Asianet News MalayalamAsianet News Malayalam

ഈ സീറ്റിലുള്ളയാള്‍ 'നഗ്നനായിരിക്കാൻ ഇഷ്ടപ്പെടുന്നു', വിവാദമായി ബസിലെ പരസ്യം, വ്യാപക വിമർശനം

2020 -ന്റെ തുടക്കത്തിൽ പ്രസിദ്ധീകരിച്ച ഒരു യൂഗോവ് പോള്‍ സൂചിപ്പിക്കുന്നത് തലസ്ഥാനത്ത് പൊതുഗതാഗതം ഉപയോഗിക്കുന്ന പകുതിയിലധികം സ്ത്രീകളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ്. 

Naked Attraction ads to be removed in London bus
Author
London, First Published Sep 2, 2021, 11:18 AM IST

'ഈ സീറ്റിലിരിക്കുന്നയാള്‍ നഗ്നനായിരിക്കാന്‍ ഇഷ്ടപ്പെടുന്നു' എന്ന് പരസ്യം പതിച്ച ഒരു ബസ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്, അങ്ങ് ലണ്ടനില്‍. എന്നാല്‍, വിവാദമായതിനെ തുടര്‍ന്ന് പരസ്യം പിന്‍വലിക്കാൻ ഒരുങ്ങുകയാണ്. പരസ്യം നീക്കംചെയ്യുമെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ (TfL) അറിയിച്ചു കഴിഞ്ഞു. 

ടിഎഫ്എൽ, ചാനൽ 4, ഗ്ലോബൽ മീഡിയ ഗ്രൂപ്പ് എന്നിവയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടത്. ചാനൽ 4 -ലെ ഒരു ഡേറ്റിംഗ് ഷോയാണ് 'നേക്ക്ഡ് അട്രാക്ഷന്‍', അതിൽ പങ്കെടുക്കുന്നവർ അവരുടെ നഗ്നമായ ശരീരഭാഗങ്ങൾ കണ്ട ശേഷം ഒരു ഭാവി പങ്കാളിയെ തിരഞ്ഞെടുക്കുകയാണ്. ഈ ഷോയുടെ പരസ്യമാണ് ബസില്‍ പ്രത്യക്ഷപ്പെട്ടത്. അതിൽ മുൻനിരയിലെ ഒരു സീറ്റിന് താഴെയായി ഇതിലെ വ്യക്തി 'നഗ്നനായിരിക്കാൻ ഇഷ്ടപ്പെടുന്നു' എന്ന ഒരു വാക്കും ഉൾപ്പെടുന്നു. പരസ്യത്തെ പലരും 'ബോധമില്ലാത്ത നടപടി' എന്നാണ് വിശേഷിപ്പിച്ചത്. ഇത് യാത്രക്കാര്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് പലരും വിമര്‍ശിച്ചു. ഒപ്പം തന്നെ ഈ സീറ്റിലിരിക്കേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥയെ കുറിച്ചും പലരും ചൂണ്ടിക്കാട്ടി. 

എഴുത്തുകാരിയായ ട്രേസി കിംഗ് ഈ പ്രശ്നം ട്വിറ്ററിൽ ഉന്നയിച്ചു: 'ഈ ബസിലെ പരസ്യം എന്താണ്? ഇതിന് സമ്മതമല്ലാത്ത യാത്രക്കാരെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലേ? ബസുകളിൽ എത്ര ലൈംഗികാതിക്രമങ്ങൾ നടക്കുന്നുവെന്ന് @Channel4- ന് അറിയാത്തതാണോ?' എന്നും അവര്‍ ചോദിച്ചു. ഈ ആശയം ബസില്‍ കയറുന്നവരുടെ അന്തസും സ്വകാര്യതയും ഹനിക്കുന്നതാണ് എന്ന് പരസ്യ ഏജന്‍സിക്ക് അറിയാത്തതാണോ എന്നും അവര്‍ ചൂണ്ടിക്കാട്ടി. 

2020 -ന്റെ തുടക്കത്തിൽ പ്രസിദ്ധീകരിച്ച ഒരു യൂഗോവ് പോള്‍ സൂചിപ്പിക്കുന്നത് തലസ്ഥാനത്ത് പൊതുഗതാഗതം ഉപയോഗിക്കുന്ന പകുതിയിലധികം സ്ത്രീകളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ്. പൊതുഗതാഗതം സുരക്ഷിതമായ അന്തരീക്ഷമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് സംഘടന പ്രവർത്തിക്കുന്നതെന്നും ലൈംഗികാതിക്രമം അല്ലെങ്കിൽ അനുചിതമായ പെരുമാറ്റം സംബന്ധിച്ച ഏത് റിപ്പോർട്ടും അന്വേഷിക്കുകയും അതീവ ഗൗരവത്തോടെ പരിഗണിക്കുകയും ചെയ്യുന്നുവെന്നും ടിഎഫ്എൽ വക്താവ് പറഞ്ഞു. വക്താവ് കൂട്ടിച്ചേർത്തു: 'ഈ പരസ്യ പ്രചാരണം ഞങ്ങൾ അവലോകനം ചെയ്യുകയും ഞങ്ങളുടെ ബസ് ശൃംഖലയിൽ ഇത് തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ഉടൻ അത് നീക്കംചെയ്യും.' 

അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി പറഞ്ഞത് ഈ പരസ്യവുമായി ബന്ധപ്പെട്ട് 26 പരാതികള്‍ അവര്‍ക്ക് ലഭിച്ചു എന്നാണ്. ഒരു പ്രസ്താവനയിൽ 'പ്രത്യേകിച്ചും, പരസ്യം പൊതുജനങ്ങളെ ലൈംഗികവൽക്കരിക്കുന്നുവെന്നും അവരുടെ സമ്മതമില്ലാതെയാണ് അങ്ങനെ ചെയ്യുന്നതെന്നും പരാതിക്കാർ വാദിക്കുന്നു' എന്നും അതോറിറ്റി പറയുന്നു. രാജ്യത്തെ മറ്റ് ബസുകളിലും സമാനമായ പരസ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. കമ്പനിയുടെ വക്താവ് പറഞ്ഞു: 'നിർഭാഗ്യവശാൽ ചില പരസ്യങ്ങൾ ഇതിനകം ബസില്‍ പതിച്ചുവെന്ന് ഞങ്ങൾക്കറിയാം, അവ എത്രയും വേഗം നീക്കംചെയ്യാനുള്ള ശ്രമത്തിലാണ്.' എന്നാല്‍, ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് കരുതിയിരുന്നില്ല എന്ന് ചാനൽ 4 വക്താക്കളും പറയുന്നു.

Follow Us:
Download App:
  • android
  • ios