Asianet News MalayalamAsianet News Malayalam

10 വര്‍ഷത്തിനു ശേഷം അയാളെത്തി, ഡോ. നേഹാ ഷൂറിക്ക് നേരെ വെടിയുതിര്‍ത്തു; ആരാണ് നേഹാ ഷൂറി?

2018 -ൽ പഞ്ചാബിൽ മാത്രം 'ഡ്രഗ് ഓവർ ഡോസ്' കൊണ്ട് മരണപ്പെട്ടത് നൂറിലധികം പേരാണ്. ഉപയോഗിക്കുന്ന ഡ്രഗിന്റെ 'കിക്ക് 'കൂട്ടാൻ വേണ്ടി പല തരത്തിലുള്ള മരുന്നുകൾ കൂട്ടിക്കലർത്തി സ്വന്തമായി മിശ്രിതങ്ങളുണ്ടാക്കി പരീക്ഷിക്കുന്നതിനിടെയാണ് പലപ്പോഴും മരണം സംഭവിക്കുന്നത്. 

neha suri killed by Balvinder Singh
Author
Punjab, First Published Mar 31, 2019, 5:06 PM IST

2019  മാർച്ച് 30, വെള്ളിയാഴ്ച ദിവസം, രാവിലെ 10:30. ഡോ. നേഹാ ഷൂറി എന്ന FDA സോണൽ ലൈസൻസിങ് ഒഫീഷ്യൽ ആയ ഡ്രഗ് ഇൻസ്‌പെക്ടർ പതിവുപോലെ പഞ്ചാബിലെ ഖരാറിലുള്ള തന്റെ ഓഫീസിൽ ജോലിക്കെത്തി.  കൂടെ അനന്തരവളായ ആറുവയസ്സുകാരിയും ഉണ്ടായിരുന്നു. നേഹ ഓഫീസിലെത്തി അൽപ നേരം കഴിഞ്ഞപ്പോഴേക്കും  ബൽവീന്ദർ എന്ന ചുവന്ന ജാക്കറ്റിട്ട ഒരു യുവാവ് അവരുടെ കാബിനിലേക്ക് കടന്നുവന്നു. പോക്കറ്റിൽ നിന്നും തന്റെ ലൈസൻസ്ഡ് റിവോൾവർ പുറത്തെടുക്കുന്നു. നേഹയ്ക്കുനേരെ വെടിയുതിർക്കുന്നു. നാലു വെടി പൊട്ടിച്ചതിൽ രണ്ടെണ്ണം നേഹയുടെ ദേഹത്ത് തുളച്ചുകേറുന്നു. ഒരെണ്ണം നെറ്റിയിലും, മറ്റൊന്ന് നെഞ്ചത്തും. തൽക്ഷണം മരിച്ചുവീണ നേഹയെ നോക്കി  ബൽവീന്ദർ "ഹാപ്പി ഹോളി"  എന്ന് അട്ടഹസിക്കുന്നു, ഭീതിദമായ ഈ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് കാബിനിനുള്ളിൽ സ്തബ്ധയായി നിൽക്കുന്നു ആ ആറുവയസ്സുകാരി. 

റെയ്ഡ് ചെയ്ത ഓഫീസർ കർശനമായ നടപടികൾ ഷോപ്പിനെതിരെ സ്വീകരിച്ചു

കൃത്യം നിർവഹിച്ച ശേഷം ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തി ബൽവീന്ദർ. പക്ഷേ, ഓഫീസിലെ ജോലിക്കാരും നാട്ടുകാരും ചേർന്ന് അയാളെ രക്ഷപ്പെടാൻ സമ്മതിക്കാതെ തടഞ്ഞു നിർത്തി. പോലീസിന്റെ പിടിയിലാകും എന്നുറപ്പായതോടെ സ്വന്തം തലയിലേക്കുതന്നെ നിറയൊഴിച്ച് അയാൾ ആത്മാഹുതി നടത്തി.  പെട്ടെന്ന് ആളുകൾക്ക് കാര്യങ്ങളൊന്നും പിടികിട്ടിയില്ലെങ്കിലും, പൊലീസിന്റെ അന്വേഷണത്തിൽ കാര്യങ്ങൾ വെളിച്ചത്തുവന്നു. 

ഈ ക്രൂരകൃത്യം നടത്തിയ ബൽവീന്ദറിന് മോറിണ്ടയിൽ 'ജസ്‌പ്രീത് മെഡിക്കൽ സെന്റർ' എന്നൊരു മെഡിക്കൽ ഷോപ്പുണ്ടായിരുന്നു. 2009 -ൽ ഒരുദിവസം അവിടെ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ടുമെന്റിന്റെ റെയ്ഡ് നടന്നു. പഞ്ചാബിൽ മയക്കുമരുന്നിനെതിരായ ശക്തമായ നടപടികൾ നടക്കുന്ന കാലമാണ്. ഡ്രഗ് അഡിക്ടുകൾ സ്ഥിരമായി വാങ്ങുന്ന 35  ഇനം മരുന്നുകളുടെ അനധികൃതമായ സ്റ്റോക്ക് ധാരാളമായുണ്ടായിരുന്നു  ബൽവീന്ദറിന്റെ ഷോപ്പിൽ. അന്ന് അവിടം റെയ്ഡ് ചെയ്ത ഓഫീസർ കർശനമായ നടപടികൾ ഷോപ്പിനെതിരെ സ്വീകരിച്ചു. ബൽവീന്ദറിന്റെ ഡ്രഗ്സ് ലൈസൻസ് കാൻസൽ ചെയ്തുകളഞ്ഞു. ആ മെഡിക്കൽ ഷോപ്പ് പൂട്ടി സീൽ ചെയ്തു. അന്നത്തെ ധീരയായ ആ ഓഫീസറുടെ പേര്  ഡോ. നേഹാ ഷൂറി എന്നായിരുന്നു. 

തന്റെ ഉപജീവനമാർഗ്ഗവും, അനധികൃതമായ മയക്കുമരുന്നുവില്പനയിലൂടെ കിട്ടിയിരുന്ന കണക്കറ്റ സാമ്പത്തികലാഭവും മുടക്കിയ നേഹയോട് ബൽവീന്ദറിന് തീർത്താൽ തീരാത്ത പകയായി. അത് അയാൾ മനസ്സിൽ കൊണ്ടുനടന്നു. നിയമപരമായ വഴികളിലൂടെ ഇക്കഴിഞ്ഞ മാർച്ച് 9 -ന് അയാൾ ഒരു റിവോൾവർ ലൈസൻസ് കൈക്കലാക്കി. രണ്ടു ദിവസത്തിനകം, ഒരു ലക്ഷം രൂപ മുടക്കി ഒരു 0 .32  IOF റിവോൾവർ വാങ്ങി വെടിവെക്കാൻ പരിശീലിച്ചു. ഒടുവിൽ, നീണ്ട പത്തു വർഷങ്ങൾക്കു ശേഷവും മനസ്സിൽ നിന്നും പക മാറാതിരുന്ന ബൽവീന്ദർ നേഹയെ തേടിയെത്തി. 

കഫ് സിറപ്പുകളിലാണ് പല യുവാക്കളുടെയും മയക്കുമരുന്നുപയോഗം തുടങ്ങുന്നത്

കഴിഞ്ഞ ഒരു മാസത്തോളമായി ബൽവീന്ദർ ആ ഓഫീസ് പരിസത്തു തന്നെ കറങ്ങുന്നുണ്ടായിരുന്നു. ഡോ. നേഹയുടെ വരവും പോക്കും ഓഫീസിനുള്ളിൽ അവർ ചെലവഴിക്കുന്ന സമയവും ഒക്കെ നിരീക്ഷിച്ച് ഒരു ആക്രമണത്തിന് പറ്റിയ സമയം നോക്കി കാത്തിരിക്കുകയായിരുന്നു ബൽവീന്ദർ. ഒടുവിൽ വെള്ളിയാഴ്ച ദിവസം തന്റെ പ്ലാൻ നടപ്പിലാക്കാൻ ബൽവീന്ദർ ഉറച്ചു. നേരെ ഡോ. നേഹയുടെ ഓഫീസിലേക്ക് കടന്നുചെന്ന് അവരെ വെടിവെച്ചുവീഴ്ത്തി.

നേഹ വിവാഹിതയായിട്ട് മൂന്നു വർഷം തികയുന്നതേയുണ്ടായിരുന്നുള്ളൂ. രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട് നേഹയ്ക്ക്. നേഹയെപ്പോലെ സീനിയർ ആയ ഒരു ഒഫീഷ്യലിന്റെ കാബിനിലേക്ക് പോക്കറ്റിൽ ഒരു റിവോൾവറുമായി ഒരക്രമി നിർബാധം കടന്നുവന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു. പുതിയ ബിൽഡിങ്ങിലേക്ക് മാറിയിട്ട് ദിവസങ്ങളേ ആയിരുന്നുള്ളൂ, അതിനാൽ വേണ്ടത്ര സെക്യൂരിറ്റി ജീവനക്കാർ ഇല്ലായിരുന്നു ആ കെട്ടിടത്തിൽ എന്നാണ് പറയപ്പെടുന്നത്. 

എന്തായാലും, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന അടിസ്ഥാന കാരണം പഞ്ചാബിലെ അനുദിനം വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലോബിയുടെ സ്വാധീനം തന്നെയാണ്. മയക്കുമരുന്നു ലോബികൾ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് അവരുടെ അനധികൃത വില്പന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുകയും അതിന് എതിരുനിൽകുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ പലവിധത്തിൽ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും പുതിയ ഇരയാണ് ഡോ. നേഹാ ഷൂറി. 

2018 -ൽ പഞ്ചാബിൽ മാത്രം 'ഡ്രഗ് ഓവർ ഡോസ്' കൊണ്ട് മരണപ്പെട്ടത് നൂറിലധികം പേരാണ്. ഉപയോഗിക്കുന്ന ഡ്രഗിന്റെ 'കിക്ക് 'കൂട്ടാൻ വേണ്ടി പല തരത്തിലുള്ള മരുന്നുകൾ കൂട്ടിക്കലർത്തി സ്വന്തമായി മിശ്രിതങ്ങളുണ്ടാക്കി പരീക്ഷിക്കുന്നതിനിടെയാണ് പലപ്പോഴും മരണം സംഭവിക്കുന്നത്. പഞ്ചാബിൽ 2.5 ലക്ഷത്തിലധികം ഡ്രഗ് അഡിക്ടുകളുണ്ടെന്നാണ്  AIIMS നടത്തിയ ഒരു പഠനത്തിൽ വ്യക്തമായിട്ടുള്ളത്. കഫ് സിറപ്പുകളിലാണ് പല യുവാക്കളുടെയും മയക്കുമരുന്നുപയോഗം തുടങ്ങുന്നത്. താമസിയാതെ അതിലൂടെ കിട്ടുന്ന ലഹരി പോരെന്ന് തോന്നിത്തുടങ്ങും. അപ്പോഴേക്കും മാഫിയ കൃത്യമായി അവർക്ക് കുത്തിവെക്കുന്ന പല ജാതി മയക്കുമരുന്നുകളും സാമ്പിളായി നൽകും. അതിന്റെ ലഹരി തലക്കുപിടിച്ചുകഴിഞ്ഞാൽ പിന്നെ അവർക്ക് നിർത്താനാവില്ല. പഞ്ചാബിലെ പല മെഡിക്കൽ ഷോപ്പുകളും ഇത്തരത്തിലുള്ള കുത്തിവെപ്പു മരുന്നുകളുടെ കരിഞ്ചന്ത നടത്തിപ്പുകാരാണത്രേ. അതിലൂടെ പെട്ടെന്ന് കിട്ടുന്ന അമിതലാഭം തന്നെ ലക്ഷ്യം. ഇങ്ങനെ കുത്തിവെപ്പുലഹരികളിലൂടെ പിച്ചവെച്ചുനടക്കുന്ന അഡിക്ടുകൾ ഒടുവിൽ ശരണം പ്രാപിക്കുന്നത് ഹെറോയിൻ എന്ന മാരകമായ മയക്കുമരുന്നിന്റെ കരാളഹസ്തങ്ങളിലാണ്. 

ഒരിക്കൽ എത്തിപ്പെട്ടാൽ പിന്നെ ഒരു തിരിച്ചുപോക്ക് എളുപ്പമല്ലാത്ത ഒരു രാവണൻ കോട്ടയാണ് ഹെറോയിന്റെ ലഹരി. കഴിഞ്ഞവർഷം കോടിക്കണക്കിനു രൂപ വിലമതിപ്പുള്ള 400  കിലോയോളം ഹെറോയിനാണ് സംസ്ഥാനാതിർത്തിക്കുള്ളിൽ നിന്നും പഞ്ചാബ് പോലീസ് പിടികൂടിയത്. ഒരൊറ്റ ഗ്രാം ഹീറോയിന് 4000-6000  രൂപയാണ് വില. ഇതിന് അടിമപ്പെടുന്നവർ ഈ പണം ആർജ്ജിക്കാൻ കൊല്ലും കൊലയും പിടിച്ചുപറിയും അടക്കം എന്തു തൊഴിലിനും തയ്യാറാവും പിന്നെ. ഈ ഒരു സാഹചര്യം മുതലെടുത്ത് മാഫിയകൾ, ഉപഭോക്താക്കളെത്തന്നെ മയക്കുമരുന്നിന്റെ വിപണനത്തിനും കൈമാറ്റത്തിനും ഒക്കെ ഉപയോഗപ്പെടുത്തും. പലരും സ്വന്തം വീടുകളിൽ നിന്നും വിലപിടിപ്പുള്ള പലതും മോഷ്ടിക്കും. ചോദിക്കുന്ന പണം കിട്ടിയില്ലെങ്കിൽ സ്വന്തം അച്ഛനമ്മമാരെപ്പോലും ആക്രമിക്കും. 

അഫ്‌ഗാനിസ്ഥാനിൽ ഉത്പാദിപ്പിക്കപ്പെടുന്ന മയക്കുമരുന്നുകൾ പാകിസ്ഥാൻ വഴിയാണ് അതിർത്തി കടന്ന് ഇന്ത്യൻ പഞ്ചാബിൽ എത്തുന്നത്. പലപ്പോഴും അതിർത്തിഗ്രാമങ്ങളിലെ കൃഷിക്കാരൻ അതിന്റെ  കൈമാറ്റത്തിൽ പങ്കാളികളാക്കപ്പെടുന്നത്. അതിർത്തി കഴിഞ്ഞ് ഇന്ത്യയിൽ എത്തിയാൽ പിന്നെ അത് കൈകാര്യം ചെയ്യാനുള്ള ഏജന്റുമാർ ഇവിടെത്തന്നെയുണ്ട്. 

ഈ ലഹരിമരുന്ന് മാഫിയയുടെ അടിവേരറുക്കാനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്

പലപ്പോഴും ഒരു രസത്തിനാണ് നമ്മുടെ യുവതലമുറ മയക്കുമരുന്നുകൾ പരീക്ഷിക്കുന്നത്. കൂട്ടുകെട്ടുകളിൽ നിന്നും ഉണ്ടാവുന്ന സമ്മർദ്ദങ്ങളിൽ ചിലപ്പോൾ അവർ വീണുപോകും. ഒരേവീട്ടിൽ താമസിക്കുന്ന സ്വന്തം മക്കൾ മയക്കുമരുന്നിന്റെ അടിമകളാണ് എന്ന കാര്യം പലപ്പോഴും അച്ഛനമ്മമാർ തിരിച്ചറിയുന്നില്ല. അവർ ഏതെങ്കിലും കേസുകളിൽ കുടുങ്ങി പൊലീസിന്റെ വിളി വരുമ്പോൾ മാത്രമാണ് പലപ്പോഴും അവർ കാര്യങ്ങൾ അറിയുന്നത്. അപ്പോഴേക്കും പലപ്പോഴും ഏറെ വൈകിയിട്ടുണ്ടാവും.  

എന്തായാലും, ഈ ഒരു കൊലപാതകത്തിന്റെ അന്വേഷണം ഒരു ബൽവീന്ദറിലോ, ഉപജീവനം നഷ്ടപ്പെട്ടതിലുള്ള അയാളുടെ അമർഷത്തിലോ പഴിചാരി അവസാനിപ്പിക്കേണ്ടുന്ന ഒന്നല്ല. സമൂഹത്തിൽ ബൽവീന്ദർമാരെ സൃഷ്ടിക്കുന്ന ഈ ലഹരിമരുന്ന് മാഫിയയുടെ അടിവേരറുക്കാനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്. എങ്കിലേ, സുധീരമായ പ്രവർത്തനശൈലിയുടെ പേരിൽ ജീവത്യാഗം ചെയ്യേണ്ടി വന്ന ഡോ. നേഹാ ഷൂറിയുടെ ആത്മാവിനോട് നമുക്ക് നീതിപുലർത്താൻ കഴിയൂ. 

Follow Us:
Download App:
  • android
  • ios