വകതിരിവ് വേണം മനുഷ്യരായാൽ, വീഡിയോ നീക്കം ചെയ്യേണ്ടിവന്നു, വിമാനത്തിൽ ഉറക്കെ പാട്ടുവെച്ച് യുവാക്കൾ

പൊതുവിടങ്ങൾ ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടത്താനുള്ള വേദികൾ അല്ലെന്നും അല്പമെങ്കിലും സാമൂഹ്യബോധം കാണിക്കാനുള്ള വകതിരിവ് ഉണ്ടാകണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

no civic sense Delhi influencers face criticism for playing loud music on a plane

സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തി നേടാനുള്ള ശ്രമത്തിൽ പലപ്പോഴും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ എന്ന പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്ന പ്രവൃത്തികൾ അംഗീകരിക്കുക അത്ര എളുപ്പമല്ല. മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചിട്ടാണെങ്കിലും സാരമില്ല തങ്ങൾക്ക് കണ്ടന്റ് വേണമെന്നുള്ളതാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം.

കഴിഞ്ഞദിവസം ഇത്തരത്തിൽ അസഹനീയമായ ഒരു സംഭവം ഒരു വിമാനയാത്രയ്ക്കിടെ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്ന് സ്വയം പരിചയപ്പെടുത്തിയ യാത്രക്കാരായ രണ്ട് യുവാക്കൾ ബ്ലൂടൂത്ത് സ്പീക്കറിൽ വളരെ ഉറക്കെ പാട്ട് വച്ച് വിമാനയാത്രയ്ക്കിടെ മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു. 

പിന്നീട്, ഈ യുവാക്കൾ തന്നെയാണ് തങ്ങൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. വരുൺ യാദവ്, ആരുഷ് ഭോല എന്നീ രണ്ട് യുവാക്കളാണ് ഇത്തരത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വിമാനത്തിനുള്ളിൽ പെരുമാറിയത്. ഇവർ പങ്കുവെച്ച് വീഡിയോയിൽ മറ്റുള്ള യാത്രക്കാരെ അല്പം പോലും ശ്രദ്ധിക്കാതെ ഇരുവരും ബ്ലൂടൂത്ത് സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വെച്ച് കേൾക്കുന്നത് കാണാം. 

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്. 7.1 ദശലക്ഷത്തിലധികം ആളുകൾ കണ്ട, വീഡിയോ ഓൺലൈനിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കി, നിരവധി ഉപയോക്താക്കൾ അവരുടെ അശ്രദ്ധമായ പെരുമാറ്റത്തെ വിമർശിക്കുകയും അല്പം പോലും പൗരബോധം ഇല്ലാത്തവർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 

പൊതുവിടങ്ങൾ ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടത്താനുള്ള വേദികൾ അല്ലെന്നും അല്പമെങ്കിലും സാമൂഹ്യബോധം കാണിക്കാനുള്ള വകതിരിവ് ഉണ്ടാകണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടതിനെ തുടർന്നാകണം വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios