യൂട്യൂബറും പോഡ്‌കാസ്റ്ററുമായ ബാല്ലൻ അപ്‍ലോഡ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നത് ന്യൂ ഗിനിയയിലെ കാടുകളിൽ റോക്ക്ഫെല്ലറുണ്ടായിരുന്നു എന്നാണ്.
പൊടുന്നനെ എവിടേക്ക് പോയി എന്നോ, എന്ത് സംഭവിച്ചു എന്നോ ഒന്നും അറിയാതെ തന്നെ മാഞ്ഞുപോയ അനേകം മനുഷ്യരുണ്ട്. അതിൽ ഒരാളാണ് മൈക്കൽ റോക്ക്ഫെല്ലർ. റോക്ക്ഫെല്ലറുടെ തിരോധാനവുമായി ബന്ധപ്പെട്ട് അനേകം നിഗൂഢതകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്. ആറ് പതിറ്റാണ്ടുകളായി റോക്ക്ഫെല്ലർ എവിടേക്കാണ് എന്നറിയാതെ മറഞ്ഞിട്ട്.
യുഎസ്സിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നായിരുന്നു മൈക്കൽ റോക്ക്റെല്ലറിന്റേത്. 1961 നവംബർ 17 -നാണ് ഡച്ച് നരവംശ ശാസ്ത്രജ്ഞനായ റെനെ വാസിംഗിനെയും കൂട്ടി അദ്ദേഹം പാപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ബോട്ട് യാത്ര നടത്തിയത്. എന്നാൽ, പിന്നീട് അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ഒടുവിൽ, 1964 -ൽ അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിയ ഡിറ്റക്ടീവുകൾ പറഞ്ഞത് റോക്ക്ഫെൽ മരിക്കുകയും അദ്ദേഹത്തിന്റെ ശരീരം സ്രാവ് തിന്നിട്ടുണ്ടാവുകയും ചെയ്തു എന്നാണ്. എന്നാൽ, മറ്റ് ചിലർ വിശ്വസിച്ചത് അയാളെ നരഭോജികളായ അവിടുത്തെ ഗോത്രവർഗക്കാർ പിടികൂടി തടഞ്ഞു വയ്ക്കുകയും പിന്നീട് കൊന്ന് തിന്നുകയും ചെയ്തു എന്നാണ്. എന്നാൽ, അടുത്തിടെ ചിലർ അഭിപ്രായപ്പെടുന്നത് റോക്ക്ഫെൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും നരഭോജികളായ ഗോത്രവർഗക്കാരുടെ കൂടെയാണ് അയാൾ കഴിയുന്നത് എന്നുമാണ്. പക്ഷേ, ഇതിനും കൃത്യമായി തെളിവുകൾ കിട്ടിയിട്ടില്ല.
യൂട്യൂബറും പോഡ്‌കാസ്റ്ററുമായ ബാല്ലൻ അപ്‍ലോഡ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നത് ന്യൂ ഗിനിയയിലെ കാടുകളിൽ റോക്ക്ഫെല്ലറുണ്ടായിരുന്നു എന്നാണ്. അതുപോലെ ഒരു ഓസ്ട്രേലിയൻ റിസോഴ്സും റോക്ക്ഫെല്ലറെ കാണാതായി അധികം ദൂരെ അല്ലാത്തൊരിടത്ത് അയാളെ കണ്ടതായി അവകാശപ്പെടുന്നു.

രണ്ടായിരത്തിന്റെ തുടക്കത്തിൽ ഡോക്യുമെന്ററി നിർമ്മിക്കുന്ന ഒരു സംഘം പറഞ്ഞത് അവർ ഈ നിഗൂഢതയുടെ ചുരുളഴിക്കാൻ ശ്രമിച്ചു എന്നാണ്. അതിൽ റോക്ക്ഫെല്ലറെ കാണാതായ സമയത്ത് അതിനെ കുറിച്ച് പഠിച്ച ജേണലിസ്റ്റായ മിൽറ്റ് മൈക്കിളിന്റെ ആർക്കൈവ്‍സും പരിശോധിച്ചിരുന്നു. അതിൽ ഒരു വെളുത്ത, താടി വച്ച മനുഷ്യനെ കാണാമായിരുന്നു. അത് റോക്ക്ഫെല്ലറാണ് എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, വീഡിയോ അത്ര നല്ലതല്ലാത്തതിനാൽ തന്നെ അത് കാണാതായ റോക്ക്ഫെല്ലറാണ് എന്ന കാര്യത്തിൽ ഉറപ്പൊന്നും ഉണ്ടായില്ല. ബാല്ലൻ തന്റെ വീഡിയോയിൽ പറയുന്നത് റോക്ക്ഫെല്ലർ അവർക്കൊപ്പം ചേർന്ന് ജീവിച്ച് തുടങ്ങിക്കാണണം എന്നാണ്.
ഏതായാലും വളരെ പെട്ടെന്ന് തന്നെ ബാല്ലൻ അപ്‍ലോഡ് ചെയ്ത വീഡിയോ വൈറലായി. അതേ സമയം ഇതൊന്നും കൂടാതെ റോക്ക്ഫെല്ലർ മരിച്ചു എന്നും തലയോട്ടി കുടുംബം നിയോഗിച്ച ഡിറ്റക്ടീവ് വഴി റോക്ക്ഫെല്ലറിന്റെ കുടുംബത്തിന് കൈമാറിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.
