സുപ്രീം കോടതിക്കുമുന്നിൽ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച കത്തിന്റെ മലയാള പരിഭാഷ.

ബഹുമാനപ്പെട്ട കോടതിയുടെ വിധിന്യായം ഞാൻ കണ്ടുകഴിഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം, സുപ്രീം കോടതിയെന്ന ഈ പരമാധികാര നീതിപീഠത്തിന്റെ അന്തസ്സ് കാക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവനാണ് ഞാൻ. അത് പക്ഷേ ആർത്തുവിളിച്ചുകൊണ്ട്, വിടുവേല ചെയ്തുകൊണ്ടു ആയിരുന്നില്ല എന്നുമാത്രം. ഈ ന്യായാസനത്തിന്റെ അഭിമാനം നെഞ്ചോട് ചേർത്ത് കാത്തുകൊണ്ടിരുന്ന വിശ്വസ്തനായ ഒരു കാവൽക്കാരനായിരുന്നു ഞാൻ എന്നും. അതേ പരമോന്നത നീതിപീഠത്തെ നിന്ദിച്ചു എന്ന ആരോപണത്തിന്മേൽ കോടതി എന്നെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത് എന്നെ ഏറെ വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. ശിക്ഷ കിട്ടുമോ എന്ന ആശങ്കയാലല്ല എന്റെ മനസ്സ് വേദനിക്കുന്നത്, ഞാൻ ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടല്ലോ എന്നോർക്കുമ്പോഴാണ്. 

നീതി നടപ്പിലാക്കാൻ നിയുക്തമായ കോടതിയുടെ അന്തസ്സിനു കളങ്കം ചാർത്താൻ വേണ്ടി മനഃപൂർവം, നിറഞ്ഞവിദ്വേഷത്തോടെയുള്ള കുത്സിത ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ആക്രമണങ്ങൾക്ക് എന്നെ പ്രേരിപ്പിച്ചേക്കാവുന്ന കാരണങ്ങൾക്ക് ഒരു തെളിവും നൽകാതെയാണ് ഈ ധാരണയിൽ കോടതി എത്തിച്ചേർന്നിരിക്കുന്നത് എന്നത് എന്നെ വല്ലാതെ അലട്ടുന്നു. സ്വമേധയാ കേസെടുക്കാൻ കോടതിയെ പ്രേരിപ്പിച്ച ആ പരാതിയുടെ ഒരു പകർപ്പുപോലും എനിക്ക് തരേണ്ട കാര്യമുണ്ട് എന്ന് കോടതിക്ക് തോന്നാതിരുന്നതും എന്നെ ആകുലപ്പെടുത്തുന്നു. എന്റെ സത്യവാങ്മൂലത്തിൽ ഞാൻ നൽകിയ മറുപടികളെയോ എന്റെ അഭിഭാഷകൻ വിചാരണക്കിടെ മുന്നോട്ടുവെച്ച വാദങ്ങളെയോ കോടതി മുഖവിലക്കെടുത്തില്ല എന്നതും ഏറെ സങ്കടകരമാണ്. 

എന്റെ വിവാദാസ്പദമായ ആ ട്വീറ്റ്, 'ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നായ നീതിന്യായവ്യവസ്ഥയുടെ അസ്ഥിവാരം തോണ്ടുന്നതാണ്' എന്ന നിഗമനത്തിലേക്ക് കോടതി എങ്ങനെയാണ് എത്തിച്ചേർന്നതെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ആ രണ്ടു ട്വീറ്റുകളും എന്റെ പൂർണമായ വിശ്വാസങ്ങളുടെ പുറത്ത് ഞാൻ പ്രകടിപ്പിച്ച രണ്ടഭിപ്രായങ്ങളാണ്. അതിനുള്ള സ്വാതന്ത്ര്യം ഏതൊരു ജനാധിപത്യത്തിലും ഉണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. പൊതുജനങ്ങളുടെ നിരീക്ഷണത്തിനു വിധേയമാകുന്നത് നീതിന്യായവ്യവസ്ഥയുടെ പോലും മാറ്റുകൂട്ടും എന്ന് കരുതുന്നവനാണ് ഞാൻ. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെടാൻ ഏതൊരു സ്ഥാപനവും നിശിത വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടണം എന്നുതന്നെയാണ് ഞാൻ കരുതുന്നത്. ചരിത്രത്തിലെ തന്നെ വല്ലാത്തൊരു ദശാസന്ധിയിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇന്ന്, കീഴ്വഴക്കങ്ങളെക്കാൾ പരിഗണന, ഉന്നതമായ പ്രമാണങ്ങൾക്ക് നൽകേണ്ടതുണ്ട്. വ്യക്തിപരവും, തൊഴില്പരവുമായ സൗമ്യഭാവങ്ങളെക്കു മേലെ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. വർത്തമാനകാലത്തെക്കുറിച്ചുള്ള നമ്മുടെ മുൻഗണനകൾ ഒരിക്കലും ഭാവിയിലേക്കുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് വിഘാതമാകരുത്. സധൈര്യം, നെഞ്ചു നിവർത്തിപ്പിടിച്ചു നിന്ന് അനീതികളെ എതിർക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്. അത് നിറവേറ്റാതിരിക്കുന്നത് കർത്തവ്യലംഘനമാകും,  എന്നെപ്പോലെ ഏറെ നാളത്തെ അനുഭവസമ്പത്തുള്ള ഒരു സുപ്രീം കോടതി അഭിഭാഷകന്റെ ഭാഗത്തു നിന്നാവുമ്പോൾ വിശേഷിച്ചും.

നമ്മുടെ രാഷ്ട്രം എത്തിനിൽക്കുന്ന ഈ ചരിത്ര ദശാസന്ധിയിൽ, ഒരു പൗരനെന്ന നിലക്ക് ഞാൻ ചെയ്യേണ്ട പരമപ്രധാനമായ കർത്തവ്യത്തിന്റെ പ്രകാശനം എന്ന നിലക്കാണ് ഞാൻ ആ രണ്ടു ട്വീറ്റുകളെ നോക്കിക്കാണുന്നത്. ആ രണ്ടു ട്വീറ്റുകളും ഞാൻ പൂർണമായ ബോധ്യത്തോടെ തന്നെ ചെയ്തതാണ്. ഇന്നും എന്റെ പരിപൂർണബോധ്യത്തിന്റെ അംശമായി തുടരുന്ന ആ രണ്ടു പ്രസ്താവനകളും പിൻവലിച്ച് മാപ്പിരക്കുന്നത് , എന്റെ മനസാക്ഷിയോട് ചെയ്യുന്ന വഞ്ചനയാകും എന്ന് ഞാൻ കരുതുന്നു. അത് സത്യസന്ധതയില്ലാത്ത പെരുമാറ്റമാകും, അതി നീചമായ ഒരു പ്രവൃത്തിയാകുമത്. 

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അദ്ദേഹത്തിന്റെ വിചാരണക്കിടെ പറഞ്ഞ ഒരു കാര്യം ഉദ്ധരിച്ചു കൊണ്ട് ഞാൻ നിർത്തുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, "നീതിപീഠത്തിന്റെ കരുണ ഞാൻ ആവശ്യപ്പെടുന്നില്ല. അവിടുന്ന് സൗമനസ്യമുണ്ടാകണം എന്നും ഞാൻ അപേക്ഷിക്കുന്നില്ല.  ഒരു പൗരന്റെ പ്രാഥമിക കർത്തവ്യമെന്നു ഞാൻ കരുതുന്നതും,  കൊടിയകുറ്റമെന്ന് ഈ പരമോന്നത നീതിപീഠം ഇതിനകം വിധിയെഴുതിക്കഴിഞ്ഞതുമായ  ഈ പ്രവൃത്തിയുടെ പേരിൽ ഇന്നാട്ടിലെ നിയമം അനുശാസിക്കുന്ന ഏതൊരു ശിക്ഷയും സസന്തോഷം ഏറ്റുവാങ്ങാൻ ഞാനൊരുക്കമാണ് എന്നുമാത്രം ഇതിനാൽ ബഹുമാനപ്പെട്ട കോടതിയെ അറിയിച്ചുകൊള്ളുന്നു."