ഇന്തോനേഷ്യന്‍ സംസ്കാരവുമായി ഏറെ അടുത്ത ബന്ധമുള്ള വളര്‍ത്തുമൃഗമാണ് പൂച്ചകൾ. രാഷ്ട്രീയക്കാര്‍ പ്രതിഷേധക്കാരെ ഭയന്ന് പൂച്ചകളെ ഉപേക്ഷിച്ച് കടന്നതോടെ പൂച്ചകൾ പ്രതിഷേധത്തിന്‍റെ പ്രതീകമായി മാറി.
സംയുക്ത സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ഫെബ്രുവരി 17 -ന് ആരംഭിച്ച പ്രതിഷേധം രാജ്യമെമ്പാടും കലാപ പ്രതീതിയുയര്‍ത്തി. പിന്നാലെ മാര്‍ച്ചിലും ആഗസ്റ്റിലും രണ്ടും മൂന്നും പ്രതിഷേധങ്ങളും നടന്നു. കഴിഞ്ഞ മാസം നടന്ന പ്രതിഷേധത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികൾ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകൾ. ഭൂമി, കെട്ടിട നികുതികളില്‍ 250 ശതമാനം വര്‍ദ്ധനവ് നിര്‍ദ്ദേശമുണ്ടായതിന് പിന്നാലെയാണ് മൂന്നമത്തെ പ്രതിഷേധം ആരംഭിച്ചത്. ഈ പ്രതിഷേധത്തിനിടെ ഒരു ടാക്സി ഡ്രൈവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കവചിത വാഹനം കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ പാര്‍ലെന്‍റ് മന്ദിരത്തിന് തീയിട്ടു. പല ജനപ്രതിനിധികലുടെയും വീടുകൾ കൊള്ളയടിക്കപ്പെട്ടു.
ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്‍റോയുടെയും വൈസ് പ്രസിഡന്‍റ് ജിബ്രാൻ റകബുമിംഗ് റാക്കയുടെയും വിവാദ നയങ്ങൾക്കെതിരായ പ്രതികരണമായാണ് വിദ്യാര്‍ത്ഥി പ്രതിഷേധം ആംഭിച്ചതെങ്കിലും പിന്നീട് സാധാരണക്കാരും പ്രതിഷേധത്തോടൊപ്പം ചേരുകയായിരുന്നു. എന്നാല്‍ ,ഇപ്പോൾ ആ പ്രതിഷേധങ്ങളുടെ പ്രതീകമായി ഉയർന്നുവന്നത് പൂച്ചകളാണ്. ഇത് ഇന്തോനേഷ്യന്‍ ജനതയുടെ പൂച്ചയോടുള്ള താത്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒപ്പം ഇസ്ലം മതത്തില്‍ പൂച്ചയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ജനങ്ങൾക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും വലിയൊരു മേന്മയായും പൂച്ചകളെ വളര്‍ത്തുന്നത് രാഷ്ട്രീയക്കാര്‍ക്കിടയിലും വലിയ പ്രചാരം നേടി. എന്നാല്‍, പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വീട് വളഞ്ഞപ്പോൾ, തങ്ങളുടെ പ്രീയപ്പെട്ട പൂച്ചകളെ വീട്ടിലുപേക്ഷിച്ച് അവര്‍ രക്ഷപ്പെട്ടു. ഉടമസ്ഥരാൽ ഉപേക്ഷിക്കപ്പെട്ട പൂച്ചകളുടെ ചിത്രങ്ങൾ പ്രതിഷേധക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും പിന്നലെ അത് വൈറലാവുകയും ചെയ്തു.
നാഷണൽ മാൻഡേറ്റ് പാർട്ടിയിലെ ഉയ കുയ, എക്കോ പാട്രിയോ എന്നിവരാണ് പ്രതിഷേധക്കാര്‍ വീട് വളഞ്ഞപ്പോൾ വളർത്തു പൂച്ചകളെ വീട്ടിലുപേക്ഷിച്ച് രക്ഷപ്പെട്ടത്. ഇതോടെ സമൂഹത്തിലെ ഏറ്റവും ദുർബലരെ രാഷ്ട്രീയക്കാര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ തെരുവില്‍ ഉപേക്ഷിക്കുമെന്ന വ്യാഖ്യാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പൂച്ച ഉടമകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. അതിനാല്‍ തന്നെ പൂച്ചകളെ എംപിമാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത് വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയർത്തിയത്. ഇതോടെ പൂച്ചകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ അത് ഇന്തോനേഷ്യന്‍ പ്രതിഷേധത്തിന്‍റെ പ്രതീകമായി മാറി.


