Asianet News MalayalamAsianet News Malayalam

'നിനക്ക് പരോളില്ല', പ്രതി വികാസ് യാദവിനോട് സുപ്രീംകോടതി, അറിയാം നിതീഷ് കടാര ദുരഭിമാനക്കൊലയെപ്പറ്റി

അബ്കാരിയും രാഷ്ട്രീയനേതാവും, യുപിയിലെ മുൻ കാബിനറ്റ് മന്ത്രിയുമായിരുന്ന ഭാരതിയുടെ അച്ഛൻ ഡിപി യാദവിന്റെ പേരിൽ അന്നുതന്നെ ഒമ്പതിലധികം കൊലപാതകക്കേസുകളുണ്ടായിരുന്നു.

Nitish Katara honor killing, why Vikas yadav was denied parole by Supreme Court
Author
Delhi, First Published Nov 5, 2019, 11:07 AM IST

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിനങ്ങൾ എന്ന നിലക്ക് രാജ്യത്തിൻറെ ശ്രദ്ധമുഴുവൻ ഇപ്പോൾ സുപ്രീം കോടതിയിലേക്കും അവിടെ നിന്ന് വരുന്ന വിധികളിലുമാണ്. മാധ്യമശ്രദ്ധ ഏറെയാകർഷിച്ച നിരവധി കേസുകളാണ് അന്തിമവിധികാത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ടേബിളിൽ വിശ്രമിക്കുന്നത്. എന്നാൽ, അക്കൂട്ടത്തിൽ പെടാത്ത ഒരു കേസിലും ഇന്നലെ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിധി പറയുകയുണ്ടായി. അത് ഒരു ദുരഭിമാനക്കൊലയിലെ പ്രതികൾ തങ്ങൾക്ക് പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ അപേക്ഷയിന്മേലുള്ള തീർപ്പായിരുന്നു. കേസ്, നിതീഷ് കടാരാ വധക്കേസ്. പ്രതികൾ, യുപിയിലെ മുൻ മന്ത്രിയായിരുന്ന ഡിപി യാദവിന്റെ മകൻ വികാസ് യാദവ്, കസിൻ വിശാൽ യാദവ് തുടങ്ങിയവർ. ഗോഗോയിയുടെ വിധി വളരെ ലളിതമായിരുന്നു, "നിങ്ങൾക്ക് തന്നത് 25 വർഷത്തെ കഠിനതടവാണ്. പോയി അനുഭവിക്കൂ.നിങ്ങൾക്ക് പരോളില്ല!".

ഈ വിധി കേട്ടപ്പോൾ നീലം കടാരയുടെ ചുണ്ടിൽ സങ്കടഛായയിലും നേരിയൊരു മന്ദഹാസം വിടർന്നുകാണും. ദുർഭാഗ്യവതിയായ ഒരമ്മയാണ്  അവർ. ഒരു രാത്രി ഇരുട്ടിവെളുക്കും മുമ്പ്, അവരുടെ മകൻ നിതീഷ് കടാരയെ തട്ടിക്കൊണ്ടുപോയി, മർദ്ദിച്ചുകൊന്ന് കത്തിച്ചുകളഞ്ഞവരാണ് ഈ യാദവ് സഹോദരന്മാർ. പതിനേഴുവർഷമായിട്ടും, ആ കൊലപാതകത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മോചിതയായിട്ടില്ല നീലം. 

കേന്ദ്രീയ വിദ്യാലയ ബോർഡിലെ വിദ്യാഭ്യാസ ഓഫീസറായിരുന്നു നീലം. ഐഎഎസ് ഓഫീസറായ ഭർത്താവ് നിഷിതും മക്കൾ നിതീഷും, നിതിനുമൊത്തുള്ള ജീവിതം നീലത്തിന് എന്നും സന്തോഷം മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. ആ ജീവിതത്തിലെ സമാധാനത്തെ തച്ചുതകർത്ത, 2002 ഫെബ്രുവരി 17 -ലെ ആ പകൽ  അങ്ങനെ എളുപ്പം മറക്കാവുന്ന ഒന്നല്ലായിരുന്നു അവർക്ക്. അന്നാണ് മകനെ കാണാനില്ലെന്ന പരാതിയുമായി ഗാസിയാബാദിലെ കവിനഗർ പൊലീസ് സ്റ്റേഷനിലേക്ക് അവർ ചെല്ലുന്നത്.  

ഒരു രാത്രിയിൽ വീട്ടിലേക്ക് തിരികെ വരാതിരുന്നപ്പോഴേക്കും മകനെ കാണാനില്ല എന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാൻ നീലത്തിനെ പ്രേരിപ്പിച്ചത് മകന്റെ ചില സുഹൃത്തുക്കളിൽ നിന്ന് കിട്ടിയ വിവരങ്ങളായിരുന്നു. തലേന്നത്തെ വിവാഹച്ചടങ്ങിനിടെ നിതീഷും, സ്ഥലത്തെ കുപ്രസിദ്ധനായ രാഷ്ട്രീയ നേതാവ് ഡിപി യാദവിന്റെ മക്കൾ വികാസും വിശാലും തമ്മിൽ നടന്ന ചില്ലറ വഴക്കുകളെപ്പറ്റി അവർ അമ്മയോട് സൂചിപ്പിച്ചിരുന്നു. മകൻ തിരിച്ചു വീട്ടിലേക്കു വരികയോ വിളിക്കുകയോ ഒന്നും ചെയ്യാതിരുന്നപ്പോൾ, തന്റെ മകന്റെ ജീവൻ അപകടത്തിലാണ് എന്ന് ന്യായമായും ആ അമ്മ സംശയിച്ചു. ഉടൻ തന്നെ പൊലീസിനെ സമീപിക്കുകയും ചെയ്തു. വികാസ്, വിശാൽ യാദവുമാർക്ക് ഒരു സഹോദരിയുണ്ടായിരുന്നു. ഭാരതി യാദവ്. ഗാസിയാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ടെക്‌നോളജി(IMT) യിലെ പഠനകാലത്ത് നിതീഷിന്റെ ഉള്ളിൽ കയറിക്കൂടിയ പ്രണയമായിരുന്നു സഹപാഠിയായ ഭാരതി യാദവ്. എന്നാൽ, അവരിരുവരും വെവ്വേറെ ജാതിയിൽ നിന്നുള്ളവരായിരുന്നു എന്ന കാരണത്താൽ ഉയർന്ന ജാതിക്കാരെന്ന് സ്വയം അഭിമാനിച്ചിരുന്ന യാദവുമാർക്ക് ആ ബന്ധം ഒട്ടും സമ്മതമല്ലായിരുന്നു. തന്‍റെ സഹോദരിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വെറുതെ വിടില്ലെന്ന് വികാസ് മുമ്പും നിതീഷിനെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും അതൊന്നും കണ്ട് ഭയപ്പെട്ടു പിന്മാറാൻ മാത്രം ഭീരുവായിരുന്നില്ല നിതീഷ്.

Nitish Katara honor killing, why Vikas yadav was denied parole by Supreme Court

'നിതീഷ് കടാരയും ഭാരതി യാദവും '

മകന്റെ തിരോധാനത്തിൽ യാദവിന്റെ മക്കൾക്ക് പങ്കുണ്ടെന്ന് നീലത്തിന് സംശയമായി. സുപ്രീം കോടതി വക്കീലായ കാമിനി ജയ്‌സ്വാൾ മുഖാന്തരം ഒരു ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു അവർ. യുപി, ബിഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ദുരഭിമാനക്കൊലകൾക്ക് കുപ്രസിദ്ധമാണ്. "എന്റെ മകനെ അവർ കൊന്നുകളഞ്ഞില്ലായിരുന്നു എങ്കിൽ പോലും, അവരുടെ പെൺകുട്ടിയെ അവർ ചിലപ്പോൾ കൊന്നേനെ. ഞാൻ വളർന്നുവന്ന ഉത്തർപ്രദേശിൽ ഇത്തരത്തിലുള്ള കൊലകൾ ഇടയ്ക്കിടെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്." നീലം ഒരഭിമുഖത്തിൽ പിന്നീടെപ്പോഴോ പറഞ്ഞു. അത്തരത്തിലുള്ള പഴഞ്ചൻ ചിന്തകളിൽ നിന്നൊക്കെ വിമുക്തമാക്കിക്കൊണ്ടാണ് അലഹബാദ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായ നീലം മകനെ വളർത്തിക്കൊണ്ടുവന്നത്. 'ഒരു പ്രണയമുണ്ട്, കുട്ടി മറ്റൊരു ജാതിയിൽ നിന്നുള്ളതാണ്' എന്ന് നിതീഷ് വന്നു കുമ്പസാരിച്ചപ്പോഴും, നീലം ഒരെതിർപ്പും പറഞ്ഞിരുന്നില്ല. അവർ ആകെ ആശങ്കപ്പെട്ടത് ഭാരതിയുടെ വീട്ടുകാരുടെ സ്വാധീനശക്തിയെപ്പറ്റി മാത്രമാണ്. അബ്കാരിയും രാഷ്ട്രീയനേതാവും, മുൻ കാബിനറ്റ് മന്ത്രിയുമായിരുന്ന ഭാരതിയുടെ അച്ഛൻ ഡിപി യാദവിന്റെ പേരിൽ അന്നുതന്നെ ഒമ്പതിലധികം കൊലപാതകക്കേസുകളുണ്ടായിരുന്നു.

എന്നാൽ, നിതീഷിന്റെ തിരോധാനവും തുടർന്നുണ്ടായ ദുരഭിമാനക്കൊലയും ഒക്കെ ചേർന്നുകൊണ്ട് നീലം കടാരക്ക് സമ്മാനിച്ചത് നിദ്രാവിഹീനമായ നിരവധി രാവുകളാണ്. ഉത്തർപ്രദേശിലെയും, അങ്ങ് ദില്ലിയിലെയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ യാദവ് കുടുംബത്തിനുള്ള പിടിപാട് നീലത്തിന് കൃത്യമായി ബോധ്യം വന്നു. "നിതീഷിന്റെ കത്തിക്കരിഞ്ഞ് വികൃതമായ മൃതദേഹം ആ കുറ്റിക്കാട്ടിൽ കിടക്കുന്നത് നേരിൽ കണ്ട ആ നിമിഷം ഞാനെന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്റെ മോനോട് ഇത് പ്രവർത്തിച്ചവർ ഇനി ഏത് യാദവിന്റെ മക്കളായാലും ശരി, പരമാവധി ശിക്ഷ തന്നെ അവർക്ക് വാങ്ങിച്ചുകൊടുക്കും എന്ന്. അന്നുതൊട്ട് ഇന്നീ നിമിഷം വരെ ഞാൻ പോരാടിയിട്ടുള്ളത് അതുറപ്പാക്കാൻ വേണ്ടി മാത്രമാണ്." ദില്ലി ചെംസ്‌റോഡിലുള്ള തന്റെ വീട്ടിലിരുന്നുകൊണ്ട് നീലം പറഞ്ഞു.

ഇരുവരുടെയും പൊതുസുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കുചേരാൻ എത്തിയതായിരുന്നു ഭാരതി യാദവും നിതീഷ് കടാരയും. അതായിരുന്നു അവർ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ച. അവരുടെ അടുപ്പത്തിൽ ആദ്യംമുതൽക്കേ എതിർപ്പുണ്ടായിരുന്ന ഭാരതിയുടെ സഹോദരൻ വികാസും, കസിൻ വിശാലും ചടങ്ങിൽ സംബന്ധിക്കാൻ അവിടെ എത്തിയിട്ടുണ്ടായിരുന്നു. അവർ രണ്ടുപേരും കൂടി അവരുടെ ടാറ്റാ സഫാരി കാറിലേക്ക് നിതീഷിനെ കൂട്ടിക്കൊണ്ടുപോവുന്നത് സുഹൃത്തുക്കളെല്ലാവരും കണ്ടതാണ്. താമസിയാതെ നിതീഷ് തിരിച്ചു വരുമെന്നും കരുതിയിരുന്നു. തങ്ങളുടെ കൂട്ടുകാരന്റെ ആ പോക്ക്  മരണത്തിലേക്കായിരുന്നു എന്ന് തിരിച്ചറിയാൻ അടുത്ത സുഹൃത്തുക്കൾക്കുപോലുമായില്ല.

Nitish Katara honor killing, why Vikas yadav was denied parole by Supreme Court

'വിവാഹച്ചടങ്ങിൽ വെച്ച് നിതീഷും ഭാരതിയും ചേർന്ന് വധൂവരന്മാർക്കൊപ്പം എടുത്ത ചിത്രം '

മരിക്കുമ്പോൾ വെറും 25 വയസ്സുമാത്രമായിരുന്നു നിതീഷിന്റെ പ്രായം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ നീലത്തിന് ഏറെ ആഘാതമേകി. കാണാതായി മൂന്നുദിവസത്തിനു ശേഷം തട്ടിക്കൊണ്ടു പോകപ്പെട്ട വിവാഹവീട്ടിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഖുർജയ്ക്കടുത്തുള്ള ശിഖർപൂർ റോഡിലെ ഒരു കുറ്റിക്കാട്ടിനുള്ളിൽ നിന്നാണ് ജഡം പൊലീസ് കണ്ടെടുക്കുന്നത്. തലയ്ക്ക് ചുറ്റികകൊണ്ട് ഏറ്റ അടികളാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ. തലക്കടിച്ച് ബോധം കെടുത്തിയശേഷം  തലവഴി ഡീസലൊഴിച്ച് കത്തിച്ചു കളയുകയായിരുന്നു നിതീഷിനെ പ്രതികൾ. കേസിൽ രക്തസാമ്പിളുകൾ ശേഖരിച്ചതും ഡിഎൻഎ പ്രൊഫൈലിങ് നടത്തിയതും പ്രസിദ്ധ ഫോറൻസിക് സർജനായ ഡോ. ടിഡി ഡോഗ്ര ആയിരുന്നു.

സുഹൃത്തുക്കളുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും വികാസും വിശാലും മുങ്ങി. അവരെ പിന്നീട് മധ്യപ്രദേശിലെ ദോഗ്രയിൽ വെച്ച് അറസ്റ്റുചെയ്ത ലോക്കൽ പൊലീസ് ഇൻസ്‌പെക്ടർ അശോക് ബദോറിയ ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് ഇരുവരും കുറ്റം സമ്മതിച്ചു എന്നാണ്. എന്നാൽ, കേസ് കോടതിയിലെത്തിയപ്പോൾ ഈ ഇൻസ്‌പെക്ടർ കൂറുമാറി. അങ്ങനെ ഒരു കുറ്റസമ്മതമൊഴി എടുത്തിട്ടേയില്ല എന്ന് ഇൻസ്‌പെക്ടർ കോടതിയിൽ ബോധിപ്പിച്ചു. ഡിപി യാദവുമായി അടുത്ത ബിസിനസ് സൗഹൃദമുണ്ടായിരുന്നു ഈ ബദോറിയക്ക് എന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. എന്നാൽ, സ്റ്റേഷനിലെ തന്നെ മറ്റൊരു കോൺസ്റ്റബിളായിരുന്ന ബ്രിജ് മോഹൻ മിശ്ര ഇൻസ്പെക്ടർക്ക് എതിരായി മൊഴിനല്കിക്കൊണ്ട്, പ്രതികളുടെ കുറ്റസമ്മതം സ്ഥിരീകരിച്ചു.

പ്രതികളെ ഉത്തർപ്രദേശ് പൊലീസിന് കൈമാറിയപ്പോൾ അവിടെയും അവർ കുറ്റം സമ്മതിച്ചു. ആ കുറ്റസമ്മതം പോലീസ് ഓഡിയോ ടേപ്പിൽ റെക്കോർഡ് ചെയ്തിരുന്നത് എൻഡിടിവിക്ക് ചോർന്നു കിട്ടുകയും അവർ അത് പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. പൊലീസ് സ്റ്റേഷനിൽ വെച്ചാണ് റെക്കോർഡ് ചെയ്യപ്പെട്ടത് എന്നതുകൊണ്ട് ഇത് ഒരു ലീഗൽ എവിഡൻസ് ആയി കണക്കാക്കപ്പെട്ടില്ല എങ്കിൽ പോലും, മൊഴിയുടെ ഭാഗമായിരുന്ന വധത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ പിന്നീട് കൊല്ലാനുപയോഗിച്ച ചുറ്റികയും മറ്റും കണ്ടെടുക്കുന്നതിന് ഉപകരിച്ചു.

അന്വേഷണങ്ങൾ പൂർത്തിയാക്കപ്പെട്ടു. വികാസ്, വിശാൽ യാദവുമാർക്കു പുറമെ മൂന്നാം പ്രതിയായ സുഖ്‌ദേവ് പഹൽവാനും അറസ്റ്റിലായി. കുറ്റപത്രം സമർപ്പിക്കപ്പെട്ടു. വിചാരണ തുടങ്ങി. എന്നാൽ, നീതിക്കായുള്ള നീലം കടാരയുടെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. 2002 സെപ്റ്റംബറിൽ വിചാരണ തുടങ്ങിയപ്പോഴേക്കും ഡിപി യാദവിന്റെ രാഷ്ട്രീയസ്വാധീനങ്ങൾ കൊണ്ട് കേസ് ആകെ മാറിമറിഞ്ഞിരുന്നു. ഒന്നിനുപിറകെ ഒന്നായി സാക്ഷികൾ കൂറുമാറി. എന്തിന്, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദമേറിയപ്പോൾ, തന്നെ പ്രണയിച്ചു എന്ന കുറ്റത്തിന് ജീവൻവരെ നഷ്ടപ്പെടുത്തിയ നിതീഷ് കടാര എന്ന യുവാവുമായുണ്ടായിരുന്നത് കണ്ടുപരിചയം മാത്രമായിരുന്നു എന്നും, തങ്ങൾക്കിടയിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല എന്നും കാമുകി ഭാരതി യാദവ് പോലും സാക്ഷി പറഞ്ഞു.

മകന്റെ മരണമേല്പിച്ച ആഘാതം മാറും മുമ്പ് നീലത്തിന് അടുത്ത പ്രഹരവും ഏറ്റു. 2003 ഓഗസ്റ്റുമാസം, നീലത്തിന് ഇരുപത്തേഴുവർഷമായി കൂട്ടായിരുന്ന ഭർത്താവിനെ നഷ്ടമായി. മകനെ അകാലത്തിൽ അപമൃതു വന്നുപുല്കിയ അന്നുതൊട്ടേ മാനസികമായ കടുത്ത സംഘർഷത്തിലായിരുന്നു, നിതീഷിന്റെ അച്ഛൻ നിഷിത്. ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടുപോയത്. ഒന്നരവർഷത്തെ ഇടവേളയിൽ ജീവിതത്തിലെ രണ്ടത്താണികൾ- ആദ്യം മകൻ, പിന്നാലെ ഭർത്താവ് - നഷ്ടപ്പെട്ട്, ആകെ പകച്ചു നിൽപ്പായി നീലം. അവിടന്നങ്ങോട്ട്, നീതിക്കുവേണ്ടിയുളള പോരാട്ടങ്ങളിൽ ഇളയ മകൻ നിതിൻ മാത്രമായിരുന്നു അവർക്ക് കൂട്ട്. എന്നാൽ, ഏട്ടന്റെ മരണത്തിനെതിരെയുള്ള പോരാട്ടങ്ങൾ അനിയന്റെ പഠിത്തത്തെ ബാധിക്കരുത് എന്ന് നീലത്തിന് നിർബന്ധമുണ്ടായിരുന്നു. നിതീഷിന്റെ ലൈഫ് ഇൻഷുറൻസ് തുക പാസായി വന്നപ്പോഴേക്കും, എഞ്ചിനീയറിങ്ങ് ബിരുദപഠനവും പൂർത്തിയാക്കിക്കഴിഞ്ഞിരുന്ന മകനെ മാനേജുമെന്റിൽ ഉപരിപഠനത്തിനായി യുകെയിലെ ഒരു സർവകലാശാലയിലേക്ക് പറഞ്ഞുവിട്ട്, കേസിന്റെ നൂലാമാലകൾ എല്ലാം ഒറ്റയ്ക്ക് ഏറ്റെടുത്തു ആ അമ്മ.

2004 ആയപ്പോഴേക്കും യാദവിന്റെ സ്വാധീനം പബ്ലിക് പ്രോസിക്യൂട്ടർ കൂറുമാറുന്നതുവരെ എത്തിച്ചു. അതോടെ, സ്വന്തമായി പണം മുടക്കി ഒരു നല്ല വക്കീലിനെ വെക്കാൻ നീലം ഉറപ്പിച്ചു. ആ പരിശ്രമങ്ങൾ ഫലം കണ്ടു. 2006 നവംബറിൽ ഭാരതിയെ വീണ്ടും വിസ്തരിച്ച സെഷൻസ് കോടതി തന്നെ വികാസ്, വിശാൽ യാദവുമാർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണ് എന്ന് കണ്ടെത്തി. നിയമത്തിൽ ലഭ്യമായ എല്ലാ അപ്പീൽ സാധ്യതകളും പ്രതികൾ വിനിയോഗിച്ചുകൊണ്ടിരുന്നു. വിചാരണക്കാലയളവിൽ സഹോദരി ഭാരതിയുടെ വിവാഹമടക്കമുളള പലകാരണങ്ങളും കാണിച്ച് വികാസ് യാദവ് ജാമ്യത്തിലിറങ്ങിയത് 66 തവണയാണ്. ഇങ്ങനെ ഇറങ്ങിയ ഒരു ജാമ്യത്തിനിടെയാണ് വികാസ് യാദവ് സുഹൃത്തായ മനു ശർമ്മക്കും കൂട്ടുകാർക്കുമൊപ്പം ഖുതുബ് മീനാറിനടുത്തുള്ള ടാമറിൻഡ് കോർട്ട് ബാറിൽ പോകുന്നതും, അവിടെ വെച്ച് മനു ശർമ്മ ജസീക്കാ ലാൽ എന്ന ബാർടെൻഡറും മോഡലുമായ യുവതിയെ പോയന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊല്ലുന്നതും.

Nitish Katara honor killing, why Vikas yadav was denied parole by Supreme Court

പല വഴിക്കും നീലത്തിനെ സ്വാധീനിക്കാനും പ്രതികളും കുടുംബവും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ഇനി ഒന്നും തന്നെ നഷ്ടപ്പെടാനില്ലാതിരുന്ന അവർ ഒരു സ്വാധീനത്തിനും വഴങ്ങിയില്ല. ആദ്യവിധി വരുന്നത് 2008  നവംബറിൽ ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ്. ജീവപര്യന്തം തടവായിരുന്നു ശിക്ഷ. അപ്പീലുമായി യാദവുമാർ ഹൈക്കോടതിയെ സമീപിച്ചു. 2014 -ൽ ദില്ലി ഹൈക്കോടതിയുടെ വിധിയും വന്നു. പ്രസ്തുത വധത്തെ 'ദുരഭിമാനക്കൊല' എന്നുതന്നെ വിളിച്ച കോടതി 30 കൊല്ലത്തെ കഠിന തടവിന് വിധിച്ചു അവരെ. 2015 ഓഗസ്റ്റിൽ സുപ്രീം കോടതിയിലെ അപ്പീലിനും വിധിവന്നു. ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി 25  കൊല്ലത്തെ കഠിനതടവെന്ന് ശിക്ഷ അന്തിമമാക്കി. തെളിവ് നശിപ്പിച്ചതിന് വെവ്വേറെ വിധിച്ച അഞ്ചുവർഷത്തെ ശിക്ഷ കൊലപാതകത്തിനുള്ള ശിക്ഷയ്‌ക്കൊപ്പം അനുഭവിച്ചാൽ മതി എന്ന് സുപ്രീം കോടതി പറഞ്ഞതോടെയാണ് മുപ്പതിൽ നിന്ന് ഇരുപത്തഞ്ചുകൊല്ലമായി ശിക്ഷ ചുരുങ്ങിയത്. കേസിൽ യാദവുമാരുടെ കൂട്ടുപ്രതി സുഖ്‌ദേവ് പഹൽവാനും സുപ്രീം കോടതി 20 വർഷത്തെ കഠിനതടവ് വിധിച്ചു.

ഈ ശിക്ഷയിൽ കഴിയവെയാണ് 'പതിനേഴു വർഷമായി, ഇനി പരോൾ അനുവദിക്കണം' എന്ന ആവശ്യവുമായി യാദവ് സഹോദരങ്ങൾ കോടതിയെ സമീപിക്കുന്നതും, കോടതി നിർദാക്ഷിണ്യം അവരുടെ അപേക്ഷ തിരസ്കരിച്ചുകൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരുത്തരവിട്ടിരിക്കുന്നതും. എന്നാൽ, മകന്റെ കൊലയാളികൾക്ക് ശിക്ഷവാങ്ങിക്കൊടുത്തതുകൊണ്ട് തന്റെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല എന്നാണ്, വിചാരണാവേളയിൽ ഡിപി യാദവിന്റെ രാഷ്ട്രീയസ്വാധീനങ്ങളെ തികഞ്ഞ മനോവീര്യത്തോടെ ചെറുത്തുതോൽപിച്ച നീലം കടാര എന്ന അമ്മ പറയുന്നത്. തന്റെ മകന്റെ ജീവനെടുത്ത ദുരഭിമാനക്കൊല എന്ന തിന്മയ്‌ക്കെതിരെ ശക്തമായ നിയമങ്ങൾ രാജ്യത്ത് നിർമ്മിക്കപ്പെടും വരെ അതിനെതിരെ പോരാടും എന്ന് അവർ ഉറപ്പിച്ചുതന്നെ പറയുന്നു. 

Follow Us:
Download App:
  • android
  • ios