കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഹിമാചൽ പ്രദേശിലെ മണാലി-ലേ ഹൈവേയിലെ സോളാംഗിനും അടൽ തുരങ്കത്തിനും ഇടയിൽ 18 മണിക്കൂറോളം നേരം 1,500 ഓളം വാഹനങ്ങളാണ് കുടുങ്ങിക്കിടന്നത്.
ഹിമാചല്‍ പ്രദേശില്‍ മഞ്ഞ് കാലമാണ്. മഞ്ഞ് വീഴ്ച ആസ്വദിക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് വിനോദയാത്രയ്ക്കായി തിരിച്ചിരിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പ്രദേശത്ത് മഞ്ഞ് വീഴ്ച കനത്തതോടെ ഹിമാചൽ പ്രദേശിലെ മണാലി-ലേ ഹൈവേയിലെ സോളാംഗിനും അടൽ തുരങ്കത്തിനും ഇടയിൽ 18 മണിക്കൂറോളം 1,500 ഓളം വാഹനങ്ങൾ കുടുങ്ങി. രക്ഷാപ്രവർത്തനത്തെ തുടര്‍ന്ന് എല്ലാ വിനോദ സഞ്ചാരികളെയും അടല്‍ തുരങ്കത്തില്‍ നിന്നും ഒഴിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ റോഡുകളെല്ലാം മഞ്ഞ് മൂടിയ അവസ്ഥയിലാണ്.
അടൽ തുരങ്കത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നും ഇറങ്ങി നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മണാലിയിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്നാണ് 1,500 വാഹനങ്ങൾ ധുണ്ടിയിലും അടൽ തുരങ്കത്തിന്‍റെ വടക്ക്, തെക്ക് കവാടങ്ങളിലുമായി മണിക്കൂറോളം കുടുങ്ങിക്കിടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തുടർന്നതോടെ സ്ഥിതിഗതികള്‍ വഷളായി. ഇതോടെ സംസ്ഥാന പോലീസ് രക്ഷാപ്രവർത്തനത്തിന് മുന്‍കൈയെടുത്തു. രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. തുരങ്കത്തില്‍ കുടുങ്ങിയ വാഹനങ്ങളില്‍ ഭൂരിഭാഗവും രാത്രി ഏറെ വൈകി ലാഹൗൾ ഭാഗത്ത് നിന്ന് മണാലിയിലേക്ക് തിരിച്ചയച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
20 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇന്നലെ ഉച്ചയോടൊയാണ് എല്ലാ വിനോദ സഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുടുങ്ങിക്കിടന്ന കാറികളില്‍ കൂടുതലും വിനോദ സഞ്ചാരത്തിന് എത്തിയവരായിരുന്നു. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ സംസ്ഥാനത്തെ 174 റോഡുകൾ അടച്ചു. ഷിംല ജില്ലയിൽ 89 റോഡുകളും കിന്നൗറിൽ 44 റോഡുകളും മാണ്ഡിയിൽ 25 റോഡുകളും കുളുവിൽ രണ്ട് ദേശീയപാതകളും ലാഹൗളിലും സ്പിതിയിലും ആറ് റോഡുകളും കാന്‍ഗ്രയിൽ ആറ് റോഡുകളും ഉനയിൽ മൂന്നും ചമ്പ ജില്ലയിൽ ഒരു റോഡുമാണ് മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഇതുവരെ അടച്ചിത്. ഷിംല നേരത്തെ തന്നെ മഞ്ഞ് മൂടിയ അവസ്ഥയിലായിരുന്നു. ഡിസംബര്‍ 8 -നായിരുന്നു ആദ്യത്തെ മഞ്ഞ് വീഴ്ച. രണ്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും മഞ്ഞ് വീഴ്ച ശക്തമാകുകയായിരുന്നു.
