Asianet News MalayalamAsianet News Malayalam

ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാതശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഒരു രക്ഷാപ്രവർത്തകൻ തകർന്നടിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ചെടുത്ത് വേഗത്തിൽ പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.

Newborn miraculously survives Earthquake in Syria rlp
Author
First Published Feb 7, 2023, 12:58 PM IST

സിറിയയിൽ ഉണ്ടായ കനത്ത ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാൽ, കെട്ടിടങ്ങൾക്കിടയിൽപ്പെട്ട് കുട്ടിയുടെ അച്ഛനും അമ്മയും മരണപ്പെട്ടു. പ്രസവിച്ച് മണിക്കൂറുകൾ പോലും തികയാത്ത കുഞ്ഞിനെയാണ് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം സിറിയയിൽ അനുഭവപ്പെട്ടത്. ഭൂകമ്പം ഏറ്റവും അധികം നാശം വിതച്ച അഫ്രിനിൽ പ്രദേശത്തു നിന്നുമാണ് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായിരുന്ന കുഞ്ഞിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ സ്ത്രീയാണ് കുഞ്ഞിന് ജന്മം നൽകിയത്. പക്ഷേ, നിർഭാഗ്യകരം എന്ന് പറയട്ടെ കുഞ്ഞിൻറെ അമ്മയും അച്ഛനും തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി മരണപ്പെട്ടു.

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഒരു രക്ഷാപ്രവർത്തകൻ തകർന്നടിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ചെടുത്ത് വേഗത്തിൽ പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ജനിച്ച് ഏതാനും സമയം മാത്രമായ നവജാത ശിശുവാണ് അതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. രക്ഷാപ്രവർത്തകരുടെ കൃത്യമായ ഇടപെടലിൽ രക്ഷിക്കാൻ ആയത് ഒരു പെൺകുഞ്ഞിനെ ആണെന്നാണ് അധികൃതർ പുറത്ത് വിടുന്ന വിവരം. കുട്ടിയുടെ മാതാപിതാക്കളെ കുറിച്ചോ, മറ്റു ബന്ധുക്കളെ കുറിച്ചോ ഉള്ള  വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയ കുട്ടി ഇപ്പോൾ സുരക്ഷിതയാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിറിയയിലും അയൽരാജ്യമായ തുർക്കിയിലും അനുഭവപ്പെട്ട ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നൂറുകണക്കിന് കെട്ടിടങ്ങൾ ഇവിടെ തകർന്നുവീണു. ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തി വരികയാണ്. തുർക്കിയിൽ 3000 -ത്തോളം ആളുകളും സിറിയയിൽ 1500 ഓളം ആളുകളും മരണപ്പെട്ടതായി ആണ് പുറത്തുവരുന്ന കണക്കുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് അധികൃതർ പറയുന്നത്. ആശുപത്രികളും മറ്റും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. മരണസംഖ്യ എട്ടുമടങ്ങ് വർധിക്കുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
 

Follow Us:
Download App:
  • android
  • ios