തന്‍റെ അച്ഛന്‍റെ പഴയ ട്രങ്ക് പെട്ടിയില്‍ നിന്നും 1970 -കളിലെ ഒരു 500 -ന്‍റെ നോട്ട് കണ്ടെത്തിയെന്നും ഇന്ന് അതിന് എന്ത് മൂല്യം വരുമെന്നും ചോദിച്ച് കൊണ്ടാണ് യുവാവ് നോട്ടിന്‍റെ ചിത്രം പങ്കുവച്ചത്.
പുതുതായി എന്തെങ്കിലും കണ്ടെത്തിയാല്‍ അത് നാലാളെ അറിയിക്കാതെ ചിലര്‍ക്ക് ഉറക്കം വരില്ല. അങ്ങനെ പരസ്യപ്പെടുത്തുന്നതിന് മുമ്പ് അതിന്‍റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിക്കുക പോലുമില്ലെന്നത് മറ്റൊരു കാര്യം. വളരെ പഴകിയ മടക്കി വച്ച ഇടമെല്ലാം കീറിത്തുടങ്ങിയ ഒരു 500 -ന്‍റെ നോട്ട് റെഡ്ഡിറ്റില്‍ പങ്കുവച്ച് കൊണ്ട് ഒരു യുവാവ്, പഴയ 500-ന്‍റെ നോട്ട് കണ്ടെത്തി എന്ന് എഴുതി. എന്നാല്‍ ഇന്ത്യന്‍ 500 -ന്‍റെ കറന്‍സി അച്ചടി ആരംഭിച്ച വര്‍ഷം വച്ച് പ്രതിരോധിച്ച് സമൂഹ മാധ്യമ ഉപയോക്താക്കളും പിന്നാലെ രംഗത്തെത്തി.
500 -ന്‍റെ നോട്ട് പങ്കുവച്ച് കൊണ്ട് യുവാവ് ഇങ്ങനെ എഴുതി, 'ഒരു പഴയ 500 രൂപ നോട്ട് കണ്ടെത്തി. ഒരുപക്ഷേ, 1970 -കളിൽ നിന്നുള്ളതാണ്. അതിന്‍റെ ഇപ്പോഴത്തെ മൂല്യത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ?' യുവാവ് ചോദിച്ചു. 1970 -കളിലെ ഈ പഴയ 500 -ന്‍റെ ഇന്ത്യൻ ബാങ്ക് നോട്ട് എന്‍റെ അച്ഛന്‍റെ പഴയ ട്രങ്ക് പെട്ടിയിൽ നിന്നും ഞാൻ കണ്ടെത്തി. ഇതിന് കുറച്ച് കേടുപാടുകൾ പറ്റിയിട്ടുണ്ട്. (ഒരു ഭാഗം കാണാനില്ല). കളക്ടർമാർക്ക് ഇതിന് എന്തെങ്കിലും മൂല്യമുണ്ടോ എന്ന് അറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ട്.' യുവാവ് കൂട്ടിച്ചേര്‍ത്തു.
Watch Video:പാലുമായി ബൈക്കില്‍ പോകവെ പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു, പുലിക്കും യാത്രികനും പരിക്ക്; വീഡിയോ വൈറല്‍
Watch Video: മഹാകുംഭമേളയ്ക്ക് പോകാനായെത്തി പക്ഷേ, ട്രെയിനിൽ കയറാനായില്ല; പിന്നാലെ ട്രെയിൻ തകർത്ത് യാത്രക്കാർ, വീഡിയോ
പിന്നാലെ ചിത്രവും കുറിപ്പും വൈറലായി. എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കൾ അത് വെറുതെ അങ്ങ് വിശ്വസിച്ചില്ല. ചിലര്‍ ഇന്ത്യ ആദ്യമായി 500 -ന്‍റെ കറന്‍സി നോട്ട് അച്ചടിച്ച് തുടങ്ങിയത് 1987 -ല്‍ ആര്‍ എന്‍ മൽഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന കാലത്താണെന്നും പിന്നെ എങ്ങനെ അച്ഛന് 1970 -കളിലെ 500 -ന്‍റെ നോട്ട് കിട്ടിയെന്നും ചോദിച്ചു. മറ്റ് ചിലര്‍ യുവാവ് പങ്കുവച്ച നോട്ടില്‍ ഒപ്പിട്ടിരിക്കുന്ന ഗവര്‍ണര്‍ സി രംഗരാജനാണെന്നും അദ്ദേഹം 1992 ഡിസംബർ മുതൽ 1997 നവംബര്‍ 21 വരെയാണ് ഗവര്‍ണറായി ഇരുന്നതെന്നും പിന്നെങ്ങനെ നോട്ട് മാത്രം 1970 -കളില്‍ നിന്നും വന്നെന്ന് ചോദിച്ചു. മറ്റ് ചിലർ ടൈംട്രാവല്‍ നോട്ടാണോയെന്നാണ് യുവാവിനോട് ചോദിച്ചത്.
