ഫ്രാൻസിൽ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമോഫോബിയ ചർച്ചകളിൽ ഇടം പിടിക്കുന്ന സമയത്തുതന്നെ, ആ ദിശയിൽ വിപ്ലവകരമായ ഒരു നടപടിയുമായി ന്യൂസിലൻഡ് ഗവണ്മെന്റ് രംഗത്ത്. കൂടുതൽ മുസ്ലിം സ്ത്രീകളെ പൊലീസ് സേനയുടെ ഭാഗമാവാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഡിപ്പാർട്ടുമെന്റ്. 

പുതുതായി നിയുക്തയായിട്ടുള്ള കോൺസ്റ്റബിൾ സീന അലി, യൂണിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കുന്ന ആദ്യത്തെ മുസ്ലിം വനിതാ എന്ന പേരിൽ ന്യൂസിലൻഡിന്റെ ചരിത്രത്തിൽ ഇടം നേടും. രാജ്യത്തെ വൈവിധ്യം നിറഞ്ഞ സമൂഹത്തിൽ കൂടുതൽ ഇഴുകിച്ചേർന്നു ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നടപടി എന്ന് ഗവണ്മെന്റിന്റെ പ്രതിനിധി ബിബിസിയോട് പറഞ്ഞു. 

ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് സേന, സ്‌കോട്ടിഷ് പൊലീസ്, ഓസ്‌ട്രേലിയൻ പൊലീസ് എന്നിവയാണ് ഇപ്പോൾ തന്നെ ഈ ഒരു സംവിധാനം നിലവിലുള്ള ഇസ്ലാം ഇതര രാജ്യങ്ങൾ.  2004 -ൽ ഹിജാബ് അനുവദിച്ച ഓസ്‌ട്രേലിയൻ പൊലീസ് ആണ്  ആദ്യമായി ഇങ്ങനെ ഒരു നടപടി എടുക്കുന്നത്. 

 

 

യൂണിഫോമിന് ചേരുന്ന ഹിജാബുകൾ ഡിസൈൻ ചെയ്യുക എന്ന ദൗത്യം 2018 മുതൽ തുടങ്ങിയിരുന്നു എന്ന് പൊലീസ് അധികൃതർ പറഞ്ഞു. കോൺസ്റ്റബിൾ സീന അലിയുടെ മാതാപിതാക്കൾ ഫിജിയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കുടിയേറിയതാണ്.  ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഭീകരാക്രമണമാണ് പൊലീസിൽ ചേരാൻ തന്നെ പ്രചോദിപ്പിച്ചത് എന്നും സീന അലി പറഞ്ഞു. "ഇസ്ലാമിക വേഷമായ ഹിജാബ് ധരിച്ചും പൊലീസിന്റെ ജോലി ചെയ്യാം എന്ന് എന്നിലൂടെ മനസ്സിലാക്കുമ്പോൾ കൂടുതൽ മുസ്ലിം യുവതികൾ ഈ രംഗത്തേക്ക് കടന്നുവന്നു രാജ്യത്തെ സേവിക്കുമെന്നു കരുതുന്നു. " സീന അലി പറഞ്ഞു.