Asianet News MalayalamAsianet News Malayalam

ആകെ ജനസംഖ്യ രണ്ട്, എങ്കിലും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കും; കണ്ടുപഠിക്കണം ഈ അപ്പൂപ്പന്മാരെ

കാറിലിയുടെ വീട്ടില്‍ ഒരു കാപ്പി കുടിക്കാനായി ഇരുവരും ഒരുമിച്ചിരിക്കുന്നുണ്ടെങ്കില്‍ തന്നെ രണ്ടു മീറ്റര്‍ നീളമുള്ള ടേബിളിന്‍റെ രണ്ടറ്റത്തായിട്ടാണ് ഇരുവരും ഇരിക്കുന്നത്. ദിവസേന ശുദ്ധജലമെടുക്കുന്നതിനായി ഒരുമിച്ചാണ് ഇരുവരും പോകുന്നത്. ആ സമയത്തും മാസ്‍ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ഇരുവരും ശ്രദ്ധിക്കുന്നുണ്ട്. 

Nortosce an Italian town has only two residents but they follows covid rules
Author
Nortosce, First Published Oct 17, 2020, 12:45 PM IST

രണ്ടേരണ്ടുപേര്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമമാണത്. അവിടുത്തെ ആകെയുള്ള രണ്ട് താമസക്കാരാണ് ജിയോവന്നി കാറിലിയും ജിയാമ്പിയേറോ നോബിലിയും. ഈ രണ്ടുപേര്‍ മാത്രമേ താമസക്കാരായിട്ടുള്ളൂവെങ്കിലും കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇരുവരും തയ്യാറല്ല. അവരെല്ലായ്പ്പോഴും പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുന്നു. ഇരുവരും കണ്ടുമുട്ടുന്നുണ്ടെങ്കില്‍ ഒരു മീറ്റര്‍ അകലം പാലിച്ചേ നില്‍ക്കൂ. അവര്‍ക്കിരുവര്‍ക്കും അവരല്ലാതെ മറ്റ് അയല്‍ക്കാരില്ല. ആ നഗരം വിട്ട് മറ്റൊരു നരത്തിലേക്ക് എന്തിനെങ്കിലും പോകുന്നതും വളരെ വിരളം. എന്നാലും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നാണ് കാറിലിയും നോബിലിയും പറയുന്നത്.

ഉമ്‌ബ്രിയയിലെ പെറുഗിയ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന, നോർട്ടോസ് 900 മീറ്റർ ഉയരത്തിൽ നെറിന താഴ്‌വരയിലെ ഒരു പാറക്കെട്ടിന് മുകളിലായുള്ള നഗരമാണ്. വിനോദസഞ്ചാരികളാല്‍ പ്രസിദ്ധമായ ഇവിടേക്ക് എത്തിച്ചേരുക എന്നത് പക്ഷേ കുറച്ച് പ്രയാസമാണ്. അവിടെയാണ് കാറിലിയുടെയും നോബിലിയുടെയും താമസം. ഇറ്റലിയില്‍ കൊവിഡ് 19 ഏകദേശം 37000 -ത്തോളം ആളുകളുടെ ജീവനെടുത്തിരുന്നു. അപ്പോഴെല്ലാം ഈ വിദൂരനാട്ടില്‍ വൈറസില്‍ നിന്നെല്ലാം രക്ഷപ്പെട്ട് കഴിയുകയായിരുന്നു 82 -കാരനായ കാറിലിയും, 74 -കാരനായ നോബിലിയും. 'വൈറസിനെ ഭയന്ന് ഞാന്‍ മരിക്കാറായിരുന്നു. എനിക്ക് ഞാന്‍ മാത്രമേയുള്ളൂ, അസുഖം വന്നാലെന്നെ ആര് നോക്കും?' കാറിലി സിഎന്‍എന്നിനോട് പറഞ്ഞു. 'എനിക്ക് പ്രായമായി. പക്ഷേ, എന്റെ ആടുകൾ, മുന്തിരിവള്ളികൾ, തേനീച്ചക്കൂടുകൾ, പൂന്തോട്ടങ്ങൾ എന്നിവയെല്ലാം പരിപാലിച്ച് ഇങ്ങനെ കഴിയാന്‍ ഞാൻ ആഗ്രഹിക്കുന്നു. ഞാനെന്‍റെ ജീവിതം ആസ്വദിക്കുന്നു.' എന്നും അദ്ദേഹം പറയുന്നു. 

ഇറ്റലിയില്‍ കൊവിഡിനെ തുടര്‍ന്ന് ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കുക, പൊതുവിടങ്ങളില്‍ അകത്തും പുറത്തും മാസ്‍ക് ധരിക്കുക എന്നതും നിര്‍ബന്ധമാണ്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും പൊലീസ് പിഴയും ഈടാക്കുന്നുണ്ട്. ആരും വരാനില്ലെങ്കിലും പൊലീസിന്‍റെ ചെക്കിംഗൊന്നും ഉണ്ടാവില്ലെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കാന്‍ കാറിലിയും നോബിലിയും തയ്യാറല്ല. അത് നിര്‍ബന്ധമായും നടപ്പിലാക്കേണ്ട കാര്യമാണ് എന്നാണ് ഇരുവരും പറയുന്നത്. 'മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയെല്ലാം അനുസരിക്കുക എന്നത് ആരോഗ്യകാര്യങ്ങളെപ്രതി മാത്രമല്ല. അത് നല്ലതോ ചീത്തയോ ആകട്ടെ. ഒരു നിയമമുണ്ടെങ്കില്‍ നമ്മുടെയോ മറ്റുള്ളവരുടെയോ നന്മയ്ക്കായി അത് പാലിക്കുകതന്നെ വേണം' എന്നാണ് നോബിലി പറയുന്നത്. കാറിലിയുടെ വീട്ടില്‍ ഒരു കാപ്പി കുടിക്കാനായി ഇരുവരും ഒരുമിച്ചിരിക്കുന്നുണ്ടെങ്കില്‍ തന്നെ രണ്ടു മീറ്റര്‍ നീളമുള്ള ടേബിളിന്‍റെ രണ്ടറ്റത്തായിട്ടാണ് ഇരുവരും ഇരിക്കുന്നത്. ദിവസേന ശുദ്ധജലമെടുക്കുന്നതിനായി ഒരുമിച്ചാണ് ഇരുവരും പോകുന്നത്. ആ സമയത്തും മാസ്‍ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ഇരുവരും ശ്രദ്ധിക്കുന്നുണ്ട്. 

ഈ ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും ജോലിക്ക് വേണ്ടി പുറത്തുപോവുകയും പിന്നീട് വിരമിച്ചശേഷം ഗ്രാമത്തിലേക്ക് തന്നെ തിരികെ വരികയും ചെയ്തയാളുമാണ് കാറിലി. നോബിലി, കാറിലിയുടെ അകന്ന ബന്ധുവാണ്. അദ്ദേഹവും തന്‍റെ ജീവിതത്തിന്‍റെ അവസാനഭാഗം ഇവിടെ ചെലവഴിക്കാന്‍ തീരുമാനിച്ചയാളാണ്. അദ്ദേഹം കൈകൊണ്ട് ആഭരണം നിര്‍മ്മിക്കുന്നുണ്ട്. തൊണ്ണൂറുകളില്‍ തുടരെയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് പരിസരത്തെ ആളുകളെല്ലാം റോമിലേക്ക് പോവുകയായിരുന്നു. എന്നാല്‍, കാറിലിയും നോബിലിയും അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചു. ഇരുവരെയും കൂടാതെ അവിടെയുള്ളത് ഒരു നായയും കുറച്ച് ആടുകളും മാത്രമാണ്. കൂടാതെ, ഇടയ്ക്ക് ഇരുവരും പുറത്തുള്ള ബന്ധുക്കളെ കാണാറുണ്ട്. ഇടയ്ക്കിടെ വിനോദസഞ്ചാരികളെത്തുന്ന ഒരു പ്രദേശം കൂടിയാണിത്. 

നേരത്തെ നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമമായിരുന്നു ഇത്. കാറിലിക്ക് തന്‍റെ കുട്ടിക്കാലത്തെ ഗ്രാമം ഓര്‍മ്മയുണ്ട്. എന്നാല്‍, പതിയെപ്പതിയെ ഇവിടെ ആളൊഴിഞ്ഞു. ബാറുകളോ, ഹോട്ടലുകളോ, റെസ്റ്റോറന്‍റുകളോ, മാര്‍ക്കറ്റോ ഒന്നും തന്നെ ഇവിടെയില്ല. അത്യാവശ്യം സാധനങ്ങളെല്ലാം വാങ്ങാന്‍ ഇരുവരും സമീപത്തെ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. 'ഞങ്ങള്‍ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ശുദ്ധമായ വായു, സമാധാനം, നിശബ്ദത, കുന്നുകളില്‍ നിന്നും വരുന്ന ശുദ്ധമായ ജലം അതു മാത്രമേ ഇവിടെയുള്ളൂ.' കാറിലി പറയുന്നു. ഒപ്പം അതാണ് തങ്ങളുടെ രക്ഷയെന്നും എപ്പോഴൊക്കെ നഗരത്തില്‍ ചെല്ലുന്നോ അപ്പോഴൊക്കെ അവിടുത്തെ ശബ്ദവും മറ്റും തന്നെ ബുദ്ധിമുട്ടിലാക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, അവിടുത്തെ മഞ്ഞുകാലവും മറ്റും കഴിഞ്ഞുകൂടുക അല്‍പം പ്രയാസം തന്നെയാണ്. ഇവിടുത്തെ അന്തരീക്ഷം മനോഹരമാണെന്നും എന്നാല്‍ നിങ്ങളതിനോട് ഇണങ്ങേണ്ടതുണ്ട് എന്നും നോബിലി ഓര്‍മ്മിപ്പിക്കുന്നു. 

വന്യമൃഗങ്ങളും ഒരല്‍പം വന്യതയുമൊക്കെയുള്ള ഈ ഗ്രാമം അങ്ങനെ എല്ലാവര്‍ക്കും പറ്റിയതല്ല എന്നാണ് കാറിലിയും ഓര്‍മ്മിപ്പിക്കുന്നത്. ഏതായാലും ഈ കൊവിഡ് കാലത്ത് എല്ലാവരില്‍ നിന്നും ഒഴിഞ്ഞ് എന്നാല്‍, കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചു കഴിയുകയാണ് ഈ അപ്പൂപ്പന്മാര്‍. 

​(കടപ്പാട്: സിഎന്‍എന്‍)
 

Follow Us:
Download App:
  • android
  • ios