Asianet News MalayalamAsianet News Malayalam

ചരിത്രത്തിലാദ്യമായി വിനോദസഞ്ചാരികൾ ബഹിരാകാശത്തേക്ക്, യാത്ര ‘ഇൻസ്പിറേഷൻ 4’ -ന്റെ ഭാ​ഗം

അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാനാണ് സംഘത്തെ നയിക്കുന്നത്.

no professional astronauts on board only four tourists in this spaceflight
Author
Cape Canaveral, First Published Sep 16, 2021, 1:32 PM IST

ആദ്യമായി ബഹിരാകാശ വിദഗ്ധരല്ലാത്ത നാല് വിനോദസഞ്ചാരികളെ വഹിച്ച് ഒരു റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് കുതിച്ചു. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.30 ഓടെയാണ് സഞ്ചാരികൾ യാത്രയായത്. രണ്ട് മത്സര വിജയികൾ, ഒരു ആരോഗ്യ പ്രവർത്തകൻ, അവരുടെ സമ്പന്ന സ്പോൺസർ എന്നിവരുമായിട്ടാണ് റോക്കറ്റ് ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. 60 വർഷത്തെ മനുഷ്യ ബഹിരാകാശ യാത്രയിൽ ആദ്യമായിട്ടാണ് സഞ്ചാരികൾ മാത്രമായി ഒരു പേടകം ബഹിരാകാശത്തേയ്ക്ക് കുതിക്കുന്നത്. ഇവരിൽ ആരും ദീർഘകാല ബഹിരാകാശ പരിശീലനം ലഭിച്ച വ്യക്തികളല്ല. ബഹിരാകാശ വിനോദ സഞ്ചാരത്തിന് ആക്കം കൂട്ടാനാണ് ഈ പുതിയ വിക്ഷേപണം ലക്ഷ്യമിടുന്നത്.

സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയായ ‘ഇൻസ്പിറേഷൻ 4’ -ന്റെ ഭാഗമായാണ് ഈ യാത്ര. പേടകം നാസയുടെ കെന്നഡി സ്പേസ് സെൻററിൽ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഫാൽകൺ 9 റോക്കറ്റാണ് ഡ്രാഗൺ ക്യാപ്‌സ്യൂളിൽ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്. ഇതോടെ ബഹിരാകാശ സഞ്ചാരത്തിൽ പുതിയ ചരിത്രം കുറിക്കുകയാണ് ലോകപ്രശസ്ത അമേരിക്കൻ വ്യവസായിയായ എലോൺ മസ്കിന്റെ കമ്പനി സ്പേസ് എക്സ്. ഡ്രാഗൺ കാപ്സ്യൂൾ യാത്രക്കാരെ വഹിച്ച് 575 കിലോമീറ്റർ ഉയരത്തിൽ പോകും. 2009 മേയിൽ ഹബിൾ ദൂരദർശിനി നന്നാക്കാൻ ശാസ്ത്രജ്ഞർ 541 കിലോമീറ്റർ ഉയരത്തിൽ പോയിരുന്നു.

അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാനാണ് സംഘത്തെ നയിക്കുന്നത്. 38 -കാരനായ അദ്ദേഹത്തോടൊപ്പം കുട്ടിക്കാലത്ത് കാൻസറിനെ അതിജീവിച്ച ഹെയ്‌ലി ആഴ്‌സീനക്സ് (29), വാഷിംഗ്ടണിലെ എവററ്റിലെ ഡാറ്റാ എഞ്ചിനീയർ ക്രിസ് സെംബ്രോസ്‌കി (42), അരിസോണയിലെ ഒരു കമ്മ്യൂണിറ്റി കോളേജ് അധ്യാപകൻ സിയാൻ പ്രോക്ടർ (51) എന്നിവരാണ് സംഘത്തിലുള്ളത്. ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരിയാണ് ഹെയ്‌ലി. അതുപോലെ കാലിൽ ഒരു റോഡ് ഘടിപ്പിച്ച ആദ്യ ബഹിരാകാശ യാത്രിക കൂടിയാണ് അവർ. ആറ് മാസത്തിന് മുൻപാണ് യാത്രക്കാരെ തെരഞ്ഞടുത്തത്. അതിനെത്തുടർന്ന് അഞ്ച് മാസത്തേക്ക് മാത്രമാണ് അവർക്ക് പരിശീലനം നൽകുന്നത്.

അമേരിക്കയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിനുള്ള ധനസമാഹരണവും, കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണവുമാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. സംഘം, മൂന്ന് ദിവസം ഭൂമിയ്ക്ക് ചുറ്റും വലം വച്ചതിന് ശേഷം അറ്റ്‌ലാന്റിക്കിൽ ഫ്‌ളോറിഡ തീരത്ത് തിരിച്ചിറങ്ങും. നാല് പേരുടെ യാത്രക്കായി ജേർഡ് ഐസക്മാൻ 200 മില്യൺ ഡോളർ ചിലവാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.


 
 


 

Follow Us:
Download App:
  • android
  • ios