(രാജ്യം വല്ലാത്ത ഒരവസ്ഥയിലൂടെ കടന്നുപോവുകയാണ്. ആ സമയത്ത് സ്വാതന്ത്ര്യത്തിനായി പോരാടിയ അച്ഛനെ ഓര്‍ക്കുകയാണ് ഒരു മകന്‍. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഹെന്‍‍റി ദേവദാസിനെ മകന്‍ ഡേവിഡ് ദേവദാസ് ഓര്‍ക്കുന്നു. ഡേവിഡ് ദേവദാസ് ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്‍തകം കശ്‍മീരിലെ കഥയാണ്. സ്ക്രോളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പരിഭാഷ.)

എന്‍റെ പിതാവ് ഹെൻറി ദേവദാസ് 1919 ഡിസംബർ 19 -നാണ് ജനിച്ചത്. അദ്ദേഹം ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1972 -ൽ അദ്ദേഹത്തിന് താമ്ര-പത്ര, വെങ്കല ഫലകം ലഭിച്ചപ്പോൾ അതെന്തിനാണെന്ന് കുട്ടിയായ എനിക്ക് മനസിലായില്ലായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്‍റെ അച്ഛൻ മൈസൂർ സംസ്ഥാനത്തെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്‍റെ നേതാവായിരുന്നു. ഞാൻ വളർന്നുവന്നപ്പോൾ, 1942 -ൽ ഒളിവിൽ പോവുക എന്നതിന്‍റെ  അർത്ഥമെന്താണെന്നുപോലും എനിക്ക് മനസിലായിരുന്നില്ല. ചെറുപ്പത്തിൽ ഒരു വലിയ ജനക്കൂട്ടത്തിൽ നിൽക്കുന്നതിനെക്കുറിച്ചും, മഹാത്മാഗാന്ധിയുടെയോ, നെഹ്‍റുവിന്‍റെയോ, നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെയോ പ്രസംഗം കേൾക്കുമ്പോൾ കണ്ണീരണിയുന്നതിനെ കുറിച്ചും അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. പക്ഷേ, അന്നൊന്നും എനിക്ക് അതിന്‍റെ തീവ്രത മനസ്സിലായിരുന്നില്ല.

ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ജയിലിൽ വരുന്നതിനെക്കുറിച്ചും, സ്വാതന്ത്ര്യ സമരത്തിൽനിന്ന് പിന്മാറിയാൽ ഓക്സ്ഫോർഡിൽ സ്കോളർഷിപ്പോ, ഒരു സൈനിക ഉദ്യോഗമോ വാഗ്ദ്ധാനം ചെയ്യാറുള്ളതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ദേശസ്നേഹത്തോടുള്ള അർപ്പണബോധത്തിന്‍റെയും ആദർശവാദത്തിന്‍റെയും ആഴം അന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

30 വർഷം മുമ്പ് എന്‍റെ അച്ഛന്‍റെ സഹപാഠികളിൽ ഒരാൾ കേന്ദ്ര പെട്രോളിയം മന്ത്രിയായപ്പോൾ, അച്ഛനെ അന്വേഷിച്ച് വീട്ടിൽ വരികയുണ്ടായി. സ്വാതന്ത്ര്യസമര സേനാനികളുടെ ക്വാട്ടയിൽ അദ്ദേഹത്തിന് ഒരു പെട്രോൾ പമ്പ് സഹപാഠി വാഗ്ദ്ധാനം ചെയ്‍തു. അച്ഛൻ അത് നിശബ്‍ദമായി നിരസിച്ചു. അപ്പോൾ മാത്രമാണ് അദ്ദേഹം ഉയർത്തിക്കാട്ടിയ മൂല്യങ്ങളെ കുറിച്ച് എനിക്ക് മനസ്സിലായത്.

എന്‍റെ അച്ഛൻ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. എന്‍റെ മുത്തശ്ശൻ ഒരു ദേശീയ പ്രവർത്തകനായി മാറിയിരുന്നു അപ്പോഴേക്കും. 1926 -ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയിൽ ക്രിസ്ത്യാനികൾക്കായി നീക്കിവച്ചിരുന്ന ജില്ലാ ബോർഡ് സീറ്റിനായി, ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു. മുത്തച്ഛൻ തന്‍റെ മൂത്തമകനെ ഉയർന്ന വിദ്യാഭ്യാസത്തിനായി പറഞ്ഞയച്ചു. എന്നിട്ട് അച്ഛനെ കൃഷികാര്യങ്ങൾ നോക്കിനടത്താനായി ഏല്പിച്ചു. പക്ഷേ, അച്ഛന് പഠിക്കാൻ വലിയ ആഗ്രഹമായിരുന്നു.  അങ്ങനെ മൈസൂരിലുള്ള ഒരു ബന്ധുവിന്‍റെ അടുത്തേക്ക് അദ്ദേഹം ഓടിപ്പോയി. അവിടെ ഒരു സ്‍കൂളിൽ ചേർന്ന് പഠിക്കാൻ ആരംഭിച്ചു. തുടർന്ന് മൈസൂരിലെ മഹാരാജാസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിന് ചേരുകയും ചെയ്‍തു.  

ലണ്ടൻ സ്‍കൂൾ ഓഫ് ഇക്കണോമിക്സിലും, യേലിലും അദ്ദേഹം ഹ്രസ്വ കോഴ്‍സുകൾ ചെയ്യുകയുണ്ടായി. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അദ്ദേഹം ലണ്ടനിലായിരുന്നു. ആ സമയം അവിടെ ഉണ്ടാകാൻ സാധിക്കാത്തത് അദ്ദേഹത്തെ ദുഃഖിപ്പിച്ചു. സമത്വവും നീതിയും ഉറപ്പുനൽകുന്ന ഒരു സ്വതന്ത്ര ഇന്ത്യയുടെ കാഴ്‍ച്ചപ്പാടിനായി അദ്ദേഹം എന്നും അധ്വാനിച്ചിരുന്നു.

പക്ഷേ, അദ്ദേഹത്തിന്‍റെ മകനെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്‍റെ ശതാബ്‍ദിയോടെ വലിയൊരു വിഭാഗം ആളുകൾ തെരുവുകളിലും പൊതുപാർക്കുകളിലും നിറയുന്നുവെന്നത് ആശങ്കാജനകമാണ്. തെരുവിലിറക്കപ്പെടുമോ എന്ന ആശങ്കയാണ് ഓരോ ഇന്ത്യക്കാരനിലും ബാക്കിനില്‍ക്കുന്നത്. ഈ ഭൂമി, ഈ രാഷ്ട്രം, ഈ റിപ്പബ്ലിക് ഇതെല്ലാം ഇന്ത്യയുടെ ജനങ്ങൾക്കുള്ളതാണ്. എല്ലാവർക്കും തുല്യ അവകാശങ്ങളുള്ള ഒരു അതുല്യമായ, അപൂർവമായ, അസാധ്യമായതായി തോന്നുന്ന ഒരു മഹത്തായ ജനാധിപത്യ രാഷ്ട്രമാണിത്.

72 വർഷത്തെ പ്രക്ഷുബ്‍ധമായ യാത്രയായിരുന്നു നമ്മുടേത്. പുരോഗതിയുടെയും വികാസത്തിന്‍റെയും അത്ഭുതകരമായ ഒരു യാത്ര. കഷ്‍ടപ്പാടുകൾക്കൊടുവിൽ നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമായി അതുയർന്നു. നിരവധി ഭാഷകളും സ്വത്വങ്ങളും, മതങ്ങളും വിഭാഗങ്ങളും, ഗോത്രങ്ങളും ജാതികളും ഉള്ള ഒരു മഹത്തായ രാഷ്ട്രമായിത്തീർന്നു അത്.

നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളും മറ്റു പലരും വിഭാവന ചെയ്‍ത ഒരു ഭരണഘടനയാണ് നമ്മുടേത്. അവകാശങ്ങളും കടമകളും നിറഞ്ഞ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടനയാണിത്. പൗരന്മാരുടെ ചുമതലകൾക്കൊപ്പം, സംസ്ഥാനത്തിന്‍റെയും അധികാരികളുടെയും കടമകൾ വ്യക്തമാകുന്ന ഒന്നാണത്.  സമത്വത്തിനും നീതിക്കും സാഹോദര്യത്തിനുമുള്ള പ്രതിബദ്ധത തെളിയിക്കുന്ന ഒന്ന്. എല്ലാവരേയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മഹത്തായ രാജ്യം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും സാഹോദര്യത്തോടെ ഒത്തുചേർന്നു ഇവിടെ.

'മുസ്ലീം പാനി', 'ഹിന്ദു പാനി' എന്ന് ആക്രോശിച്ച് ആൺകുട്ടികൾ റെയിൽ‌വേ പ്ലാറ്റ്ഫോമുകളിലിറങ്ങുമ്പോൾ ബ്രിട്ടീഷ് രാജിന്‍റെ ഭയാനകമായ ദിവസങ്ങളെക്കുറിച്ച് എന്‍റെ മാതാപിതാക്കൾ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ, ഇന്ന് മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളിൽ നിന്ന് ആളുകൾ വെള്ളം കുടിക്കില്ലെന്ന് കരുതുന്നത് വിചിത്രമായി തോന്നാം.

എന്‍റെ ജീവിതകാലത്ത്, ദോശയും, സമോസയും, പറാത്തയും, മോമോകളും ഈ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ സാർവത്രികമായി ലഭിക്കുകയും, ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് വൈവിധ്യത്തിലുള്ള ഐക്യത്തിന്‍റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ്.  

ഞാൻ വളർന്ന ദില്ലിയിൽ ഭിക്ഷ യാചിക്കുന്ന അനവധി യാചകരെ കാണാറുണ്ട്. എന്നാൽ ഇപ്പോൾ രാജ്യം പുരോഗതി നേടിയപ്പോൾ അന്ന് പൂവിട്ടിരുന്ന ഐക്യത്തിന്‍റെയും സഹോദര്യത്തിന്‍റെയും കാഴ്ചപ്പാടുകൾക്ക് മങ്ങൽ സംഭവിച്ചതെങ്ങനെ? ആ കടുത്ത ദരിദ്ര്യത്തിലും ഉണ്ടായിരുന്ന ഐക്യവും പരസ്പര സ്നേഹവും ഇന്ന് സമ്പത്തും സുരക്ഷയും വന്നപ്പോൾ വിദ്വേഷവും അകൽച്ചയുമായി മാറിയതെങ്ങനെ? 

(കടപ്പാട്: സ്ക്രോള്‍)