കരിമ്പില്‍നിന്നും നിര്‍മ്മിക്കുന്ന ശര്‍ക്കരയ്ക്ക് തണുപ്പുകാലത്ത് ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഘടകമായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ശരീര താപനില നിയന്ത്രിക്കാനും വിഷാംശം ഇല്ലാതാക്കാനും ശര്‍ക്കരയ്ക്ക് കഴിയുമെന്നാണ് ആയുര്‍വേദം പറയുന്നത്. കരിമ്പിന്‍നീരില്‍ നിന്നാണ് സാധാരണയായി ശര്‍ക്കര ഉണ്ടാക്കുന്നത്. പുല്‍വര്‍ഗത്തില്‍പ്പെട്ട കരിമ്പ് ചെടി ഉഷ്ണമേഖല പ്രദേശങ്ങളിലാണ് വളരുന്നത്. കേരളത്തില്‍ വളരെക്കുറച്ച് മാത്രമേ കൃഷി ചെയ്യുന്നുള്ളുവെങ്കിലും തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി വളര്‍ത്തുന്നുണ്ട്. സക്കാറം ഒസിഫിനാരം എന്നാണ് കരിമ്പിന്റെ ശാസ്ത്രനാമം.

കരിമ്പിന്റെ പ്രത്യേകതകള്‍

നല്ല കട്ടിയുള്ള കാണ്ഡത്തോടുകൂടിയ സസ്യമാണ് കരിമ്പ്. കരിമ്പിന്റെ മുട്ടുകളില്‍ വേരുമുകുളങ്ങള്‍ കാണപ്പെടും. നാല്-അഞ്ച് മീറ്റര്‍ ഉയരത്തില്‍ വളരുന്ന ചെടിയാണ് ഇത്. ഇലകള്‍ക്ക് അധികം കനമുണ്ടാകില്ല. നല്ല വെള്ളനിറമുള്ള പൂവുകള്‍ കുലകളായി വളരും.

കൃഷി ചെയ്യുന്ന വിധം

കരിമണ്ണാണ് കരിമ്പ് കൃഷിക്ക് അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് വേണം. എക്കല്‍ കലര്‍ന്ന മണ്ണും നല്ലതാണ്. ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്നത്. രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. കരിമ്പില്‍ വിത്തുകള്‍ സര്‍വസാധാരണമായി കാണപ്പെടുന്നില്ല. എന്നിരുന്നാലും അപൂര്‍വമായി ഉണ്ടാകാറുണ്ട്.

മൂന്ന് പ്രാവശ്യം കൃഷിഭൂമി ഉഴുതുമറിച്ചതിനുശേഷമേ കരിമ്പ് കൃഷി നടത്താവൂ എന്ന് കൃഷിക്കാര്‍ പറയുന്നു. കാലിവളവും കമ്പോസറ്റും തന്നെയാണ് കരിമ്പ് നടുന്നതിന് മുമ്പായി വളമായി ചേര്‍ക്കുന്നത്. ഒരു സെന്റിന് 30 മുതല്‍ 40 കിലോ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്ത് യോജിപ്പിച്ച് നിരപ്പാക്കണം.

 

എല്ലാത്തരം മണ്ണിലും കരിമ്പ് വിളയില്ല. കൃഷി ചെയ്യാനുപയോഗിക്കുന്ന മണ്ണില്‍ അമ്ലഗുണം കൂടുതലുണ്ടെങ്കില്‍ സാധാരണ ചെയ്യുന്നതുപോലെ ഡോളമൈറ്റോ കുമ്മായമോ ചേര്‍ത്തുകൊടുക്കാം.

കരിമ്പ് നടുമ്പോള്‍ നീഴത്തിലോ കുറുകെയോ ചാലുകള്‍ എടുക്കണം. രണ്ടു ചാലുകള്‍ തമ്മിലുള്ള അകലം മുക്കാല്‍ മീറ്ററെങ്കിലും വേണം. ചാലിന്റെ താഴ്ച അര മീറ്ററും വേണം.

കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ചായിരിക്കണം ചാലുകള്‍ എടുക്കേണ്ടത്. ചരിഞ്ഞ സ്ഥലങ്ങളിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ 75 സെ.മീ അകലത്തിലും 30 സെ.മീ താഴ്ചയുമുള്ള ചാലുകളാണ് നല്ലത്.

കരിമ്പ് നടുന്ന വിധം

നടാനായി ഉപയോഗിക്കുന്നത് മൂപ്പെത്തിയ തണ്ടിന്റെ കട്ടികുറഞ്ഞ മുകള്‍ഭാഗമാണ് നടീല്‍വസ്തുവായി ഉപയോഗിക്കുന്നത്. ഒരേക്കറിലേക്ക് മൂന്ന് മുട്ടുകളോടെ മുറിച്ചെടുത്ത കഷണങ്ങള്‍ വേണം. ഏകദേശം 13000 കഷണങ്ങളാണ് പറയുന്നത്.

നടുന്നതിന് മുമ്പ് കുമിള്‍രോഗബാധ ഒഴിവാക്കണം. 0.25 ശതമാനം ഗാഢതയുള്ള ബോര്‍ഡോമിശ്രിതത്തില്‍ മുക്കിയശേഷം നടുന്നതാണ് നല്ലത്. നടുമ്പോള്‍ കരിമ്പിന്‍തണ്ടുകള്‍ രണ്ടെണ്ണം ചേര്‍ത്ത് വെച്ച് മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്.

കരിമ്പിലെ വിവിധ ഇനങ്ങള്‍

വെള്ളക്ഷാമമുള്ളിടത്തും നന്നായി വളരുന്ന ഇനമാണ് മധുരിമ. ചെഞ്ചീയല്‍ രോഗത്തെ പ്രതിരോധിക്കുന്ന ഇനമാണ് മാധുരി. നന്നായി നീര് ലഭിക്കുന്ന ഇനമാണ് സി.ഒ 7405, സി.ഒ 6907 എന്നിവ.

ജൈവവളപ്രയോഗം അഭികാമ്യം

സാധാരണയായി നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ മിശ്രിതമാണ് വന്‍തോതില്‍ കരിമ്പ് ഉത്പാദിപ്പിക്കുന്നവര്‍ ഉപയോഗിക്കുന്നത്. ജൈവരീതിയില്‍ കൃഷി ചെയ്യുമ്പോള്‍ ഇടവിളയായി പയര്‍ കൃഷി ചെയ്‍താല്‍ പൂവിട്ട് കഴിയുമ്പോള്‍ പറിച്ചെടുത്ത് കരിമ്പിന്റെ ചുവട്ടിലിട്ട് മണ്ണിട്ട് മൂടിക്കൊടുക്കാം. നന്നായി പോഷകം ലഭിക്കും.

കാലിവളവും കമ്പോസ്റ്റും ഇതിന്റെ കൂടെ ചേര്‍ക്കാവുന്നതാണ്. മധ്യകേരളത്തില്‍ വരണ്ട മണ്ണില്‍ കൃഷി ചെയ്യാന്‍ ഒരു ഏക്കറിന് 75 കിലോ യൂറിയയും 30 കിലോ പൊട്ടാഷും വേണം. മലയോരപ്രദേശങ്ങളിലെ മണ്ണിന് 50 കിലോ യൂറിയ മതി.

കരിമ്പിന് നനച്ചുകൊടുക്കണം. മഴയുടെ അളവ് നോക്കി മാത്രമേ നനയ്ക്കാവൂ. കരിമ്പിന്റെ തണ്ടില്‍ നിന്ന് പുതിയ ഇലകള്‍ കിളര്‍ത്ത് വന്നാലേ നന്നായി നനയ്ക്കാന്‍ പാടുള്ളു. ഇല്ലെങ്കില്‍ വെള്ളം കെട്ടിനിന്ന് തണ്ട് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്.

കരിമ്പില്‍ നിന്നും ശര്‍ക്കര

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് നിയന്ത്രിക്കാന്‍ ശര്‍ക്കരയ്ക്ക് കഴിവുണ്ട്. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതുകൊണ്ട് വിളര്‍ച്ച തടയാം. അതുപോലെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട ഊര്‍ജം തിരികെ നേടാന്‍ ശര്‍ക്കര ചേര്‍ത്ത വിഭവങ്ങള്‍ നല്ലതാണ്.

 

ശരീരത്തിനകത്ത് ചൂട് നിലനിര്‍ത്താന്‍ ശര്‍ക്കരയ്ക്ക് കഴിയും. ഒരു ഗ്രാം ശര്‍ക്കരയില്‍ 4 കാലറി ഊര്‍ജമുണ്ട്. ഇത് ശരീരത്തിനകത്ത് താപനില ശരിയായി നിലനിര്‍ത്തുന്നു. തണുപ്പുകാലത്ത് രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തയോട്ടം തടസപ്പെടുകയും ചെയ്യും. ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തക്കുഴലുകള്‍ വികസിപ്പിച്ച് രക്തയോട്ടം സുഗമമാക്കുന്നു.

ശര്‍ക്കരയില്‍ ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ചിലതരം രോഗങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനുള്ള കഴിവും ശര്‍ക്കരയ്ക്കുണ്ട്. കഫക്കെട്ടിനും ജലദോഷത്തിനുമെതിരെ പ്രവര്‍ത്തിക്കും. ശ്വാസകോശത്തിന് ഹാനികരമായിത്തീരുന്ന മലിനപദാര്‍ഥങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള കഴിവും ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്ന പോഷകഘടങ്ങള്‍ക്കുണ്ട്.