ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ കോടീശ്വരന്‍ പക്ഷേ, സ്വന്തം കമ്പനിയിൽ നിന്നും ശമ്പളം ലഭിച്ചിട്ട് വര്‍ഷം ഏഴ് കഴിഞ്ഞു. ശമ്പളം തടഞ്ഞത് കോടതിയും.
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ കോടീശ്വരനാണ് എലോണ്‍ മസ്ക്. സ്റ്റാര്‍ലിങ്ക്, ടേസ്‍ല തുടങ്ങിയ നിരവധി കമ്പനികൾക്ക് ഉടമയാണ് എലോണ്‍ മസ്ക്. അടുത്തിടെയാണ് രണ്ടാം ട്രംപ് സര്‍ക്കാറിലെ ചെലവ് ചുരുക്കല്‍ വകുപ്പായ ഡോജിന്‍റെ തലപ്പത്ത് നിന്നും മസ്ക് ഒഴിഞ്ഞത്. ഇതിനിടെ മസ്ക് രാസലഹരിക്ക് അടിമയാണെന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്. ഇതിന് പിന്നാലെ വര്‍ഷങ്ങളായി ടെസ്ലയില്‍ നിന്നും ശമ്പള ഇനത്തില്‍ മസ്കിന് ഒന്നും ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നത്.
2024 -ൽ ടെസ്‍ലയില്‍ നിന്നും ശമ്പളമായി ഒരു ഡോളര്‍ പോലും കൈപറ്റാന്‍ മസ്കിന് കഴിഞ്ഞിട്ടില്ല. സ്റ്റോക്ക് മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെ്യത കമ്പനികളില്‍ ഏറ്റവും കുറവ് ശമ്പളം ലഭിച്ച സിഇഒ എന്ന പദവിയും ഇതോടെ മസ്കിന് സ്വന്തം. വർഷങ്ങളായി ടെസ്ല, മസ്കിന് ശമ്പളമായി ഒന്നും കൊടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത് ദി വാൾ സ്ട്രീറ്റ് ജേർണലാണ്. 2018 -ലെ ഒരു സ്റ്റോക്ക് നഷ്ടപരിഹാര ഇടപാടിനെച്ചൊല്ലിയുള്ള നിയമപോരാട്ടം മൂലമാണ് ടെസ്ല, മസ്കിന് ഇത്രയും കാലം ശമ്പളമൊന്നും നല്‍കാതിരുന്നത്. ടെസ്‍ല ഓഹരി ഉടമകൾ മസ്കിന് അനുകൂലമായി രണ്ട് തവണ വോട്ട് ചെയ്തെങ്കിലും കോടതി രണ്ട് തവണയും മസ്കിന്‍റെ ശമ്പള പാക്കേജ് തടഞ്ഞ് വയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മസ്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള എക്സില്‍ ഒരു ഉപയോക്താവ് ഇത് സംബന്ധിച്ച് കുറിപ്പെഴുതി, 'കഴിഞ്ഞ വർഷം എസ് & പി 500 കമ്പനികളിൽ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന സിഇഒ ആയിരുന്നു എലോൺ മസ്‌ക്. ടെസ്‌ല അദ്ദേഹത്തിന് 0 ഡോളർ നൽകി'. അതിന് മറുപടിയുമായി മസ്ക് തന്നെ രംഗത്തെത്തി. 'കമ്പനിയുടെ മൂല്യം 2000% -ത്തിൽ കൂടുതൽ വർദ്ധിപ്പിച്ചിട്ടും ഏഴ് വർഷമായി പൂജ്യം.' എന്നായിരുന്നു മസ്കിന്‍റെ മറുപടി. ഇതോടെ മസ്കിനെ അനുകൂലിച്ചും പ്രതിരോധിച്ചും നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ മസ്കിന് എന്തിനാണ് ശമ്പളമെന്നും ലോകത്തിലെ ഏറ്റവും വലിയ ധനികനല്ലേയെന്നുമായിരുന്നു കുറിച്ചത്. അതേസമയം മറ്റ് ചിലര്‍ മസ്കിന് ശമ്പളം കൊടുക്കണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തി. ഡോജ് ആളുകളുടെ വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയതോടെ അമേരിക്കയില്‍ ടെസ്ല തല്ലിപ്പൊളിക്കുന്നത് വരെയെത്തിയിരുന്നു കാര്യങ്ങൾ. ഇതിന് പിന്നാലെ ട്രംപ്, ടെസ്ല വാങ്ങി മസ്കിന്‍റെ രക്ഷയ്ക്കെത്തിയത് വലിയ വാർത്തയായിരുന്നു.


