യേശുവിന്റെ രണ്ടാം വരവ് 2022 ഏപ്രിലിൽ നടക്കുമെന്ന് കർത്താവ് തന്നോട് പറഞ്ഞതായി പള്ളിയിലെ അസിസ്റ്റന്റ് പാസ്റ്റർ ജോസിയ പീറ്റർ അസുമോസ ഇടവകക്കാരോട് പറഞ്ഞു. എന്നാൽ, യേശുവിന്റെ രണ്ടാം വരവ് ഏപ്രിലിൽ സംഭവിക്കാത്തപ്പോൾ, അയാൾ തിയതി മാറ്റി പറഞ്ഞു തുടങ്ങി.

നൈജീരിയയിലെ ഒരു പള്ളിയുടെ നിലവറയിൽ നിന്ന് പിഞ്ചുകുട്ടികളടക്കം 77 പേരെ പൊലീസ് അടുത്തിടെ മോചിപ്പിച്ചു. അവരിൽ ചിലർ മാസങ്ങളായി അവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. യേശുക്രിസ്തുവിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ച് അതിനകത്ത് കഴിയുകയായിരുന്നു അവർ. ഓൺഡോ ടൗണിലെ വാലന്റീനോ ഏരിയയിലെ ഹോൾ ബൈബിൾ ബിലീവേഴ്‌സ് ചർച്ചിലായിരുന്നു പൊലീസ് റെയ്‌ഡ്‌ നടത്തിയത്.

ഒരു അമ്മ മക്കളെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു അന്വേഷണം. പള്ളിയിൽ പോയ മക്കൾ തിരികെ എത്താതായതോടെ പരിഭ്രമിച്ച അമ്മ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അന്വേഷിച്ച് ചെന്നപ്പോൾ കുട്ടികൾ പള്ളിയിൽ ഉണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയായിരുന്നു അവർ. പള്ളിയിലെ അച്ഛനും, സഹായിയുമാണ് ക്രിസ്തുവിന്റെ രണ്ടാം വരവുണ്ടാകുമെന്ന് ആളുകളോട് പറഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. അവർ ഈ എഴുപത്തേഴ് പേരെയും പള്ളിയുടെ നിലവറയിൽ കൊണ്ടുപോയി പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, സംഭവസ്ഥലത്തെത്തിയ പൊലീസ് ആളുകളെ മോചിപ്പിക്കുകയും, പാതിരിയെയും, സഹായിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

യേശുവിന്റെ രണ്ടാം വരവ് 2022 ഏപ്രിലിൽ നടക്കുമെന്ന് കർത്താവ് തന്നോട് പറഞ്ഞതായി പള്ളിയിലെ അസിസ്റ്റന്റ് പാസ്റ്റർ ജോസിയ പീറ്റർ അസുമോസ ഇടവകക്കാരോട് പറഞ്ഞു. എന്നാൽ, യേശുവിന്റെ രണ്ടാം വരവ് ഏപ്രിലിൽ സംഭവിക്കാത്തപ്പോൾ, അയാൾ തിയതി മാറ്റി പറഞ്ഞു തുടങ്ങി. യേശുവിന്റെ രണ്ടാം വരവ് 2022 സെപ്റ്റംബറിലാണെന്ന് പിന്നീട് അയാൾ ഇടവകക്കാരോട് പറഞ്ഞു. അവിടെ കൂടിയിരുന്നവരിൽ 26 കുട്ടികളുണ്ടായിരുന്നു. അതിൽ ചിലർക്ക് 8 വയസ്സ് മാത്രമായിരുന്നു പ്രായം. അവർക്കൊപ്പം 8 കൗമാരക്കാരും 43 മുതിർന്നവരും പള്ളിക്കുള്ളിലുണ്ടായിരുന്നു.

ഹോൾ ബൈബിൾ ബിലീവേഴ്‌സ് ചർച്ചിന്റെ നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, അവിടെ കൂടിയിരുന്നവരെ നിർബന്ധിച്ച് അവിടെ പാർപ്പിച്ചതിന്റെ തെളിവ് ഒന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. വിശ്വാസികൾ സ്വന്തം ഇഷ്ടപ്രകാരം അവിടെ താമസിക്കുകയായിരുന്നു. പലരും പൊലീസിനൊപ്പം പോകാൻ ആദ്യം തയ്യാറായില്ല. അതിൽ ചിലർ 2021 ഓഗസ്റ്റ് മുതൽ തന്നെ ക്രിസ്തുവിന്റെ രണ്ടാം വരവും കാത്ത് പള്ളിയിൽ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.