ജ്വല്ലറിയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയ പിന്നാലെ മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകൾ കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നും പട്ടാപകല്‍ നടത്തിയ ഒരു ജ്വല്ലറി മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒപ്പം യുഎസിലെ പൊതുജനങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും സമൂഹ മാധ്യമ ഉപയോക്താക്കൾ പങ്കുവച്ചു. മൂഖം മൂടി ധരിച്ച ഒരു കൂട്ടം ആളുകൾ ജ്വല്ലറിയിലേക്ക് ഇരച്ച് കയറി കണ്ണില്‍ കണ്ടെതെല്ലാമെടുത്ത് പോകുന്ന ദൃശ്യങ്ങളായിരുന്നു സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസ് എന്ന സ്ഥലത്തെ കിം ഹംഗ് ജ്വല്ലറിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു ട്രക്ക് പിന്നിലേക്ക് എടുത്ത കടയിലേക്ക് ഇടിച്ച് കയറ്റുന്നത് കാണാം. പിന്നലെ ട്രക്ക് മുന്നോട്ട് എടുക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ഇരുവശത്ത് നിന്നായി പത്ത് പതിനഞ്ചോളം മുഖംമൂടി ധരിച്ച ആളുകൾ കടയിലക്ക് പാഞ്ഞ് കയറുന്നു. ഈ സമയം കട ഉടമയും ഒരു ജോലിക്കാരനും മാത്രമേ കടയിലുണ്ടായിരുന്നൊള്ളൂ. കടയിലേക്ക് ഓടിക്കയറിയ മുഖംമൂടി വേഷക്കാര്‍ കടയുടമയെ തള്ളിത്താഴെയിടുകയും കടയിലുള്ള ആഭരണങ്ങളെല്ലാം എടുക്കുന്നു. അല്പ നിമിഷങ്ങൾക്കുള്ളില്‍ വാഹനത്തിന്‍റെ നീണ്ട ഹോണടി ശബ്ദം കേൾക്കുമ്പോൾ മുഖംമൂടി വേഷക്കാരെല്ലാം ഓടി വണ്ടിയിൽ കയറുകയും വാഹനം പെട്ടെന്ന് തന്നെ അവിടെ നിന്നും പോവുകയും ചെയ്യുന്നു. ഏതാണ്ട് 50 സെക്കന്‍റില്‍ വീഡിയോയിലാണ് ഇത്രയും കാര്യങ്ങൾ നടന്നത്.
അതിക്രമിച്ചുള്ള മോഷണത്തിന് പിന്നാലെ 88-കാരനായ കടയുടമയ്ക്ക് പക്ഷാഘാതം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കടയുടമ മോഷ്ടാക്കളെ പ്രതിരോധിക്കാൻ ചെറിയൊരു ശ്രമം നടത്തുമെങ്കിലും അവരുടെ തള്ളലില്‍ അദ്ദേഹം പൊട്ടിയ ചില്ലുകൾക്ക് മുകളിലേക്ക് വീണ് പരിക്കേറ്റു. പിന്നാലെ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നതെന്നും കുറിപ്പില്‍ പറയുന്നു. വീഡിയോ ഇതിനകം ഏഴ് ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്.
കടയില്‍ നടന്നത് സായുധ കവർച്ചയാണെന്ന് സാന്‍ ജോസ് പോലീസ് സ്ഥിരീകരിച്ചു. മുഖംമൂടിക്കാരില്‍ ഒരാളുടെ കൈവശം തോക്കും മറ്റുള്ളവരുടെ കൈവശം ചുറ്റിക പോലുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. അതേസമയം യുഎസിലെ സാധാരണക്കാരുടെയും കട ഉടമകളുടെയും സുരക്ഷയെ കുറിച്ച് നിരവധി ആശങ്കകളാണ് സമൂഹ മാധ്യമ ഉപയോക്താക്കാൾ കുറിച്ചത്. അതിനിടെ കുറ്റവാളികളെ പിടികൂടാന്‍ പോലീസ് ജനങ്ങളുടെ സഹകരണം തേടി.


