എംആർഐ മെഷീനും ബെഡ്ഡിനുമിടയിൽ കുടുങ്ങി നഴ്സ്, ശരീരത്തിൽ കയറിയത് രണ്ട് സ്ക്രൂകൾ
ഒരു രോഗിയെ പരിചരിക്കുകയായിരുന്നു നഴ്സ്. അപ്പോഴാണ് ബെഡ്ഡ് മെഷീനിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത്. രോഗി അതിൽ നിന്നും താഴെ വീണതുകൊണ്ട് രക്ഷപ്പെട്ടു.

ഏത് മേഖലയിലും വലിയ വലിയ യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷയ്ക്ക് തന്നെയാണ് എറ്റവുമധികം പ്രാധാന്യം നൽകേണ്ടത്. രോഗനിർണയത്തിനും ചികിത്സയ്ക്കും വേണ്ടി ആശുപത്രികളിൽ അനേകം യന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അവിടെ അപകടം നടക്കാതിരിക്കണമെങ്കിൽ വളരെ അധികം ശ്രദ്ധയും കരുതലും ആവശ്യമാണ്. അടുത്തിടെ കാലിഫോർണിയയിലെ ഒരു മെഡിക്കൽ സെന്ററിൽ നടന്ന സംഭവം അതുപോലെ സുരക്ഷയുറപ്പിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വെളിപ്പെടുത്തുന്നതാണ്. ഇവിടെ ഒരു നഴ്‌സ് എംആർഐ മെഷീനും ബെഡ്ഡിനുമിടയിൽ കുടുങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഐന സെർവാന്റസ് എന്ന നഴ്‌സിനാണ് എംആർഐ മെഷീനും ബെഡ്ഡിനുമിടയിൽ കുടുങ്ങി ഗുരുതരമായ പരിക്കുകൾ സംഭവിച്ചത്. കാന്തികശക്തി കാരണം ബെഡ്ഡ് മെഷീന് സമീപത്തേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള കെയ്‌സർ പെർമനന്റയുടെ റെഡ്‌വുഡ് സിറ്റി സെന്ററിലാണ് അപകടമുണ്ടായത്. ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അവരുടെ നിലവിളി കേട്ട് മെഡിക്കൽ സ്റ്റാഫ് സഹായിക്കാനായി ഓടിയെത്തുകയായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ യന്ത്രം വലിച്ചെടുക്കുകയും ശരീരത്തിൽ രണ്ട് സ്ക്രൂകൾ കയറുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്യേണ്ടി വന്നു.
ഒരു രോഗിയെ പരിചരിക്കുകയായിരുന്നു നഴ്സ്. അപ്പോഴാണ് ബെഡ്ഡ് മെഷീനിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത്. രോഗി അതിൽ നിന്നും താഴെ വീണതുകൊണ്ട് രക്ഷപ്പെട്ടു. എന്നാൽ, നഴ്സിന് പരിക്കേൽക്കുകയായിരുന്നു. ഞാൻ പിന്നോട്ട് ഓടുകയായിരുന്നു. അങ്ങനെ ഓടിയില്ലായിരുന്നു എങ്കിൽ ബെഡ്ഡിനും മെഷീനും ഇടയിൽ താൻ ഞെരിഞ്ഞമർന്ന് പോയേനെ എന്നാണ് കാലിഫോർണിയ ഡിവിഷൻ ഓഫ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിനോട് അന്വേഷണത്തിനിടെ നഴ്സ് പറഞ്ഞത്.
അപകടം സംഭവിച്ച റെഡ്‍വുഡ് സിറ്റി സെന്റർ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് അന്വേഷണസംഘം പറഞ്ഞു. മുറിയിൽ എംആർഐ ജീവനക്കാർ ഉണ്ടായിരുന്നില്ല, രോഗി ഉൾപ്പെടെ ആരെയും ഇതുവരെ അവിടെ പരിശോധിച്ചിട്ടില്ല, മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു എന്നെല്ലാം അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, സുരക്ഷാ അലാറം ഒരിക്കലും ഓഫാക്കിയിട്ടില്ലെന്നും ജീവനക്കാർക്ക് ശരിയായ പരിശീലനമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പറയുന്നു. ഫെബ്രുവരിയിലാണ് അപകടം നടന്നത് എങ്കിലും ഇപ്പോഴാണ് അന്വേഷണം പൂർത്തിയാകുന്നത്.
“ഇതൊരു അപൂർവ സംഭവമായിരിക്കാം. പക്ഷേ എന്തുകൊണ്ടാണ് ഒരപകടം സംഭവിക്കുന്നതെന്ന് മനസിലാക്കുകയും അത് വീണ്ടും സംഭവിക്കാതിരിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്യുന്നത് വരെ ഞങ്ങൾ തൃപ്തരല്ല” എന്നാണ് കൈസർ പെർമനന്റ് സാൻ മാറ്റിയോയുടെ സീനിയർ വൈസ് പ്രസിഡന്റ് ഷീല ഗിൽസൺ ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
വായിക്കാം: ലോകാരോഗ്യസംഘടനയിൽ ഡോക്ടറെന്നും പറഞ്ഞ് യുവാവ് ഏഴുപേരിൽ നിന്നായി തട്ടിയത് 15 ലക്ഷം രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
youtubevideo