ബുക്കിംഗ് ചെയ്ത ശേഷം പുതിയ ഹൗസ് റൂളുകളോ അധിക ആവശ്യങ്ങളോ കൊണ്ടുവരാൻ ഹോസ്റ്റുകൾക്ക് അനുവാദമില്ല. അതിഥികൾ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ എല്ലാ നിയമങ്ങളും അറിയിക്കണം.

വീടുകൾ വാടകയ്ക്ക് നൽകുന്ന ആഗോള പ്ലാറ്റ്‌ഫോമായ Airbnb -യിൽ പുതിയ നിയമങ്ങൾ. പുതിയ നയപ്രകാരം അതിഥികൾ ചെക്ക്-ഔട്ട് ചെയ്യുമ്പോൾ കിടക്കവിരികൾ മാറ്റുക, മാലിന്യം പുറത്തുകളയുക, പാത്രങ്ങൾ കഴുകുക തുടങ്ങിയ ജോലികൾ ചെയ്യിക്കാൻ ഹോസ്റ്റുകൾക്ക് ഇനി മുതൽ അനുവാദമുണ്ടായിരിക്കില്ല. നവംബർ 20 മുതൽ ഈ പുതിയ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള ബുക്കിംഗുകൾക്ക് ബാധകമാകും. അതിഥികൾ ഇതിനകം തന്നെ ക്ലീനിങ് ഫീസ് നൽകുന്നുണ്ടെങ്കിലും, അതിനുപുറമെ വലിയ തോതിലുള്ള ക്ലീനിങ് ജോലികൾ കൂടി ചെയ്യേണ്ടി വരുന്നു എന്ന വ്യാപക പരാതിയെ തുടർന്നാണ് കമ്പനിയുടെ ഈ സുപ്രധാന തീരുമാനം.

പരിഷ്കരിച്ച നിയമപ്രകാരം ഹോസ്റ്റുകൾക്ക് ഇനി താഴെ പറയുന്ന കാര്യങ്ങൾ അതിഥികളോട് ആവശ്യപ്പെടാൻ കഴിയില്ല.

കിടക്കവിരികൾ മാറ്റുക.

മാലിന്യം പുറത്തു കൊണ്ടുപോയി കളയുക.

പാത്രങ്ങൾ കഴുകി എടുത്തു വെക്കുക.

എങ്കിലും, ഉപയോഗിച്ച പാത്രങ്ങൾ സിങ്കിൽ തന്നെ വെക്കാൻ അതിഥികളോട് ആവശ്യപ്പെടാം. കൂടാതെ, വെള്ളത്തിന് ക്ഷാമമുള്ള പ്രദേശങ്ങളിൽ ഷവർ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തുകയോ, മൃ​ഗങ്ങൾ തട്ടിയിടാതെയും മറ്റും പ്രത്യേക ബിന്നുകളിൽ മാലിന്യങ്ങളിടാൻ പറയുകയോ പോലുള്ള ന്യായമായ അഭ്യർത്ഥനകൾ സാഹചര്യങ്ങൾക്കനുസരിച്ച് ഹോസ്റ്റുകൾക്ക് ഉന്നയിക്കാവുന്നതാണ്.

ബുക്കിംഗ് ചെയ്ത ശേഷം പുതിയ ഹൗസ് റൂളുകളോ അധിക ആവശ്യങ്ങളോ കൊണ്ടുവരാൻ ഹോസ്റ്റുകൾക്ക് അനുവാദമില്ല. അതിഥികൾ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ എല്ലാ നിയമങ്ങളും അറിയിക്കണം. കൂടാതെ, ക്ലീനിങ് ഫീസ് നൽകിയിട്ടും നിശ്ചിത ജോലികൾ ചെയ്തില്ലെന്ന് പറഞ്ഞ് അതിഥികളിൽ നിന്ന് പിഴയോ മറ്റ് അധിക തുകയോ ഈടാക്കാനും പാടില്ല.

ഹൗസ് റൂളുകൾ അതിഥികൾക്ക് വ്യക്തതയോടെ മനസ്സിലാക്കാനായി Airbnb പുതിയ 7 വിഭാഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾ

അനുവദനീയമായ അതിഥികളുടെ എണ്ണം

പുകവലി

വളർത്തുമൃഗങ്ങൾ

ക്വയറ്റ് ഹവേഴ്സ്

വാണിജ്യാവശ്യങ്ങൾക്കുള്ള ഫിലിമിംഗും ഫോട്ടോഗ്രാഫിയും

ഈ നിയമങ്ങൾ പ്രോപ്പർട്ടി ലിസ്റ്റിംഗ് പേജുകളിലും ആപ്പിലെ 'ട്രിപ്സ്' സെക്ഷനിലും റിസർവേഷൻ റിമൈൻഡറുകളിലും പൂർണ്ണമായി കാണാനാകും. അതിഥികൾ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി മനസ്സിലാക്കി നൽകാനും, അതേസമയം ഹോസ്റ്റുകൾക്ക് ന്യായമായ നിബന്ധനകൾ വെക്കാനും ഈ പുതിയ നയം സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.