പ്രശസ്ത ഖവാൽ ഗായകൻ ഉസ്താദ് നുസ്രത് ഫത്തേ അലി ഖാൻ അദ്ദേഹത്തിന്റെ മരണശേഷവും ലോകമെമ്പാടുമുള്ള ജെൻ സികൾക്കിടയിൽ ഒരു പോപ്പ് ഐക്കൺ ആയി തുടരുന്നു. 'ഖവാലിയുടെ ചക്രവർത്തി' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഇതിഹാസം….
മേരേ രഷ്‌കെ ഖമർ' എന്ന് അദ്ദേഹം പാടുമ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇന്നും ആ ഈണത്തിൽ സ്വയം മറന്നുപോകുന്നു.ഈ വരികൾ ആരുടേതാണെന്ന് ജെൻ സി കളോട് ചോദിച്ചാൽ, അവർ ഉടൻ ഒരു പേര് നൽകും 'NFAK'.ആ സംഗീതത്തിന്റെ ഉടമ മറ്റാരുമല്ല, ഉസ്താദ് നുസ്രത് ഫത്തേ അലി ഖാൻ. ഗാനാലാപനത്തിന്റെ അതിരുകളെ ഭേദിച്ച, ലോകം കണ്ട ഏറ്റവും വലിയ ഖവാൽ ഗായകരിൽ ഒരാളാണ് ഉസ്താദ് നുസ്രത് ഫത്തേ അലി ഖാൻ. ആ സംഗീത ഇതിഹാസം നമ്മെ വിട്ടുപോയിട്ട് കാലങ്ങളേറെയായി. എന്നിട്ടും, ഇന്ന് സോഷ്യൽ മീഡിയയുടെയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെയും ലോകത്ത് അദ്ദേഹം ജീവിക്കുന്ന ഒരു പോപ്പ് ഐക്കണാണ്.
'ഖവാലിയുടെ ചക്രവർത്തി' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഇതിഹാസം ഇന്ന് ലോകമെമ്പാടുമുള്ള ജെൻ സികളുടെ പ്ലേലിസ്റ്റുകളിൽ ജീവിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം, നുസ്രത് ഫത്തേ അലി ഖാന്റെ സംഗീതം ഇന്ന് കേൾക്കുന്നവരിൽ ഏതാണ്ട് 60 ശതമാനവും ജെൻ സികളാണ്. സംഗീത സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയുടെ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമായി അദ്ദേഹത്തിന് 800 മില്യണിലധികം സ്ട്രീമുകളുണ്ട്.
ജനിച്ചപ്പോൾ മുതൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഭാഗമായ ജെൻ സി, പഴയ കാസറ്റുകളിലും സിഡികളിലുമല്ല നുസ്രതിനെ കേട്ടത്. പകരം, യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങളുടെ ക്ലിപ്പുകളിലൂടെയാണ് ഈ സംഗീതം അവരെ തേടിയെത്തിയത്.
ഫ്യൂഷൻ സംഗീതത്തിന്റെ വഴികാട്ടി
പരമ്പരാഗത ഖവാലി ഗായകനായിരിക്കുമ്പോഴും, നുസ്രത് ഫത്തേ അലി ഖാൻ ഒരു 'ട്രെൻഡ്സെറ്റർ' ആയിരുന്നു. 1985-ൽ WOMAD (World of Music, Arts and Dance) ഫെസ്റ്റിവലിൽ അദ്ദേഹം നടത്തിയ ആദ്യ അന്താരാഷ്ട്ര പ്രകടനമാണ് ഖവാലിയെ ലോകസംഗീതത്തിൽ എത്തിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ഗബ്രിയേൽ ഉൾപ്പെടെയുള്ളവരുമായി പ്രവർത്തിച്ചു. ട്രിപ്പ് ഹോപ്പ് ഗ്രൂപ്പായ മാസിവ് അറ്റാക്കുമായി ചേർന്ന് പുറത്തിറക്കിയ 'Mustt Mustt' എന്ന റിമിക്സ് യൂറോപ്യൻ ക്ലബ്ബുകളെ ഉറുദു സംഗീതത്തിൽ ചുവടുവെപ്പിച്ചു. 'മേരേ രഷ്‌കെ ഖമർ' പോലുള്ള ഹിറ്റുകൾ ഇന്ന് റീമിക്സുകളായും റീലുകളായും നിറയുന്നതിൽ നിന്ന്, അദ്ദേഹത്തിന്റെ ഈണങ്ങൾക്ക് സോഷ്യൽ മീഡിയ ട്രെൻഡുകളുമായി എത്രത്തോളം ഇഴുകിച്ചേരാൻ കഴിയുന്നു എന്ന് വ്യക്തമാണ്.
ബോളിവുഡിലും തിളക്കം
തൊണ്ണൂറുകളുടെ അവസാനത്തോടെ നുസ്രത് ഫത്തേ അലി ഖാൻ ബോളിവുഡിലും തരംഗമായി. എ.ആർ. റഹ്മാന്റെ 'വന്ദേമാതരം' ആൽബത്തിലെ ഒരു ഗാനമടക്കം നിരവധി ബോളിവുഡ് പ്രോജക്റ്റുകളിൽ അദ്ദേഹം പങ്കെടുത്തു. 'ദിൽ ലഗി', 'ധഡ്കൻ' പോലുള്ള ചിത്രങ്ങൾക്ക് വേണ്ടിയുള്ള ഗാനങ്ങൾ അദ്ദേഹത്തിൻ്റെ മരണശേഷം പുറത്തിറങ്ങി. ഇദ്ദേഹത്തിൻ്റെ പാരമ്പര്യം ഇപ്പോൾ മരുമകനായ റാഹത്ത് ഫത്തേ അലി ഖാൻ മുന്നോട്ട് കൊണ്ടുപോകുന്നു. റാഹത്ത് പുനരാവിഷ്കരിച്ച, നുസ്രത് ജാവേദ് അക്തറുമായി ചേർന്ന് ചെയ്ത 'അഫ്രീൻ അഫ്രീൻ' എന്ന ഗാനം യൂട്യൂബിൽ 600 മില്യണിലധികം നേടിയത് പുതിയ തലമുറ അദ്ദേഹത്തിന്റെ സംഗീതം എങ്ങനെ ഏറ്റെടുക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്.
നുസ്രത് ഫത്തേ അലി ഖാൻ്റെ സംഗീതം ഇഷ്ക് ഹേ ജോ സാരേ ജഹാൻ കോ അമൻ ഭീ ദേ, നൽകുന്ന ആത്മീയവും സ്നേഹത്തിൻ്റേതുമായ സന്ദേശം പുതിയ തലമുറയ്ക്ക് ഒരു വഴികാട്ടിയായി മാറുന്നു.


