2001 സെപ്റ്റംബർ പതിനൊന്നാം തീയതി ലോകത്തെ ഞെട്ടിച്ച വേൾഡ് ട്രേഡ് സെന്റർ അക്രമണത്തിന്റെയും അതോടനുബന്ധിച്ച് നടന്ന മറ്റു വിമാനം ഹൈജാക്ക് ചെയ്തുള്ള മറ്റ് ആക്രമണങ്ങളുടെയും പേരിൽ അമേരിക്കൻ കോടതിയിൽ വിചാരണ നേരിട്ട ഒരേയൊരു പ്രതിയാണ് സക്കറിയാസ് മൗസൗവി. ഇയാളെ വിചാരണക്കോടതി 2006 -ൽ വധശിക്ഷയിൽ നിന്നൊഴിവാക്കി കൊളറാഡോയിലെ ഫെഡറൽ ജയിലിലേക്ക് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാൻ പറഞ്ഞു വിട്ടിരുന്നു. കഴിഞ്ഞ പതിനാലു വർഷമായി തടവിൽ കിടക്കുന്ന ഇയാളാണ് കഴിഞ്ഞ ദിവസം കോടതിക്കയച്ച ഒരു കത്തിലൂടെ താൻ തീവ്രവാദത്തിന്റെ പാത വെടിയുകയാണ് എന്നറിയിച്ചത്. ഇനി അൽ ക്വയിദയുമായോ ഇസ്‌ലാമിക് സ്റ്റേറ്റുമായോ ഒന്നും തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും അയാൾ പ്രഖ്യാപിച്ചിരിക്കയാണ്.

 

 

2001 ഓഗസ്റ്റ് മാസത്തിൽ തന്നെ എഫ്ബിഐയുടെ പിടിയിൽ അകപ്പെട്ടിരുന്ന സക്കറിയാസ് അന്ന് സത്യം വെളിപ്പെടുത്തിയിരുന്നു എങ്കിൽ 9/11 ആക്രമണങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും ഒഴിവാക്കാനാകുമായിരുന്നു എന്നാണ് പ്രോസിക്യൂട്ടർമാർ വാദിച്ചത്. സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു ഹർജിയുടെ മൗസൗവി കോടതിയെ അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ്," ഞാൻ ഈ നിമിഷം, ഒസാമാ ബിൻ ലാദനെ സിഐഎയുടെയും സൗദിയുടെയും കയ്യിലെ കളിപ്പാവയും, അവർക്ക് ഉപകാരപ്പെട്ടിരുന്ന ഒരു കോമാളിയുമായി കണ്ട് തള്ളിപ്പറയുകയാണ്. ഭീകരവാദത്തിലും, അമേരിക്കൻ ഐക്യനാടുകൾക്കെതിരായ ഏതൊരു തരത്തിലുള്ള തീവ്രവാദനയങ്ങളിലും ഇനിമേൽ എനിക്ക് ഒരു താത്പര്യവും ഉണ്ടായിരിക്കുന്നതല്ല. " വ്യാജ ജിഹാദികളിൽ നിന്നുണ്ടാകുന്ന വഞ്ചനയും പ്രലോഭനങ്ങളും തിരിച്ചറിയണം എന്ന് മൗസൗവി അമേരിക്കയിലെ യുവമുസ്ലിംകളോട് അധ്വാനം ചെയ്തു. 

ഇത് 2006 -ൽ വിചാരണ നേരിട്ട സമയത്തെ മൗസൗവിയുടെ നയങ്ങൾക്ക് വിരുദ്ധമാണ്. അന്ന് വധശിക്ഷ ഇളവാക്കി ജീവപര്യന്തം തടവുശിക്ഷ മാത്രമാക്കിയപ്പോൾ ജൂറിക്കുനേരെ തള്ളവിരൽ കൊണ്ട് വിജയചിഹ്നം കാണിക്കുകയും, ഇരകളുടെ പ്രതിനിധികളെ പരിഹസിക്കുകയും ഒക്കെ ചെയ്തയാളാണ് മൗസൗവി. അന്തിമശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ അന്ന് കോടതിയിൽ മൗസൗവി പറഞ്ഞത് 'ഗോഡ് സേവ് ഒസാമ ബിൻ ലാദൻ' എന്നായിരുന്നു.  പിന്നെയും അഞ്ചു വർഷം കഴിഞ്ഞ് 2011 -ലാണ് അമേരിക്കൻ കമാൻഡോകൾ അബോട്ടാബാദിൽ ആക്രമണം നടത്തി ഒസാമയെ വധിക്കുന്നത്. 

 

 

ജീവപര്യന്തം ശിക്ഷയിലെ ചില വ്യവസ്ഥകൾ ഇളവ് ചെയ്തു നൽകണം എന്നാവശ്യപ്പെട്ടായിരുന്നു മൗസൗവിയുടെ ഹർജി. വിചാരണ തുടങ്ങിയ അന്നുതൊട്ടേ ജൂറിക്ക് നിരന്തരം കത്തുകൾ അയക്കുന്ന കാര്യത്തിൽ കുപ്രസിദ്ധനായിരുന്നു മൗസൗവി. സ്വന്തം കേസും ഇതുവരെ അയാൾ തനിച്ചാണ് വാദിച്ചുകൊണ്ടിരുന്നത്. 

ജയിലിൽ കഴിച്ചു കൂട്ടിയ പതിനാലുവർഷം ഏതൊരു കുറ്റവാളിക്കും ആത്മപരിശോധന നടത്താനും ചെയ്തുപോയ കുറ്റങ്ങളുടെ പേരിൽ പശ്ചാത്തപിക്കാനും ഒക്കെ ധാരാളമാണ് എന്ന് മൗസൗവിയെപ്പറ്റി പുസ്തകം എഴുതിയ കാതറിൻ ഡോണാഹയൂ പറഞ്ഞു. എന്നാൽ, താൻ മൗസൗവി പറഞ്ഞത് വിശ്വസിക്കുന്നില്ല എന്നാണ് ആക്രമണത്തിൽ ഭർത്താവിനെ നഷ്‌ടമായ ടെറി സ്ട്രാഡ എന്ന യുവതി ഗാർഡിയനോട് പറഞ്ഞത്. ശിക്ഷയിലെ നിബന്ധനകളിൽ ഇളവുതേടിക്കൊണ്ടുള്ള മൗസൗവിയുടെ അപേക്ഷ എന്തായാലും തല്ക്കാലം തള്ളിയിരിക്കുകയാണ് ജൂറി. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കോടതിയെ അറിയിക്കുന്നതുകൊണ്ട് യാതൊരു ഗുണവും പ്രതിക്കുണ്ടാകാൻ പോകുന്നില്ല എന്ന മറുപടിയാണ് അമേരിക്കൻ ജില്ലാ ജഡ്ജി ലിയോണി ബ്രിങ്കെമ നൽകിയത്.