ലോകത്തിൽ ഇനി ഒരേയൊരു വെള്ള ജിറാഫ് മാത്രമാണ് അവശേഷിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. വടക്കു കിഴക്കൻ കെനിയയിലുള്ള അതിനെ വേട്ടക്കാരിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നതിനായി ഇപ്പോൾ ജിപിഎസ് ട്രാക്കിം​ഗ് ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇതുവഴി ഈ ആൺ ജിറാഫിന്റെ നീക്കങ്ങൾ അറിയുന്നതിന് റേഞ്ചർമാർക്ക് കഴിയും. ലൂസിസം എന്ന അവസ്ഥയാണ് ജിറാഫിന്റെ വെള്ളനിറത്തിന് കാരണം. 

മാർച്ചിൽ വേട്ടക്കാർ ഈ ജിറാഫിനൊപ്പമുണ്ടായിരുന്ന അമ്മജിറാഫിനെയും കുട്ടിയേയും കൊലപ്പെടുത്തിയിരുന്നു. കെനിയയുടെ വടക്കുകിഴക്കൻ ഗാരിസ കൗണ്ടിയിലെ ഒരു സംരക്ഷണ പ്രദേശത്താണ് ഇവയുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ശേഷിക്കുന്ന അവസാനത്തെ വെള്ള ജിറാഫായി ഇത് മാറുകയായിരുന്നു. ഏഴ് മാസം പ്രായമുണ്ടായിരുന്ന കുട്ടി ജിറാഫിന്റെയും അമ്മയുടേയും അതേ അവസ്ഥ തന്നെ ഇതിനും വരാമെന്ന ആശങ്കയാണ് ജിപിഎസ് ഘടിപ്പിക്കുന്നതിന് സംരക്ഷകരെ പ്രേരിപ്പിച്ചത്. 

നവംബർ എട്ടിന് ജിറാഫിന്റെ കൊമ്പുകളിലൊന്നിലേക്ക് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രദേശത്തെ വന്യജീവിസംരക്ഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഇഷാക്ബിനി ഹിരോല കമ്മ്യൂണിറ്റി കൺസർവൻസി പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ട്രാക്കിംഗ് ഉപകരണം ജിറാഫ് സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് ഓരോ മണിക്കൂറിലും അപ്‌ഡേറ്റുകൾ നൽകുമെന്നും റേഞ്ചർമാർക്ക് അതുവഴി ഈ വെള്ള ജിറാഫിനെ വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാനാകുമെന്നും അവർ വ്യക്തമാക്കി. 

ജിറാഫിനെയും മറ്റ് വന്യജീവികളെയും സംരക്ഷിക്കുന്നതിൽ സഹായിച്ചതിന് സംഘത്തിന്റെ മാനേജർ മുഹമ്മദ് അഹമ്മദ്‌നൂർ കൺസർവൻസിയെ നന്ദി അറിയിച്ചു. അടുത്തിടെ നല്ല മഴ ലഭിച്ചതിനാൽ പ്രദേശത്ത് സസ്യങ്ങൾ വളർന്നത് ജിറാഫിന് തീറ്റതേടുന്നതിലും മറ്റും സഹായിക്കുമെന്നും അത് ജിറാഫിനെ ആരോ​ഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുമെന്നും മാനേജർ പറഞ്ഞു. അയൽരാജ്യമായ ടാൻസാനിയയിൽ കണ്ടതിന് ഏകദേശം രണ്ട് മാസത്തിന് ശേഷം 2016 മാർച്ചിലാണ് കെനിയയിൽ ആദ്യമായി വെള്ള ജിറാഫുകളെ കണ്ടെത്തിയത്. ഒരു വർഷത്തിനുശേഷം ​ഗാരിസ കൗണ്ടിയിലെ ക്യാമറയിൽ പെൺജിറാഫിനെയും കുട്ടിയെയും കണ്ടതും വാർത്തയായിരുന്നു. 

മാംസം, ശരീരഭാഗങ്ങൾ എന്നിവയ്ക്കായി വേട്ടക്കാർ ജിറാഫുകളെ വേട്ടയാടുന്നത് പതിവാണ്. ജിറാഫുകളുടെ എണ്ണത്തിൽ കഴിഞ്ഞ 30 വർഷത്തിനിടെ 40%  അപ്രത്യക്ഷമായിട്ടുണ്ട്. വേട്ടയും വന്യജീവി കടത്തും ഇവയുടെ എണ്ണം കുറയുന്നതിന് കാരണമായതായി ആഫ്രിക്ക വൈൽഡ്‌ലൈഫ് ഫൗണ്ടേഷൻ (AWF) അഭിപ്രായപ്പെടുന്നു. ആഗോളതലത്തിൽ 68,293 ജിറാഫുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.