ഇരുകണ്ണിലും ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കവെ, 22 ദിവസമായി കാണാതായ ഭാര്യയെ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ് ഭര്‍ത്താവ്
22 ദിവസം ഭാര്യയെ അന്വേഷിച്ച് അദ്ദേഹം ചെല്ലാത്ത ഇടമില്ല. പക്ഷേ, കണ്ടെത്താന്‍ കഴിഞ്ഞില്ല. അലച്ചിലിനിടെ അദ്ദേഹത്തിന്‍റെ തിമിര രോഗം രൂക്ഷമായി. ഒടുവില്‍ ആശുപത്രിയില്‍ ഇരുകണ്ണിലും ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കവെ. അടുത്ത വാര്‍ഡില്‍ നിന്നും പരിചിതമായ ഒരു ശബ്ദം.

ഉത്തർപ്രദേശിലെ ഉന്നാവോയിലെ ഒരു ആശുപത്രി കഴിഞ്ഞ ദിവസം ഹൃദയസ്പർശിയായ ഒരു നിമിഷത്തിന് സാക്ഷിയായി. കാണാതായ തന്‍റെ ഭാര്യയെ ഒരു മാസത്തോളം തേടിയലഞ്ഞിട്ടും കണ്ടെത്താനാകാതെ വന്ന ഭർത്താവ് ഒടുവിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ അപ്രതീക്ഷിതമായി അവിടെ കണ്ടെത്തി. കഴിഞ്ഞ 22 ദിവസമായി കാണാതായ തന്‍റെ ഭാര്യയെ അന്വേഷിച്ചു നടക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തിന് ഭാര്യയെ കണ്ടെത്താനായില്ല. ഭാര്യയെ തെരഞ്ഞുള്ള അലച്ചിലിനൊടുവിൽ അദ്ദേഹത്തിന്‍റെ കണ്ണുകളുടെ തിമിരരോഗം വഷളായി. കാഴ്ച തീർത്തും മങ്ങി. അതോടെയാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്കായി ഉന്നാവോ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ വച്ച് ഭാര്യയുടേതിന് സമാനമായ ഒരു പരിചിതമായ ശബ്ദം അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ കാണാതായ തന്‍റെ ഭാര്യ അതേ ആശുപത്രിയിലെ മറ്റൊരു വാർഡിൽ ചികിത്സയിലുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുകണ്ണുകളും മൂടികെട്ടിയ നിലയിൽ ആയിരുന്നിട്ടും ശബ്ദത്തിലൂടെ തന്‍റെ ഭാര്യയെ തിരിച്ചറിയുകയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായ ആ കൂടിച്ചേരൽ ഇരുവരെയും സന്തോഷഭരിതരാക്കിയെന്ന് മാത്രമല്ല, ആശുപത്രി ജീവനക്കാരെയും അത്ഭുതപ്പെടുത്തി.
Read More: ഏറ്റവും കുടുതല്‍ സ്ത്രീകൾ മദ്യപിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം; ചില കണക്കുകൾ അറിയാം
ഇവരുടെ സ്വകാര്യതയെ മാനിച്ച് പേര് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടില്ല. എങ്കിലും ഉന്നാവോ ജില്ലാ ആശുപത്രിയിൽ നടന്ന ഈ സംഭവം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഭാര്യയെ എങ്ങനെയാണ് കാണാതായത് എന്നത് വ്യക്തമല്ല. ഏതായാലും ആശുപത്രിയിൽ നിന്നും ഇരുവരെയും ഒരുമിച്ച് വീട്ടിലേക്ക് യാത്രയാക്കാനായതിന്‍റെ സന്തോഷത്തിലായിരുന്നു ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും. പ്രണയദിനത്തിൽ പുറത്തുവന്ന ഈ സംഭവം സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധ നേടിയതോടെ യഥാർത്ഥ സ്നേഹം ഒരിക്കലും നഷ്ടപ്പെട്ടു പോവുകയില്ലെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
