Asianet News MalayalamAsianet News Malayalam

പിതാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഒന്നേകാല്‍ കോടി രൂപ തട്ടി 24-കാരന്‍!

നേരെ പിതാവിന്റെ കഴുത്തില്‍ കത്തി വെച്ചു. ബാങ്ക് അക്കൗണ്ടില്‍നിന്നും ഒരു കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ച പിതാവിന്റെ കഴുത്തില്‍ കത്തി കൊണ്ട് വരഞ്ഞ് ഭയപ്പെടുത്തി കാര്യം അയാള്‍ നടത്തി.

Mumbai man robs parents at knifepoint
Author
First Published Jan 12, 2023, 6:22 PM IST

പ്രശ്‌നക്കാരായി വളരുന്ന കുട്ടികള്‍ എന്നും മാതാപിതാക്കള്‍ക്ക് തലവേദനയായിരിക്കും. ആദ്യമൊക്കെ ആരുമറിയാതെ അവരുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ കൈകാര്യം ചെയ്യും. കുടുക്കില്‍ പെടാെത സംരക്ഷിക്കും. എത്ര കഷ്ടപ്പെട്ടാലും കൂടെ നില്‍ക്കും. എന്നാല്‍ ഒരു പരിധി കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്കും ഒന്നും ചെയ്യാനാവില്ല. 

അത്തരമൊരു മകനാണ് മുംബൈയിലെ ബാന്ദ്രയില്‍ ഇപ്പോള്‍ അറസ്റ്റിലായത്. 24-വയസ്സുള്ള രാഹുല്‍ ദോന്ദ്കര്‍ എന്ന യുവാവ്. സ്വന്തം മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ വിവിധ കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. എന്തിനാണ് അറസ്റ്റ് എന്ന് അറിഞ്ഞാല്‍ മനസ്സിലാവും, അയാള്‍ എത്തിപ്പെട്ട അവസ്ഥ. മറ്റൊന്നിനുമല്ല, മാതാപിതാക്കളുടെ കഴുത്തില്‍ കത്തിവെച്ച് ഒന്നേ കാല്‍ കോടി രൂപയോളം തട്ടിയെടുത്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ചെറുപ്പം മുതലേ പ്രശ്‌നക്കാരനായിരുന്നു ഇയാളെന്നാണ് പിതാവ് മാരുതി ദോന്ദ്കര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നല്ല സാമ്പത്തികാവസ്ഥയുള്ള പിതാവ് മുംബൈയിലെ ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ്. ഒറ്റ മകനാണ് രാഹുല്‍. ചെറുപ്പത്തിലേ രാഹുലും ബിസിനസിലിറങ്ങി. എന്നാല്‍, തൊട്ടതെല്ലാം നഷ്ടത്തിലാണ് കലാശിച്ചത്. അതിനാല്‍, ഓരോ തവണ ബിസിനസില്‍ നഷ്ടം വരുമ്പോഴും രാഹുല്‍ വീട്ടിലേക്ക് വരും. മാതാപിതാക്കളെ ഭീഷണിപ്പെടുത്തി കുറേ കാശ് കൈയിലാക്കും. അതു കഴിഞ്ഞ്, വീണ്ടും കടക്കാരനാവും. വീണ്ടും മാതാപിതാക്കളില്‍നിന്നും കാശ് തട്ടിയെടുക്കും. ഇതാണ് സാധാരണ അവസ്ഥ. 

എന്നാല്‍, ഇത്തവണ കൈവിട്ട കളിക്കാണ് ഇയാള്‍ മുതിര്‍ന്നത്. വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് കാശ് ആവശ്യപ്പെട്ടു. അവര്‍ നല്‍കാന്‍ തയ്യാറായില്ല. അതോടെ ഇയാള്‍ വഴക്കായി, ഭീഷണിയായി. മാതാപിതാക്കള്‍ വഴങ്ങാതായതോടെ അയാള്‍ പോക്കറ്റില്‍നിന്നും കത്തിയെടുത്ത്. അതു കാണിച്ച് ഭീഷണിപ്പെടുത്താനൊന്നും നിന്നില്ല. നേരെ പിതാവിന്റെ കഴുത്തില്‍ കത്തി വെച്ചു. ബാങ്ക് അക്കൗണ്ടില്‍നിന്നും ഒരു കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ച പിതാവിന്റെ കഴുത്തില്‍ കത്തി കൊണ്ട് വരഞ്ഞ് ഭയപ്പെടുത്തി കാര്യം അയാള്‍ നടത്തി. പിന്നീട്, അമ്മയുടെ 16 സ്വര്‍ണ്ണ വളകള്‍ അഴിച്ചു വാങ്ങി. ഗണപതി വിഗ്രഹത്തിലെ സ്വര്‍ണ്ണ കിരീടവും വില പിടിപ്പുള്ള ആഭരണങ്ങളില്‍ ചിലതും എടുത്ത ശേഷം സ്ഥലം വിട്ടു. സാധാരണ ഗതിയില്‍ വീട്ടുകാര്‍ പൊലീസിനെ അറിയിക്കാറില്ല. ഇതും അങ്ങനെ തന്നെയാവുമെന്ന് കരുതിയ ഇയാളെ എന്നാല്‍, ഒരു മണിക്കൂറിനുള്ളില്‍ തേടിവന്നത് പൊലീസാണ്. പിതാവിന്റെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിവിധ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios