വളരെ പ്രശസ്തമായ പല മൃഗങ്ങളുടേയും വാസ സ്ഥലമായിരുന്നു ബ്രിസ്റ്റോൾ മൃഗശാല. ഒരുപാട് ഓർമ്മകളും ചരിത്രവും ഒക്കെയുള്ള മൃഗശാലയാണ് അടച്ചു പൂട്ടലിന് ഒരുങ്ങുന്നത്. സപ്തംബറിൽ പൂട്ടുന്നതിന് മുമ്പായി ചില പരിപാടികളൊക്കെ ഉണ്ടാവും എന്ന് പറയുന്നു
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിൽ ഒന്നാണ് ബ്രിസ്റ്റോൾ സുവോളജിക്കൽ ഗാർഡൻസ്. 186 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ മൃഗശാല ഇപ്പോൾ അടച്ചു പൂട്ടുകയാണ്. 1836 -ലാണ് ബ്രിസ്റ്റോൾ മൃഗശാല പൊതുജനങ്ങൾക്കായി അതിന്റെ കവാടങ്ങൾ ആദ്യമായി തുറന്നത്. 12 ഏക്കറിലധികം വിസ്തൃതിയുള്ള ഇത് ഒരുകാലത്ത് 7,000 -ത്തിലധികം മൃഗങ്ങളുടെയും 420 ഇനം ജീവികളുടേയും ആവാസ കേന്ദ്രമായിരുന്നു.
തുറന്ന നാൾ മുതൽ ഇങ്ങോട്ട്, ഏകദേശം 90 ദശലക്ഷം സന്ദർശകർ ഇവിടം സന്ദർശിച്ച് കഴിഞ്ഞു. അതുപോലെ തന്നെ അതിന്റെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 175 ജീവി വർഗങ്ങളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്തു.
എന്നാൽ, ലോകത്തെയാകെ കൊവിഡ് മഹാമാരി പിടിച്ച് കുലുക്കിയതോടെ മൃഗശാലയുടെ കാര്യത്തിലും വളരെ പെട്ടെന്ന് മാറ്റങ്ങളുണ്ടായി. ലോക്ക് ഡൗണും സാമൂഹിക അകലവും പാലിക്കേണ്ടി വന്നതോടെ ആളുകൾ മൃഗശാല സന്ദർശിക്കുന്നത് കുറഞ്ഞു. അതോടെ സാമ്പത്തികമായി അത് മൃഗശാലയെ ബാധിച്ചു.
മൃഗശാലയുടെ ഉടമസ്ഥതയിലുള്ളതും മൃഗശാല പ്രവർത്തിപ്പിക്കുന്നതുമായ ചാരിറ്റിയായ ബ്രിസ്റ്റോൾ സുവോളജിക്കൽ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ ആറ് വർഷങ്ങളിൽ നാല് വർഷങ്ങളിലും മൃഗശാല കനത്ത സാമ്പത്തിക നഷ്ടം നേരിട്ടു. യുകെ -യിൽ രണ്ടാമത്തെ നാഷണൽ ലോക്ക് ഡൗൺ വന്നതാണ് ഏറ്റവുമധികം മൃഗശാലയെ ബാധിച്ചത്. മൃഗശാലയുടെ വരുമാനം നന്നേ താഴ്ന്നു. അതോടെയാണ് അടച്ചു പൂട്ടലിനെ കുറിച്ച് അതിന്റെ അധികൃതർ ആലോചിച്ച് തുടങ്ങുന്നത്.
വളരെ പ്രശസ്തമായ പല മൃഗങ്ങളുടേയും വാസ സ്ഥലമായിരുന്നു ബ്രിസ്റ്റോൾ മൃഗശാല. ഒരുപാട് ഓർമ്മകളും ചരിത്രവും ഒക്കെയുള്ള മൃഗശാലയാണ് അടച്ചു പൂട്ടലിന് ഒരുങ്ങുന്നത്. സപ്തംബറിൽ പൂട്ടുന്നതിന് മുമ്പായി ചില പരിപാടികളൊക്കെ ഉണ്ടാവും എന്ന് പറയുന്നു.
മൃഗശാലയിലെ സ്ഥിരം സന്ദർശകരുടെ ഒരു കൂടിച്ചേരലും ഇതിന്റെ ഭാഗമായി പദ്ധതിയിടുന്നുണ്ട്. ബ്രിസ്റ്റോൾ സുവോളജിക്കൽ സൊസൈറ്റി വിൽപ്പനയിൽ നിന്നുള്ള പണം സൗത്ത് ഗ്ലൗസെസ്റ്റർഷെയറിൽ സ്ഥിതി ചെയ്യുന്ന വൈൽഡ് പ്ലേസ് പ്രൊജക്റ്റ് സൈറ്റിൽ ഒരു പുതിയ സ്ഥലം ഒരുക്കാൻ ഉപയോഗിക്കും. 2024 -ഓടെ പുതിയ സ്ഥലം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വാസസ്ഥലം ഒരുങ്ങുന്നത് വരെ ഗൊറില്ല അടക്കമുള്ള മൃഗങ്ങൾ പഴയ സ്ഥലത്ത് തന്നെ തുടരും.
