കഴിഞ്ഞ ദിവസം കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങിൽ നിന്ന് നേരിട്ട് ഒരു ഉത്തരവ് രാജ്യത്തെ നഴ്‌സറി സ്‌കൂളുകളെ തേടിയെത്തി. അത് ഉത്തര കൊറിയയിലെ നഴ്‌സറി സ്‌കൂളുകളിൽ കിം ജോങ് ഉന്നിന്റെ 'മഹത്വം' പഠിപ്പിക്കുന്ന സിലബസിൽ വരുത്തിയ പരിഷ്കരണങ്ങളെക്കുറിച്ചായിരുന്നു ആ പുതിയ സർക്കുലർ. ഓഗസ്റ്റ് 25 -ന് തന്നെ പുറത്തിറങ്ങിയിരുന്ന പ്രസ്തുത സർക്കുലറിനെപ്പറ്റിയുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് ഡെയ്‌ലി എൻകെ എന്ന ന്യൂസ് ഏജൻസി പുറത്തെത്തിച്ചത്. 

'ഗ്രേറ്റ്നെസ് എജുക്കേഷൻ' അഥവാ 'മഹത്വവിദ്യാഭ്യാസം' കാലങ്ങളായി ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടം തങ്ങളുടെ നയത്തിന്റെ ഭാഗമായി പ്രവർത്തികമാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. കാലാകാലങ്ങളിൽ രാജ്യത്തെ നയിക്കുന്ന സുപ്രീം ലീഡർമാരുടെ 'മഹത്വ'ത്തിന്റെ വീരകഥകൾ അവിടെ നഴ്സറി തലം തൊട്ടുതന്നെ കുട്ടികൾക്ക് പഠിപ്പിച്ചു തുടങ്ങും. അത് കുഞ്ഞുന്നാളിൽ തന്നെ അധ്യാപകരിൽ നിന്ന് കേട്ടുവളരുന്ന കുട്ടികളിൽ സുപ്രീം ലീഡറോടുള്ള വിധേയത്വവും കൂറുമെല്ലാം അചഞ്ചലമാകും എന്നതാണ് സങ്കല്പം. മുത്തച്ഛൻ, 'ഗ്രേറ്റ് ലീഡർ' കിം ഇൽ സങ്ങിന്റെയും, അച്ഛൻ 'ഡിയർ ലീഡർ' കിം ജോങ് ഇല്ലിന്റെയും ഒക്കെ വീരഗാഥകൾ കേട്ടുവളർന്നതാണ് പഴയ തലമുറ എങ്കിൽ, ഇപ്പോൾ ഉത്തര കൊറിയയിലെ പ്രീ സ്‌കൂളുകളിലെ കുട്ടികൾക്ക് പഠിക്കാനുള്ളത് മകനും, 'ഗ്രേറ്റ് സക്സസർ' എന്നറിയപ്പെടുന്ന ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോങ് ഉന്നിന്റെ വീരാപദാനങ്ങളാണ് അരമണിക്കൂർ വീതം ദിവസവും പഠിക്കാൻ ഉണ്ടായിരുന്നത്. 

 

 

എന്നാൽ, ജനങ്ങൾക്കിടയിൽ കിം ജോങ് ഉന്നിന്റെ മതിപ്പ് ഒന്നിടിഞ്ഞിട്ടുണ്ടോ എന്ന സംശയം സഹോദരിക്ക് രഹസ്യപൊലീസ് മുഖാന്തരം കിട്ടി. ഉടനടി ഉപദേശക സമിതി യോഗം വിളിച്ചുകൂട്ടിയ അവർ അതിനുള്ള പരിഹാരവും കണ്ടെത്തി. ഇടിഞ്ഞ മതിപ്പ് തിരിച്ചു പിടിക്കാൻ വേണ്ടിയാണ്, തന്റെ സഹോദരന്റെ മഹത്വങ്ങൾ വിവരിക്കുന്ന, നിത്യേനയുള്ള അരമണിക്കൂറിന് പിരീഡ് ഇനി മുതൽ ഒന്നരമണിക്കൂർ ആക്കി വർധിപ്പിക്കണം എന്ന ഉത്തരവ് സഹോദരി കിം യോ ജോങ് പുറത്തിറക്കിയത്. ഇനി മുതൽ അച്ഛന്റെയും മുത്തച്ഛന്റേയും മഹത്വം പഠിക്കാൻ ചെലവിടുന്നതിന്റെ മൂന്നിരട്ടി സമയം കിം ജോങ് ഉന്നിന്റെ മഹത്വം പഠിക്കാൻ ചിലവിടണം. 

ഉത്തരകൊറിയൻ ഗവണ്മെന്റ് തങ്ങളുടെ കിൻഡർ ഗാർട്ടനുകളിലെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത്; ജനിച്ചു വീണ് ഇരുപത്തൊന്നു ദിവസമായപ്പോഴേക്കും എഴുന്നേറ്റു നടന്ന, മൂന്നാം വയസ്സിൽ ഷൂമാക്കറെക്കാൾ വേഗത്തിൽ കാറോടിച്ചിരുന്ന, അഞ്ചാം വയസ്സിൽ തന്നെ പുസ്തകങ്ങൾ വായിച്ചിരുന്ന, തോക്കു കൊണ്ട് ഉന്നം തെറ്റാതെ  വെടിവെക്കാൻ അറിയുമായിരുന്ന, ലക്ഷ്വറി യാട്ടുകൾ വരെ ഓടിക്കാൻ പരിശീലനം സിദ്ധിച്ചിരുന്ന, എന്തിന്, സമയത്തെപ്പോലും പിന്നോട്ട് തിരിച്ചു വെക്കാൻ കഴിവുണ്ടായിരുന്ന കിം ജോങ് ഉൻ എന്ന അത്ഭുത പ്രതിഭയെപ്പറ്റിയാണ്. ഈ പഠിത്തമൊക്കെ കഴിഞ്ഞ് തങ്ങളുടെ കുട്ടികൾക്ക് നാലക്ഷരം പഠിക്കാൻ സമയം തികയുന്നില്ല എന്ന മുറുമുറുപ്പോക്കെ ഉത്തര കൊറിയയിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഉണ്ടെങ്കിലും, അത് തുറന്നു പറയാനും മാത്രം ജനാധിപത്യം രാജ്യത്ത് നിലവിൽ ഇല്ലാത്തതുകൊണ്ടുമാത്രം അവർ ഈ സിലബസിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ നിർബന്ധിതരാവുന്നു സാഹചര്യമാണ് ഉള്ളത്.