ബംഗാൾ ക്ഷാമം സ്വാമിനാഥന്‍റെ ചിന്തകളെ മാറ്റിമറിച്ചു. യുഎസിൽ ഫാക്കൽറ്റി സ്ഥാനമെന്ന വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും സ്വന്തം രാജ്യത്തെ സേവിക്കാൻ ആഗ്രഹിച്ച അദ്ദേഹം അത് നിരസിച്ചു.

കാർഷികശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ദീർഘദർശിയാണ് അന്തരിച്ച പ്രൊഫസർ എം എസ് സ്വാമിനാഥനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യക്ഷാമമുള്ള രാജ്യത്തെ സ്വയംപര്യാപ്ത രാഷ്ട്രമാക്കി മാറ്റിയത് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ സ്വാമിനാഥനാണെന്ന് മോദി അനുസ്മരിച്ചു. അനുസ്മരണ കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രൊഫസർ എം എസ് സ്വാമിനാഥനെ നമുക്ക് നഷ്ടപ്പെട്ടു. കാർഷിക ശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ദീർഘദർശിയായ അദ്ദേഹം ഇന്ത്യയ്ക്ക് നൽകിയ സംഭാവനകൾ എക്കാലവും സുവർണ ലിപികളിൽ കൊത്തിവയ്ക്കപ്പെടും. രാജ്യത്തെ ഏറെ സ്നേഹിച്ച പ്രൊഫ. എം.എസ് സ്വാമിനാഥൻ രാഷ്ട്രത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും നമ്മുടെ കർഷകർക്ക് ഏറ്റവും മികച്ച ജീവിതം ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പഠന കാലത്ത് അക്കാദമികമായി ഏറെ മികവ് തെളിയിച്ച അദ്ദേഹത്തിന് ഏത് പഠന മേഖലയും തിരഞ്ഞെടുക്കാമായിരുന്നു.

എന്നാൽ 1943ലെ ബംഗാൾ ക്ഷാമം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. താൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് കാർഷിക രംഗത്തെക്കുറിച്ച് പഠിക്കുക എന്നതായിരിക്കണമെന്ന് അന്ന് അദ്ദേഹം നിശ്ചയിക്കുകയാണുണ്ടായത്. താരതമ്യേന ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഡോ. നോർമൻ ബോർലോഗുമായി ബന്ധം പുലർത്തുകയും അദ്ദേഹത്തിന്റെ കൃതികളെ വളരെ വിശദമായി ഉൾക്കൊള്ളുകയും ചെയ്തു. 1950കളിൽ യുഎസിൽ ഫാക്കൽറ്റി സ്ഥാനമെന്ന വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും സ്വന്തം രാജ്യത്തെ സേവിക്കാൻ ആഗ്രഹിച്ച അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്.

സ്വയംപര്യാപ്തതയുടെയും ആത്മവിശ്വാസത്തിന്റെയും പാതയിലേക്ക് നമ്മുടെ രാജ്യത്തെ നയിച്ച അദ്ദേഹം, അതികായനായി തലയെടുപ്പോടെ നിലകൊണ്ട വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ കുറിച്ച് നിങ്ങൾ എല്ലാവരും ചിന്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള ആദ്യ രണ്ടു ദശകങ്ങളിൽ നാം വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിട്ടത്. അതിലൊന്ന് ഭക്ഷ്യക്ഷാമമായിരുന്നു. 1960കളുടെ തുടക്കത്തിൽ, ഇന്ത്യ ക്ഷാമത്തോട് കഠിനമായ പോരാട്ടം നടത്തുകയായിരുന്നു. അപ്പോഴാണ് പ്രൊഫസർ സ്വാമിനാഥന്റെ കഴിവും പ്രതിബദ്ധതയും ദീർഘവീക്ഷണവും കാർഷിക സമൃദ്ധിയുടെ പുതിയ യുഗത്തിലേക്ക് രാജ്യത്തെ നയിച്ചത്. കൃഷിയിലും ഗോതമ്പ് ഉൽപാദനം പോലുള്ള പ്രത്യേക മേഖലകളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഗോതമ്പ് ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനയ്ക്കു കാരണമായി. അങ്ങനെ ഇന്ത്യയെ ഭക്ഷ്യക്ഷാമമുള്ള രാജ്യത്ത് നിന്ന് സ്വയം പര്യാപ്ത രാഷ്ട്രമാക്കി മാറ്റി. ഈ മഹത്തായ നേട്ടം അദ്ദേഹത്തിന് "ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്ന മഹത്തായ പദവി നേടിക്കൊടുത്തു.

ഏത് പ്രതിസന്ധിയിലും തളരാതെ മുന്നേറാൻ രാജ്യത്തിന് സാധിക്കുമെന്ന് ഹരിത വിപ്ലവം തെളിയിച്ചു. നമുക്ക് ദശകോടിക്കണക്കിന് വെല്ലുവിളികൾ ഉണ്ടെങ്കിൽ ആ വെല്ലുവിളികളെ അതിജീവിക്കാൻ നൂതനാശയങ്ങളുമായി ദശകോടിക്കണക്കിന് ജനങ്ങളുമുണ്ട്. ഹരിത വിപ്ലവം ആരംഭിച്ച് അഞ്ചു ദശാബ്ദം പിന്നിടുമ്പോൾ ഇന്ത്യൻ കാർഷികരംഗം കൂടുതൽ ആധുനികവും പുരോഗമനപരവുമായി മാറിയിരിക്കുന്നു. എന്നാൽ ഇവയെല്ലാം പ്രൊഫസർ സ്വാമിനാഥൻ സ്ഥാപിച്ച അടിത്തറയുടെ കരുത്തിലാണ് ആർജ്ജിച്ചത്.

വർഷങ്ങളോളം ഉരുളക്കിഴങ്ങ് വിളകളെ ബാധിച്ചിരുന്ന പരാന്ന ഭോജികളെ നേരിടുന്നതിൽ അദ്ദേഹം അത്യാധുനിക ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ ഗവേഷണം ഉരുളക്കിഴങ്ങ് വിളകളെ തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കാൻ പ്രാപ്തമാക്കി. ഇന്ന്, ലോകം ചോളത്തെയും ശ്രീഅന്നയെയും "സൂപ്പർ ഫുഡു'കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുന്നു. എന്നാൽ പ്രൊഫസർ സ്വാമിനാഥൻ 1990കൾ മുതൽ ചെറുധാന്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിച്ചിരുന്നു.

പ്രൊഫസർ സ്വാമിനാഥനുമായുള്ള എന്റെ വ്യക്തിപരമായ ബന്ധവും ഇടപെടലുകളും വിപുലമായിരുന്നു. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമാണ് ഈ ബന്ധം ആരംഭിച്ചത്. അക്കാലത്ത് ഗുജറാത്ത് കാർഷിക മേഖലയിലെ മികവിനും വൈദഗ്ധ്യത്തിനും പേരുകേട്ട സംസ്ഥാനമായിരുന്നില്ല. തുടർച്ചയായ വരൾച്ചയും വൻ ചുഴലിക്കാറ്റുകളും ഭൂകമ്പവും സംസ്ഥാനത്തിന്റെ വളർച്ചാ വേഗതയെ പിന്നോട്ടടിക്കുന്ന കാലമായിരുന്നു അത്. അന്ന് സംസ്ഥാന സർക്കാർ ആരംഭിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ് സോയിൽ ഹെൽത്ത് കാർഡ്. ഇത് മണ്ണിനെ നന്നായി മനസ്സിലാക്കാനും പ്രശ്നങ്ങൾ ഉണ്ടായാൽ അവ പരിഹരിക്കാനും ഞങ്ങളെ പ്രാപ്തരാക്കി. ഈ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഞാൻ പ്രൊഫസർ സ്വാമിനാഥനെ കണ്ടുമുട്ടിയത്. പദ്ധതിയെ അഭിനന്ദിച്ച അദ്ദേഹം അതിനായി തന്റെ വിലയേറിയ നിർദേശങ്ങൾ ഞങ്ങളുമായി പങ്കുവെക്കുകയുംചെയ്തു. ഗുജറാത്തിന്റെ കാർഷിക വിജയത്തിന് കളമൊരുക്കുന്ന പദ്ധതിയെ കുറിച്ച് സംശയമുള്ളവരെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന്റെ അംഗീകാരം സഹായകരമായിരുന്നു.

ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴും ഞങ്ങളുടെ ബന്ധവും ആശയവിനിമയവും തുടർന്നു. അന്താരാഷ്ട്ര കാർഷിക - ജൈവവൈവിധ്യ കോൺഗ്രസിൽ ഞാൻ അദ്ദേഹത്തെ കാണുകയുണ്ടായി. അടുത്ത വർഷം 2017ൽ അദ്ദേഹം എഴുതിയ രണ്ട് ഭാഗങ്ങളുള്ള പുസ്തക പരമ്പര പ്രകാശനം ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. എല്ലാവരെയും നിലനിർത്തുന്നത് കർഷകരായതിനാൽ ലോകത്തെ ഒരുമിച്ച് നിർത്തുന്ന ശക്തി എന്നാണ് തിരുക്കുറൽ കർഷകരെ വിശേഷിപ്പിക്കുന്നത്. ഈ തത്വം നന്നായി മനസ്സിലാക്കി പ്രവർത്തിച്ച വ്യക്തിയായിരുന്നു പ്രൊഫസർ സ്വാമിനാഥൻ. ധാരാളം പേർ അദ്ദേഹത്തെ കൃഷിശാസ്ത്രജ്ഞൻ എന്നുവിളിക്കുന്നു. പക്ഷേ, അദ്ദേഹം അതിലും വലുതാണെന്ന് ഞാൻ എല്ലായ്പ്പോഴും വിശ്വസിച്ചിരുന്നു.

സ്വാമിനാഥന്‍റെ ഹൃദയത്തിൽ ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളുടെ വിജയം അദ്ദേഹത്തിന്റെ അക്കാദമിക മികവിൽ മാത്രം പരിമിതപ്പെടുത്തി വിലയിരുത്തേണ്ടതല്ല. മറിച്ച്, പരീക്ഷണശാലകൾക്ക് പുറത്തും കൃഷിയിടങ്ങളിലും വയലുകളിലും അദ്ദേഹം ചെലുത്തിയ സ്വാധീനത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിന്റെ കൃതികൾ ശാസ്ത്രീയ അറിവും അതിന്റെ പ്രായോഗിക പ്രവർത്തനവും തമ്മിലുള്ള വിടവ് കുറച്ചു. മനുഷ്യന്‍റെ പുരോഗതിയും പാരിസ്ഥിതിക സുസ്ഥിരതയും തമ്മിലുള്ള അതിലോലമായ സന്തുലിതാവസ്ഥയ്ക്ക് ഊന്നൽ നൽകി, സുസ്ഥിര കൃഷിക്കായി അദ്ദേഹം നിരന്തരം വാദിച്ചു. ചെറുകിട കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നൂതനാശയങ്ങളുടെ ഫലങ്ങൾ അവർ ആസ്വദിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും പ്രൊഫസർ സ്വാമിനാഥൻ നൽകിയ പ്രത്യേക ഊന്നലും കാണാതെ പോകരുത്. 

വനിതാ കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പ്രൊഫസർ എംഎസ് സ്വാമിനാഥനെക്കുറിച്ച് ശ്രദ്ധേയമായ മറ്റൊരു വശമുണ്ട് - അദ്ദേഹം പുതുമയുടെയും മാർഗ്ഗനിർദ്ദേശത്തിന്റെയും അഭിമാനസ്തംഭമായി ഉയർന്നുനിൽക്കുന്നു. 1987ൽ ലോക ഭക്ഷ്യ പുരസ്കാരം നേടിയപ്പോൾ, അഭിമാനകരമായ ആ ബഹുമതിയുടെ ആദ്യ സ്വീകർത്താവായ അദ്ദേഹം സമ്മാനത്തുക ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിക്കാൻ ഉപയോഗിച്ചു. ഇന്നുവരെ, വിവിധ മേഖലകളിൽ വിപുലമായ പ്രവർത്തനങ്ങൾ ആ സംഘടന ഏറ്റെടുത്തു നടത്തുന്നു. അദ്ദേഹം ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിക്കുകയും അവരിൽ പഠനത്തോടും പുതുമയോടുമുള്ള അഭിനിവേശം വളർത്തുകയും ചെയ്തു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ, അദ്ദേഹത്തിന്റെ ജീവിതം നമ്മെ അറിവ്, മാർഗ്ഗനിർദ്ദേശം, നവീകരണം എന്നിവയുടെ ശാശ്വതശക്തിയെ കുറിച്ച് ഓർമ്മിപ്പിക്കുന്നു. 
മനിലയിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യൻ റീജിയണൽ സെന്റർ 2018 ൽ വാരണാസിയിൽ ആരംഭിച്ചു.

ഡോ. സ്വാമിനാഥന് ആദരാഞ്ജലി അർപ്പിക്കുന്ന ഈ വേളയിൽ ഞാൻ വീണ്ടും തിരുക്കുറൽ ഉദ്ധരിക്കുകയാണ്. അതിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: "ആസൂത്രണം ചെയ്തവർ ദൃഢനിശ്ചയമുള്ളവരാണെങ്കിൽ, അവർ ആഗ്രഹിച്ചതു അവർ ആഗ്രഹിച്ചതുപോലെ നേടും". കൃഷിയെ ശക്തിപ്പെടുത്താനും കർഷകരെ സേവിക്കാനും ആഗ്രഹിക്കുന്നുവെന്ന് ജീവിതത്തിന്റെ തുടക്കത്തിൽതന്നെ തീരുമാനിച്ച ഒരു മഹദ്‍വ്യക്തി ഇവിടെയുണ്ടായിരുന്നു. അസാധാരണമാംവിധം നൂതനമായും വികാരഭരിതനായും അദ്ദേഹം അത് നിർവഹിച്ചു. കാർഷിക നവീകരണത്തിന്റെയും സുസ്ഥിരതയുടെയും പാതയിലൂടെ രാജ്യം സഞ്ചരിക്കുമ്പോൾ ഡോ. സ്വാമിനാഥന്റെ സംഭാവനകൾ നമ്മെ പ്രചോദിപ്പിക്കുകയും മുമ്പോട്ട് നയിക്കുകയും ചെയ്യുന്നു. അദ്ദേഹം കൃഷിക്കാർക്കും കാർഷിക മേഖലയ്ക്കുമായി നടത്തിയ പ്രവർത്തനങ്ങളുടെയും തത്വങ്ങളുടെയും പതാകവാഹകരായി, വരാനിരിക്കുന്ന തലമുറകളിലേക്ക് അവയുടെ നേട്ടം എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള കടമ നമുക്കോരോരുത്തർക്കുമുണ്ട്.