീ ഡീ. മകൾക്ക്  കാഴ്ചയ്ക്കും, കേൾവിക്കും തകരാറുണ്ടെന്നും, അപസ്മാരമുണ്ടെന്നും ഡോക്ടർമാരെ വിശ്വസിപ്പിച്ച്, അവൾ മകൾക്ക് തെറ്റായ മരുന്നുകൾ നൽകിക്കൊണ്ടിരുന്നു. പൂർണമായ ആരോ​ഗ്യമുണ്ടായിട്ടും ജിപ്സി ഒരു നിത്യരോ​ഗിയായി ജീവിച്ചു. അപ്പോഴൊന്നും താനൊരു രോ​ഗിയല്ല എന്ന് ജിപ്സിക്ക് അറിയില്ലായിരുന്നു. കാലങ്ങൾക്ക് ശേഷം ഒരു ഡോക്ടറാണ് ജിപ്സിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് തിരിച്ചറിയുന്നത്. 

ഒടുവിൽ ജിപ്സിയും ആ സത്യം തിരിച്ചറിഞ്ഞു. തന്റെ അമ്മ തന്നെ ഒരു രോ​ഗിയാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തനിക്ക് നടക്കാൻ സാധിക്കും. തനിക്ക് ഒരു കുഴപ്പവുമില്ല. അത് ചോദ്യം ചെയ്ത ജിപ്സിയെ ഡീ ഡീ കട്ടിലിൽ കെട്ടിയിട്ടു. അമ്മ ഉറങ്ങിയ ശേഷം ജിപ്സി ചാറ്റ്‍റൂമുകളിൽ സജീവമാകും. അതിലൂടെ പരിചയപ്പെട്ട യുവാവായിരുന്നു നിക്കോളാസ്. ക്രിമിനൽ ബാക്ക്​ഗ്രൗണ്ടുകളുള്ള ആളുകൂടിയായിരുന്നു അയാൾ. ഒടുക്കം അയാളുടെ സഹായത്തോടെ ജിപ്സി അമ്മയെ കൊന്നു. നിക്കോളാസാണ് ഡീഡീയെ കുത്തിയത്. 17 കുത്തുകൾ. 

ഏതായാലും ഇരുവരും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ, ഡീ ഡീക്ക് Factitious Disorder Imposed on Another (FDIA) എന്ന അവസ്ഥ ആയിരുന്നു. ഒരാൾ തന്റെ പരിചരണത്തിലുള്ള ഒരു വ്യക്തിക്ക് സാങ്കൽപ്പിക രോഗങ്ങൾ കല്പിക്കുന്ന ഒരു മാനസിക രോഗമായിരുന്നു അത്. അതുവഴി അവർക്ക് വേണ്ടത് സമൂഹത്തിന്റെ അം​ഗീകാരവും കരുണയുമായിരുന്നു. രോ​ഗിയായ മകളെ നോക്കുന്ന തന്നെ സമൂഹം എപ്പോഴും ദയയോടെ നോക്കണം എന്ന് ഡീ ഡീ ആ​ഗ്രഹിച്ചു. മാത്രമല്ല, മകളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് വീൽച്ചെയറും വീടും ഡിസ്നിയിലേക്കുള്ള യാത്രയും അടക്കം പല സഹാ‌യങ്ങളും അവർ നേടിയിരുന്നു. 

പക്ഷേ, FDIA വളരെ ​ഗുരുതരമായ മാനസികാവസ്ഥയാണ്. പിന്നീട്, ജിപ്സിക്കും തന്റെ അമ്മയുടെ അവസ്ഥയെ കുറിച്ച് ബോധ്യപ്പെട്ടിരുന്നു. പക്ഷേ, അപ്പോഴേക്കും അവൾ അമ്മയെ കൊന്നിരുന്നുവല്ലോ? അമ്മയെ കൊന്നതിൽ താൻ പശ്ചാത്തപിക്കുന്നു എന്നും അവൾ പറയുകയുണ്ടായി. 

Latest Videos
Follow Us:
Download App:
  • android
  • ios