ആറ് മാസം മുൻപ് മുംബൈയിലെ സിഎസ്എംടിക്ക് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ പോലീസ് കണ്ടെത്തി. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വാരണാസിയിലെ ഒരു അനാഥാലയത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തട്ടിക്കൊണ്ടു പോയ നാല് വയസുകാരിയെ കണ്ടെത്തി മുംബൈ പോലീസ്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന് (സിഎസ്എംടി) സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് അങ്ങോട്ട് ആറ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ കുട്ടിയെ വാരണാസിയിലെ ഒരു അനാഥാലയത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ശിശു ദിനത്തിൽ മുംബൈയിലേക്ക് വിമാനത്തിൽ കൊണ്ടു വന്ന കുട്ടിയ്ക്കായി ബലൂണുകളും പുതിയ വസ്ത്രങ്ങളുമാണ് പോലീസുകാരൊരുക്കി വച്ചത്. 'നിങ്ങൾ ഞങ്ങൾക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും സമ്മാനം നൽകി' എന്ന് സംഭവത്തോടെ പ്രതിരിക്കവെ ആനന്ദ് മഹീന്ദ്ര തന്‍റെ എക്സ് പോസ്റ്റിലെഴുതി. പിന്നാലെ കുറിപ്പ് വൈറലായി.
ആറ് മാസം നീണ്ട അന്വേഷണം
മോഹിനി മഹേശ്വരി എന്ന എക്സ് ഉപയോക്താവാണ് മുംബൈ പോലീസ് കുട്ടിയെ കണ്ടെത്തിയ കഥ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. റിപ്പോർട്ടുകൾ പ്രകാരം, അച്ഛന്‍റെ ചികിത്സയ്ക്കായി സോളാപൂരിൽ നിന്ന് മുംബൈയിലെ സെന്‍റ് ജോർജ് ആശുപത്രിയിലേക്ക് മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു ആ നാല് വയസുകാരി. മെയ് 20 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന് (സിഎസ്എംടി) സമീപം കളിച്ചുകൊണ്ടിരിക്കെ അവളെ കാണാതായി. മകളെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ മുംബൈ പോലീസില്‍ പരാതി നല്‍കി.
നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ
പത്ത് പ്രത്യേക സംഘങ്ങളായി മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് മേഖല, ലോകമാന്യ തിലക് ടെർമിനസ്, ഭൂസാവൽ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് മണിക്കൂർ ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ലോക്മാന്യയിൽ നിന്ന് വാരണാസിയിലേക്ക് പോകുന്ന ട്രെയിനിൽ കുട്ടി മറ്റൊരാളോടൊപ്പം കയറിയതായി പോലീസ് കണ്ടെത്തി. പിന്നാലെ ലോക്കൽ പോലീസിന്‍റെയും റെയിൽവേ ജീവനക്കാരുടെയും പിന്തുണയോടെ എംആർഎ മാർഗ് പോലീസ് വാരണാസിയിൽ "ഓപ്പറേഷൻ ശോധ്" ആരംഭിച്ചു. തിരച്ചിൽ വിപുലീകരിക്കുന്നതിനായി പ്രദേശത്തുടനീളം കുട്ടിയുടെ ചിത്രം പതിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു. പത്രങ്ങളിൽ പരസ്യങ്ങൾ നൽകി.
വാരണാസിയിലെ അനാഥാലയം
പരസ്യം ശ്രദ്ധിച്ചിരുന്ന ഒരു പത്രപ്രവർത്തകന്‍ വാരണാസിയിലെ ഒരു അനാഥാലയത്തില്‍ മറാത്തി സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും കാണാതായ കുട്ടിയുമായി അവൾക്ക് സമ്യതയുണ്ടെന്നും അദ്ദേഹം പോലീസിനെ അറിയിച്ചു. പിന്നാലെ പോലീസ് അനാഥാലയത്തിലെത്തി. മാസങ്ങൾക്ക് മുമ്പ് ആരോ ഉപേക്ഷിച്ച നിലയില്‍ വാരണാസി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് കുട്ടിയെ ലഭിച്ചതെന്ന് അനാഥാലയം അധികൃതർ പോലീസില്‍ അറിയിച്ചു.
പിന്നാലെ കാണാതായ കുട്ടി തന്നെയാണ് അനാഥാലയത്തിലുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നെ താമസിച്ചില്ല അടുത്ത വിമാനത്തില്‍, കുട്ടിയുമായി പോലീസ് മുംബൈയിലേക്ക് പറന്നു. ഒടുവിൽ കഴിഞ്ഞ ആറ് മാസമായി അവളെ കാണാതെ വേദനിച്ചിരിക്കുന്ന അച്ഛനമ്മമാരുടെ അടുത്തെത്തി. അമ്മയെ കണ്ടതും ആ നാല് വയസുകാരി ചുമലിലേക്ക് ചാഞ്ഞെന്ന് മോഹിനി മഹേശ്വരിയുടെ വൈകാരികമായെഴുതി. കുറിപ്പ് ഇതിനകം 31 ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് പതിനായിരത്തിന് അടുത്ത് ആളുകൾ ആ കുറിപ്പ് വീണ്ടും പങ്കുവച്ചു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയവരെ കുറിച്ച് ഇതുവരെയായി ഒരു വിവരവും ലഭ്യമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.


