ജോലിയില്ലാത്ത ഒരാളുമായി ഡേറ്റ് ചെയ്യാൻ പോലും വിസമ്മതിക്കുന്ന ഈ തലമുറയ്ക്ക്, പ്രണയം വെറുമൊരു വികാരമല്ല; മറിച്ച് അവരുടെ ജീവിതത്തിൽ എടുക്കുന്ന ബുദ്ധിപരമായ ഒരു നീക്കം കൂടിയാണ്….
'പണത്തിന് പ്രണയത്തെ വാങ്ങാനാവില്ല' എന്ന പഴയ ചൊല്ല് പുതിയ തലമുറ അപ്പാടെ തള്ളിക്കളയുകയാണോ... ജീവിതത്തിൽ വൈകാരിക ബന്ധങ്ങളേക്കാൾ സാമ്പത്തിക സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന ജെൻ സി യുവാക്കളുടെ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ ഒരു ഡേറ്റിംഗ് പ്ലാറ്റ്‌ഫോം അമേരിക്കക്കാർക്കിടയിൽ നടത്തിയ സർവേ പ്രകാരം, ജെൻ സികൾക്കിടയിൽപകുതിയോളം (46%) പേർ പ്രണയം ഉപേക്ഷിച്ച് ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം തിരഞ്ഞെടുക്കാൻ തയ്യാറാണ്. ഇത് മില്ലേനിയൽസിനേക്കാൾ (41%) ഉയർന്ന നിരക്കിലാണ്.
പണമാണ് മുഖ്യം

ജെൻ സികളുടെ ഈ സാമ്പത്തിക ചിന്താഗതി ഡേറ്റിംഗിലും പ്രതിഫലിക്കുന്നുണ്ട്. ജെൻ സികളുടെ കണക്കനുസരിച്ച്, തങ്ങൾ തിരഞ്ഞെടുക്കുന്ന പങ്കാളിക്ക് കുറഞ്ഞത് പ്രതിവർഷം 80,000 ഡോളർ (ഏകദേശം 66 ലക്ഷം രൂപ) എങ്കിലും ശമ്പളം ഉണ്ടായിരിക്കണം. ജെൻ സി യുവതികളിൽ 10% പേരും തങ്ങളുടെ 'ഐഡിയൽ മാച്ച്' പ്രതിവർഷം 200,000 ഡോളർ (ഏകദേശം 1.6 കോടി രൂപ) അല്ലെങ്കിൽ അതിൽ കൂടുതലോ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, ജെൻ സി യുവാക്കളിൽ 5% പേർ മാത്രമാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. സർവേയിൽ പങ്കെടുത്ത ജെൻ സികളിൽ 46% പേരും, പരസ്പരം ശാരീരികമായ ആകർഷണമുണ്ടെങ്കിൽ പോലും ജോലിയില്ലാത്ത ഒരാളുമായി ഡേറ്റ് ചെയ്യാൻ വിസമ്മതിക്കുമെന്നും വെളിപ്പെടുത്തി.
മാറുന്ന ബന്ധങ്ങളുടെ സമവാക്യം
പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഉയർന്ന ജീവിതച്ചെലവ് എന്നിവയിലുടെ വളർന്നുവന്ന ജെൻ സി, പ്രണയത്തെ കേവലം വികാരമായിട്ടല്ല, മറിച്ച് പ്രായോഗികമായ ഒരു തീരുമാനമായിട്ടാണ് കാണുന്നത്. പ്രണയത്തിന് മുൻഗണന നൽകുന്നതിനേക്കാൾ ജീവിതത്തിലെ കഷ്ടപ്പാടുകൾ കുറയ്ക്കാനാണ് ജെൻ സി ശ്രമിക്കുന്നതെന്നാണ് ഈ സർവേ വ്യക്തമാകുന്നത്. ഈയൊരു ട്രെൻഡ് കാരണം, യുവതലമുറ ബന്ധങ്ങൾ, വിവാഹം, കുട്ടികൾ തുടങ്ങിയ കാര്യങ്ങൾ വേണ്ടെന്ന് വെക്കുകയോ, അല്ലെങ്കിൽ വൈകിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.


