ഒഡിഷയിലെ കട്ടക്കിലുള്ള ജഗത്പൂര്‍ മേഖലയില്‍ ഒരു ചെറുപ്പക്കാരന്‍ ചെയ്തത് ഇതൊന്നുമല്ല. അവന്‍ നേരെ ആനയുടെ അടുത്തേക്കു പോവുകയായിരുന്നു. 

കലിയിളകി നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തിനു മുന്നില്‍ പെട്ടാല്‍, നിങ്ങള്‍ എന്തു ചെയ്യും? ഓടി രക്ഷപ്പെടാന്‍ പറ്റുമെങ്കില്‍ ഓടും. അല്ലെങ്കില്‍ വല്ലയിടത്തും ഒളിച്ചിരിക്കും. അതുമല്ലെങ്കില്‍, ആനക്കൂട്ടത്തിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ശ്രമിക്കും. 

എന്നാല്‍, ഒഡിഷയിലെ കട്ടക്കിലുള്ള ജഗത്പൂര്‍ മേഖലയില്‍ ഒരു ചെറുപ്പക്കാരന്‍ ചെയ്തത് ഇതൊന്നുമല്ല. അവന്‍ നേരെ ആനയുടെ അടുത്തേക്കു പോവുകയായിരുന്നു. എന്തിനാണ് എന്നറിയണ്ടേ? 

സെല്‍ഫി എടുക്കാന്‍! അതെ, കലി തുള്ളുന്ന കാട്ടാനക്കൂട്ടത്തിനൊപ്പം ഒരു സെല്‍ഫി എന്നു പറഞ്ഞാല്‍ ഹീറോയിസമല്ലേ. അങ്ങനെയൊരു പടം സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ എന്താവും പ്രതികരണം! ഒരു പാടു പേര്‍ അവനെ അഭിനന്ദിക്കും. കുറേ പേരൊക്കെ വഴക്കു പറയും. എന്തായാലും അവന്‍ സ്റ്റാറായി മാറും. 

ഇതൊക്കെ തന്നെയായിരിക്കും കാട്ടാനക്കൂട്ടത്തിനു മുന്നില്‍ ചെന്ന് സെല്‍ഫി എടുക്കാന്‍ അവനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പക്ഷേ, ആനക്കൂട്ടം ചെയ്തത് അവന്‍ കരുതിയതു പോലൊന്നുമല്ല. അവയിലൊന്ന് അവനെ ചുഴറ്റിയെറിഞ്ഞു. മൊബൈല്‍ ഫോണ്‍ ഒരു ഭാഗത്തും അവന്‍ മറ്റൊരു ഭാഗത്തുമായി വീണു കാണണം. എന്തായാലും, സെല്‍ഫിക്കു വേണ്ടി മുട്ടിനിന്ന ചെറുപ്പക്കാരന്‍ ഗുരുതരമായ പരിക്കോടെ ഇപ്പോള്‍ ആശുപത്രിയിലാണ്. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സെല്‍ഫി ഭ്രമം മൂത്ത് ആനയുടെ ആക്രമണത്തിന് ഇരയായ ചെറുപ്പക്കാരന്റെ കഥ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. 

തീര്‍ന്നില്ല, ഈ ചെറുപ്പക്കാരനെ മാത്രമല്ല, കാട്ടാനകള്‍ ആക്രമിച്ചത്. ഒരു സ്ത്രീ അടക്കം രണ്ടു വൃദ്ധരെ അവ കൊന്നു. മറ്റൊരാള്‍ക്കും കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കു പറ്റി. 

അതാഗഢ് ഡിവിഷനിലെ കാട്ടില്‍ നിന്നാണ് ആനക്കൂട്ടം അടുത്തുള്ള പട്ടണത്തിലേക്ക് പുലര്‍ച്ചെ ഇറങ്ങിയത്. അവ കണ്ടതെല്ലാം തച്ചു തകര്‍ത്തു. വാഹനങ്ങള്‍ മറിച്ചിട്ടു. കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അതിനു ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് പെണ്ണാനകളെ മയക്കുവെടി വെച്ച് കീഴ്‌പ്പെടുത്തി കാട്ടിലേക്ക് തന്നെ അയച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.