Asianet News MalayalamAsianet News Malayalam

ബ്രേക്കിന് പകരം ക്ലച്ച് അമര്‍ത്തി, 40 കാരിയുടെ ഡ്രൈവിംഗ് പഠനം 19-കാരന്റെ ജീവനെടുത്തു

വാഹനം ഓടിച്ചു പഠിക്കുകയായിരുന്ന ഒരു സ്ത്രീ അബദ്ധത്തില്‍ തന്റെ കാറിന്റെ ബ്രേക്ക് ചവിട്ടുന്നതിന് പകരം ക്ലച്ചില്‍ അമര്‍ത്തിയതോടെ വാഹനം നിയന്ത്രണം വിട്ട് ചെറുപ്പക്കാരന്റെ ദേഹത്ത് കൂടെ കയറുകയായിരുന്നു. 

Mumbai delivery boy killed after woman presses clutch instead of brakes
Author
First Published Sep 24, 2022, 6:17 PM IST

വാഹനാപകടങ്ങളില്‍ പെട്ട് നിരവധി പേരാണ് ഓരോ ദിവസവും നമ്മുടെ നാട്ടില്‍ മരിക്കുന്നത്. ഇവരില്‍ പകുതിയിലധികം പേരും അപകടത്തില്‍ പെടുന്നത് തങ്ങളുടെതായ കാരണങ്ങള്‍ കൊണ്ടല്ല. മറ്റു പലരുടെയും അശ്രദ്ധയാണ് നിരപരാധികളായ നിരവധി പേരുടെ ജീവന്‍ അപഹരിക്കാന്‍ ഇടയാക്കുന്നത്. അത്തരത്തില്‍ ഒരു അപകടം കഴിഞ്ഞദിവസം താനെയില്‍ സംഭവിച്ചു. 

40 കാരിയായ ഒരു സ്ത്രീയുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് 19 കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവനാണ് . വാഹനം ഓടിച്ചു പഠിക്കുന്നതിനിടയില്‍ സ്ത്രീ ബ്രേക്കിനു പകരം ക്ലച്ച് അമര്‍ത്തിയതാണ് ദുരന്തത്തിലേക്ക് വഴി തുറന്നത്. സ്ത്രീയോട് വാഹനം  ശരീരത്തിലൂടെ കയറിയിറങ്ങിയാണ് കടയിലെ ഡെലിവറി ബോയ് ആയ ചെറുപ്പക്കാരന്‍ മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ന് താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റ് പരിസരത്താണ് അപകടമുണ്ടായത്. വാഹനം ഓടിച്ചു പഠിക്കുകയായിരുന്ന ഒരു സ്ത്രീ അബദ്ധത്തില്‍ തന്റെ കാറിന്റെ ബ്രേക്ക് ചവിട്ടുന്നതിന് പകരം ക്ലച്ചില്‍ അമര്‍ത്തിയതോടെ വാഹനം നിയന്ത്രണം വിട്ട് ചെറുപ്പക്കാരന്റെ ദേഹത്ത് കൂടെ കയറുകയായിരുന്നു. സമീപത്തെ പലചരക്ക് കടയിലെ ഡെലിവറി ഏജന്റ് ആണ് ദുരന്തത്തിന് ഇരയായ ചെറുപ്പക്കാരന്‍. 19 വയസ്സുള്ള അജയ് ധോക്കനാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടന്ന ഉടനെ തന്നെ നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബദ്ധം പറ്റിയെന്ന് ഉറപ്പായപ്പോള്‍ സ്ത്രീ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ ഹാജരായി മുന്‍കൂര്‍ ജാമ്യം എടുത്തു.

സംഭവം നടന്നതിന് സമീപത്തുള്ള  ഹീരാനന്ദാനി ഫൗണ്ടേഷന്‍ സ്‌കൂളിലെ സിസിടിവിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒരു വാഗണര്‍ കാര്‍ ആയിരുന്നു യുവതി ഓടിച്ചിരുന്നത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഈ സമയം തന്റെ ആക്ടീവയില്‍ കാറിനു പുറകിലായി നില്‍ക്കുകയായിരുന്നു അജയ്. യുവതി ക്ലച്ച് ചവിട്ടിയതോടെ നിയന്ത്രണം വിട്ട കാര്‍ അജയെ ഇടിച്ചുതെറിപ്പിച്ച് അദ്ദേഹത്തിന് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു.
 
ഹിരാനന്ദാനി എസ്റ്റേറ്റിലെ റോഡാസ് എന്‍ക്ലേവ് വുഡ് പാര്‍ക്ക് നിവാസിയാണ് യുവതി. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയാണ് അവര്‍ വാഹനം ഓടിച്ചിരുന്നത്. 19 -കാരനായ ധോകന്‍ നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.

Follow Us:
Download App:
  • android
  • ios