കർണാടകത്തിലെ നഞ്ചൻകോടിൽ ഇന്നലെ സ്ഥിരീകരിക്കപ്പെട്ടത് നാല്പത്തെട്ടാമത്തെ കൊവിഡ് സംക്രമണമാണ്. പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന ഒരു ദുരൂഹത അവരുടെ പ്രാഥമിക സമ്പർക്കം ഏതെന്ന് ഇനിയും കണ്ടെത്താൻ ആകാത്ത സാഹചര്യമാണ്. ഇപ്പോൾ നിലനിൽക്കുന്ന ദുരൂഹത ജൂബിലന്റ് ലൈഫ് സയൻസ് എന്ന ഫാർമ സ്ഥാപനത്തിലേക്ക് വന്ന ഒരു ചൈനീസ് കൺസൈൻമെന്റിനെ ചുറ്റിപ്പറ്റിയാണ്. മാർച്ച് 15 -ന് കമ്പനിയുടെ ഗോഡൗണിൽ എത്തിയ ഈ കൺസൈൻമെന്റ്  ഒപ്പിട്ടു വാങ്ങിയത് സംസ്ഥാനത്തെ പേഷ്യന്റ് നമ്പർ 52 ആയ, ഈ ഫാക്ടറിയിലെ ആദ്യ രോഗി ആണെന്നറിയുന്നു. മൂന്നു ടൺ വരുന്ന പ്രസ്തുത ചൈനീസ് കൺസൈൻമെന്റ് വെയർ ഹൗസിൽ എത്തിക്കും വരെ മേൽനോട്ടം വഹിച്ചതിനിടെയാണ് ഈ ജീവനക്കാരനിലേക്ക് രോഗം പടർന്നത് എന്ന് അധികൃതർ ഇപ്പോൾ സംശയിക്കുന്നു.  മാർച്ച് 17 -ന് ഇയാളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. പനി കൂടിയതിനെത്തുർന്ന് അടുത്ത ദിവസം ഇയാൾ ലീവെടുക്കുന്നു. പക്ഷെ, മാർച്ച് 19 -ന് വീണ്ടും ജോലിക്കെത്തുന്നു. എന്നാൽ വീണ്ടും അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് അയാളെ അടുത്ത ദിവസം മൈസൂരുവിലുള്ള ഗോപാലഗൗഡ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കെ ആർ സർക്കാർ ആശുപത്രിയിലേക്ക് അടുത്ത ദിവസം ഇയാളെ റെഫർ ചെയ്യപ്പെടുന്നു. അവിടെ വെച്ച് മാർച്ച് 26 -നാണ് ഇയാൾ കൊവിഡ് പോസിറ്റീവ് ആകുന്നത്.  

ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ നിലവിൽ വരുന്നു. ഫാർമ കമ്പനിയുടെ 3 കിലോമീറ്റർ പരിധി ബഫർ സോൺ ആയി പ്രഖ്യാപിക്കപ്പെട്ട് സീൽ ചെയ്യപ്പെടുന്നു.  ആ സോണിനുള്ളിലെ എല്ലാ വീടുകളിലും, കമ്പനി ജീവനക്കാരുടെ വീടുകളിലും മറ്റും കയറിയിറങ്ങി ആശാ വർക്കർമാർ സിംപ്റ്റംസ്‌ സർവേ തുടങ്ങുന്നു. ഈ കമ്പനിയിൽ ജോലി ചെയ്തിരുന്ന 1400 -ലധികം ജീവനക്കാരെ സർവേ ചെയ്തതിന്റെ അടിസ്ഥാനത്തിൽ, മാർച്ച് 28 -ന് പേഷ്യന്റ് നമ്പർ 52 -ന്റെ അഞ്ചു സഹപ്രവർത്തകർക്കുകൂടി രോഗം സ്ഥിരീകരിക്കപ്പെടുന്നു. ഇന്നലെയോടെ നഞ്ചൻകോടിലെ ആകെ കൊവിഡ് സംക്രമിതരുടെ എണ്ണം  48  ആയിട്ടുണ്ട്.  പേഷ്യന്റ് നമ്പർ 52 -നെ തുടർന്ന് വന്ന എല്ലാ സംക്രമണങ്ങൾക്കും അയാളുമായുള്ള സമ്പർക്കമൊഴികെ മറ്റൊരു വിദേശയാത്രാ ചരിത്രവും ഇല്ല എന്നതും ശ്രദ്ധേയമാണ്.ബംഗളൂരുവിൽ നിന്ന് 170 കിലോമീറ്റർ മാത്രം അകലെയുള്ള ഈ ക്ഷേത്രനഗരത്തിലെ അറുപതിനായിരത്തോളം ജനങ്ങൾ ഇപ്പോൾ ടോട്ടൽ ലോക്ക് ടൗണിൽ ആണ്. സമ്പൂർണ്ണമായ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. കർശനമായ ക്വാറന്റൈനിൽ ആണ് നഗരം. നഞ്ചൻകോട് ടൗണിൽ മാത്രമായി 753 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. തൊട്ടുകിടക്കുന്ന കസബ, ഹുള്ളഹള്ളി, ദൊഡ്ഡക്കവലണ്ട. ബിലീഗെരെ, ചിക്കനിയാഹ്ന ഛത്ര എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ കഴിയുന്ന 675 പേരും നിരീക്ഷണത്തിലാണ്. ചിലർ സർക്കാർ സംവിധാനത്തിലും, ചിലർ സ്വന്തം വീട്ടിനുള്ളിൽ തന്നെയുമാണ് ക്വാറന്റൈനിൽ തുടരുന്നത്. പത്ത് വീടിന് ഒരു പൊലീസ് കോൺസ്റ്റബിൾ വീതം സഹായത്തിന് നിയോഗിച്ചിട്ടുണ്ട് സംസ്ഥാന സർക്കാർ. കുടുംബത്തിലെ ആർക്കും തന്നെ പുറത്തിറങ്ങാൻ അനുവാദമില്ല. വേണ്ടതൊക്കെ ഈ കോൺസ്റ്റബിൾ വാങ്ങി നൽകും. എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങി പരിസരവാസികളിൽ ഭീതി പടർത്തുന്നത് തടയാനാണ് പൊലീസിന്റെ ഈ നടപടി. നിരന്തരം ജനപ്രവാഹമുള്ള നഞ്ചൻകോട്ടെ ക്ഷേത്രം മാർച്ച് 20 മുതൽ അടച്ചിട്ടിരിക്കുകയാണ്. മറ്റൊരു ജനപ്രിയ കേന്ദ്രമായ കപിലാ നദിതടത്തിലേക്കും ജനങ്ങൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു.എവിടെ നിന്നാണ് ഈ സ്ഥാപനത്തിലെ ആദ്യത്തെ രോഗിക്ക് അസുഖം കിട്ടിയത് എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ലെന്ന് ഹെൽത്ത് കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെ പറയുന്നു. "വൈറസ് എന്തായാലും വായുവിൽ മുളച്ചു വരില്ല. എവിടെ നിന്നോ ആണ് ഈ സംക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. ആ പ്രഭവകേന്ദ്രം കണ്ടെത്താൻ ഇനിയുമായിട്ടില്ല എന്നത് ഞങ്ങളെയും പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിനെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നു. " അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലൂടെ നടത്തിയ ഒരു സംഭാഷണത്തിൽ പറഞ്ഞു. ഈ ക്ലസ്റ്ററിലെ ചില രോഗികൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടോ എന്നന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. " ആരോ ഒരാൾ സത്യം മറച്ചു വെക്കുന്നുണ്ട്. ആ സത്യം കണ്ടെത്താനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം" പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത, ഈ വിഷയം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുള്ള ആരോഗ്യവകുപ്പിലെ ഒരധികാരി ബിബിസിയോട് അറിയിച്ചു.