ഗുഡ്ഗാവില്‍ കാല്‍നടയാത്രക്കാരന്‍റെ കാലില്‍ കാര്‍ കയറ്റിയ ശേഷം യുവതി ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായി. ക്ഷമാപണം നടത്തുന്നതിന് പകരം, തന്‍റെ ഭര്‍ത്താവ് പോലീസിലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.
ഗുഡ്ഗാവിലെ സെക്ടർ 62 -ൽ നടന്ന ഒരു സ്ത്രീയുയുടെയും പുരുഷന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി. വിവിധ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ കാൽനട യാത്രക്കാരനായ തന്‍റെ കാലിൽ കാർ കയറ്റിയെന്ന് ആരോപിച്ചു. എന്നാൽ, തന്‍റെ ഭർത്താവ് പോലീസിലാണെന്ന് പറഞ്ഞ് യുവതി കാൽ നടയാത്രക്കാരനെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. അബദ്ധത്തിലോ അല്ലാതെയും ഇടിച്ച ശേഷം സംഭവത്തിൽ ക്ഷമാപണം നടത്താതെ തന്‍റെ ഭർത്താവിന്‍റെ പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്.
'ഭർത്താവ് പോലീസിലാണ്'
വീഡിയോയിൽ, താൻ റോഡരികിലൂടെ നടക്കുമ്പോൾ യുവതി കാർ തന്‍റെ കാലിലൂടെ കയറ്റി ഇറക്കിയെന്ന യുവാവ് ആരോപിച്ചു. സംഭവത്തിന്‍റെ വീഡിയോ ഇയാൾ ചിത്രീകരിച്ചു. അതേസമയം യുവതി കാറിൽ ഇരുന്ന് ഇയാളുമായി തർക്കിക്കുന്നതും കേൾക്കാം. വാഹനം ഹരിയാന രജിസ്ട്രേഷനിലുള്ളതാണ്. വീഡിയോ ചിത്രീകരണത്തിനിടെ തന്‍റെ ഭർത്താവിന്‍റെ പേര് നവീൻ സൈനി എന്നാണെന്നും അദ്ദേഹം പോലീസിലാണെന്നും യുവതി ഭീഷണി മുഴക്കുന്നു. ഒപ്പം അയാൾ റോഡിന് നടുവിലൂടെയാണ് നടന്നിരുന്നതെന്നും അതുകൊണ്ടാണ് ഇടിക്കേണ്ടിവന്നതെന്നുമാണ് യുവതിയുടെ വാദം. അതേസമയം താൻ റോഡിന്‍റെ ഒരു വശം ചേർന്ന് നടക്കുകയായിരുന്നെന്നും കാർ ആ വശം ചേർന്ന് വന്ന് തന്നെ ഇടിക്കുകയായിരുന്നെന്നും യുവാവും അവകാശപ്പെട്ടു.
'ഇതിനി പുതിയ നിയമം വല്ലതുമാണോ?'
വീഡിയോ വൈറലായതിന് പിന്നാലെ സ്ത്രീയുടെ പെരുമാറ്റം 'പരമാധികാരം' പോലെയാണെന്ന് നിരവധി പേരെഴുതി. ചെയ്ത കുറ്റത്തിന് അത് അബദ്ധത്തിലോ സ്വബോധത്തിലോ ആണെങ്കിൽ പോലും അത് അംഗീകരിക്കാനും ക്ഷമ പറയാനുമുള്ള സാമാധ്യബോധം മനുഷ്യന് വേണമെന്ന് നിരവധി പേരെഴുതി. കുറ്റം ചെയ്ത ശേഷം ഭർത്താവിന്‍റെ പദവി എടുത്ത് പറയേണ്ടതിന്‍റെ ആവശ്യകത എന്താണെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. 'ഇതാണ് പരമമായ അവകാശം. കാലിൽ വണ്ടി കൊണ്ട് ഇടിച്ച ശേഷം അടിസ്ഥാന മാധ്യത പോലും കാണിക്കാതെ അധികാരം ഉപയോഗിക്കുന്നു. ഇതാണ് ഇന്ത്യൻ റോഡുകളിലെ ഉത്തരവാദിത്വമില്ലാത്തതിന്‍റെ ക്ലാസിക്ക് ഉദാഹരണം. അയാൾക്ക് നീതി ലഭിക്കുമെന്നും അവരുടെ കാർ വലിച്ചിഴയ്ക്കപ്പെടുമെന്നും കരുതുന്നു. ഗുഡ്ഗാവ് ട്രാഫിക് പോലീസ് നിരാശപ്പെടുത്തില്ല.' മറ്റൊരു കാഴ്ചക്കാരൻ എഴുതി. ഭർത്താവ് പോലീസിലാണെങ്കിൽ ഒരാൾക്ക് എന്ത് കുറ്റവും ചെയ്യാമെന്ന് ഇന്ത്യയിൽ നിയമമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ സംശയം.


